
പാറശാല: പാറശാലയിലെ ജനങ്ങളുടെ ഏറെനാളത്തെ കാത്തിരിപ്പിനൊടുവിലാണ് കുടിവെള്ള വിതരണ പദ്ധതികൾ ആവിഷ്കരിച്ചത്. എന്നാൽ ഈ കുടിവെള്ള പദ്ധതിയുടെ അടിക്കടിയുള്ള പണിമുടക്കിന് ശാശ്വതപരിഹാരം കാണാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഏറെ ബുദ്ധിമുട്ടുന്നത് ഇവിടത്തെ ജനങ്ങളാണ്. കുടിവെള്ള വിതരണം പണിമുടക്കുമ്പോൾ ജനങ്ങൾ ആശ്രയിക്കാറുള്ളത് കിണറുകളെയും നീരുറവകളെയുമാണ്. എന്നാൽ വേനൽച്ചൂടിൽ ജനങ്ങൾ കുടിവെള്ളത്തിനായി പരക്കം പായുമ്പോൾ ലക്ഷങ്ങൾ ചെലവാക്കി നിർമ്മിച്ചിട്ടുള്ള സർക്കാർ വക പൊതു കിണറുകളും കുടിവെളള പദ്ധതികളും നാട്ടുകാർക്ക് ഉപകരിക്കാതെ നോക്കുകുത്തികളായി തുടരുകയാണ്. കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ പദ്ധതികളിൽ ഉൾപ്പെടുത്തി സ്ഥാപിച്ചിട്ടുള്ളവയാണ് മിക്കവയും.. എന്നാൽ ഇവയുടെ സംരക്ഷണവും പരിപാലനവും പഞ്ചായത്തുകളുടേതായി മാറുന്നതോടെ മിക്കതിന്റെയും പ്രവർത്തനം നിലയ്ക്കും. കൃത്യമായി പരിപാലിക്കാത്തതും കാലാകാലങ്ങളിൽ കിണറുകൾ ശുദ്ധീകരിക്കാത്തതും കിണറുകളിലും മറ്റ് കുടിവെള്ള പദ്ധതികളിലും സ്ഥാപിച്ചിട്ടുള്ള മോട്ടോറുകൾ കേടായത് നാന്നാക്കാത്തതെയും കുടിവെള്ള പദ്ധതി ആർക്കും ഉപയോഗപ്പെടാതെ പോകും.
കിണർ ശുദ്ധീകരിച്ചിട്ട് .................. 10 വർഷം
പഞ്ചായത്തിലെ 20 വാർഡുകളിലായി കിണറുകളും കുടിവെള്ള പദ്ധതികളും രേഖകളിൽ നൂറിലേറെയുണ്ടെങ്കിലും ഇതിൽ വെറും പത്ത് ശതമാനത്തോളമേ നാട്ടുകാർക്ക് ഉപകാരപ്പെടുന്നുള്ളു. നിലവിൽ പല കിണറുകളും ഉപയോഗശൂന്യമായി. ഇവ മാലിന്യ സംഭരണികളോ കൊതുക് വളർത്തൽ കേന്ദ്രങ്ങളോ ആണ്. പാറശാല പഞ്ചായത്തിലെ മേലെക്കോണം വാർഡിൽപെട്ട ഇടിച്ചക്കപ്ലാമൂട് ജംഗ്‌ഷനിലെ കിണറിൽ നിന്നും മുൻപ് നാട്ടുകാർ കുടിവെള്ളം ശേഖരിച്ചിരുന്നെങ്കിലും ഇപ്പോൾ പ്രദേശത്തെ ചവർ സംഭരണിയായി മാറിയിരിക്കുകയാണ്.. കാരളി ജംഗ്ഷനിൽ സ്ഥാപിച്ചിട്ടുള്ള കിണറ്റിൽ നിന്നാണ് നാട്ടുകാർ 24 മണിക്കൂറും കുടിവെള്ളം ശേഖരിച്ചിരുന്നത്. പുതിയ പദ്ധതികളുടെ ഭാഗമായി മറ്റൊരു കിണർ കൂടി സ്ഥാപിച്ചതോടെ രണ്ടും ഉപയോഗശൂന്യമായി.അയ്‌ങ്കാമം, കരുമാനൂർ, മേലെക്കോണം,ഇഞ്ചിവിള, നെടിയാംകോട് തുടങ്ങിയ വാർഡുകളിലെ കിണറുകളും മറ്റ് പല കുടിവെള്ള പദ്ധതികളും സംരക്ഷിക്കപ്പെടാതെ ഉപയോഗശൂന്യമായി തുടരുകയാണ്.