
തിരുവനന്തപുരം:പറഞ്ഞ വാക്ക് പാലിച്ച് നേമത്തെ വെല്ലുവിളി ഏറ്റെടുക്കാൻ ചങ്കൂറ്റമുള്ള നേതാവിനെത്തന്നെ കോൺഗ്രസ് നേതൃത്വം അവതരിപ്പിച്ചതോടെ തലസ്ഥാന ജില്ലയിലെ പോരാട്ടചിത്രം വ്യക്തമായി. കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ.മുരളീധരന്റെ വരവോടെ നേമം മാത്രമല്ല,തലസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളിലും മത്സരത്തിന് വീറേറും. കോൺഗ്രസ് നേമം സീറ്റ് ഘടകകക്ഷിക്ക് കൊടുത്ത രണ്ടു തവണത്തെ തിരഞ്ഞെടുപ്പിലും നേമത്തെ മത്സരം എൽ.ഡി.എഫ്- എൻ.ഡി.എ പോരാട്ടമായി മാറുകയായിരുന്നു.
അപ്രാപ്യമെന്നു കരുതിയ രാഷ്ട്രീയക്കോട്ടകൾ പിടിച്ചെടുക്കാൻ കോൺഗ്രസിനു മുന്നിൽ മുരളീധരനല്ലാതെ മറ്റൊരും ഇല്ലാതായി. അതുകൊണ്ടാണ് നിലവിൽ എം.പിയായ അദ്ദേഹത്തിനെ മത്സരിപ്പിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വടകരയും അതിനു മുമ്പ് നിയമസഭയിൽ വട്ടിയൂർക്കാവും പിടിച്ചെടുത്ത് സൂപ്പർ ഹീറോ പരിവേഷം നേടിയെടുത്ത വ്യക്തിയാണ് കെ.മുരളീധരൻ.
സി.പി.എമ്മിന്റെ വി.ശിവൻകുട്ടിയും ബി.ജെ.പിയുടെ കുമ്മനം രാജശേഖരനുമാണ് മറ്റ് സ്ഥാനാർത്ഥികൾ. 2016ൽ വട്ടിയൂർക്കാവിൽ കുമ്മനത്തിന്റെ വിജയം തട്ടിത്തെറിപ്പിച്ചത് കെ.മുരളീധരനായിരുന്നു. ബി.ജെ.പിയെ മുഖ്യ എതിരാളിയായി കണ്ടാണ് നേമത്ത് എൽ.ഡി.എഫ് വി.ശിവൻകുട്ടിയെ നേരത്തെ രംഗത്തിറക്കിയത്.മുരളീധരനെ കൂടി നേരിടേണ്ടി വന്നതോടെ വരുംദിവസങ്ങളിൽ പ്രചാരണത്തിൽ എൽ.ഡി.എഫ് മാറ്റം വരുത്തും.
സസ്പെൻസ് ഇനി കഴക്കൂട്ടത്ത്
നേമത്തിന്റെ സസ്പെൻസ് കോൺഗ്രസ് അവസാനിപ്പിച്ചപ്പോൾ കഴക്കൂട്ടത്ത് സസ്പെസൊരുക്കിയിരിക്കുകയാണ് ബി.ജെ.പി. കഴിഞ്ഞ തവണ ബി.ജെ.പി രണ്ടാം സ്ഥാനത്ത് എത്തിയ കഴക്കൂട്ടത്ത് ആര് മത്സരിക്കുമെന്ന് ഇന്നലെ ബി.ജെ.പി പ്രഖ്യാപിച്ചില്ല. കഴക്കൂട്ടത്ത് കേന്ദ്രമന്ത്രി വി.മുരളീധരനെ പരിഗണിച്ചിരുന്നുവെങ്കിലും പിന്നീട് അദ്ദേഹം മത്സരിക്കേണ്ടതില്ലെന്ന തീരുമാനമാണ് കേന്ദ്രനേതൃത്വം എടുത്തത്. അതിന് പിന്നാലെയാണ് ശോഭസുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന ആവശ്യം കേന്ദ്ര നേതൃത്വം ഉന്നയിച്ചത്.കഴക്കൂട്ടമാണെങ്കിൽ മത്സരിക്കാമെന്നാണ് ശോഭാ സുരേന്ദ്രൻ അറിയിച്ചിരിക്കുന്നത്. കഴക്കൂട്ടത്ത് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകൾകൂടി സമാഹരിക്കാൻ കഴിയുന്ന സ്ഥാനാർത്ഥി വേണമെന്ന ചിന്തയിലാണ് കോൺഗ്രസ് വിട്ടെത്തുന്ന നേതാവിന് സീറ്റ് നൽകാൻ ബി.ജെ.പി ശ്രമിക്കുന്നതെന്നും വാർത്തകൾ പ്രചരിച്ചിരുന്നു.
കോൺഗ്രസ് നേതാവായ ശരത് ചന്ദ്രപ്രസാദിനെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നതെന്ന അഭ്യൂഹങ്ങൾ വന്നതോടെ ശരത്ചന്ദ്രപ്രസാദ് തന്നെ പാർട്ടി വിടുമെന്ന പ്രചാരണങ്ങൾ തള്ളി.
ബി.ജെ.പിയിലെത്തിക്കാൻ നീക്കങ്ങൾ നടന്നുവെന്നും എന്നാൽ താൻ നിരസിച്ചുവെന്നും മുൻ എം.എൽ.എ എം.എ. വാഹീദും മാദ്ധ്യമങ്ങളോട് പറഞ്ഞു.
യു.ഡി.എഫ് സ്ഥാനാർത്ഥിയായി ഡോ: എസ്.എസ്. ലാലിന്റെ പേര് ഇന്നലെ പ്രഖ്യാപിച്ചതോടെ കഴക്കൂട്ടം തിരിച്ചുപിടിക്കാനാകുമെന്ന വിശ്വാസത്തിലാണ് കോൺഗ്രസ് പ്രവർത്തകർ.
താരശോഭ പകർന്ന് കൃഷ്ണകുമാർ
കഴിഞ്ഞ തവണ ഇന്ത്യൻ ക്രിക്കറ്ര് താരം ശ്രീശാന്ത് മത്സരിക്കാനെത്തിയതോടെ ദേശീയ ശ്രദ്ധ നേടിയ തിരുവനന്തപുരം മണ്ഡലത്തിൽ ഇത്തവണ ബി.ജെ.പി രംഗത്തിറക്കിയത് ചലച്ചിത്രതാരം കൃഷ്ണകുമാറിനെ. വോട്ടർമാരോട് ഒരു പരിചയപ്പെടുത്തലിന്റെയും ആവശ്യമില്ലാതെ കൃഷ്ണകുമാറിന് മത്സരത്തിനിറങ്ങാം.കാശ്മീരം മുതൽ എ ഫോർ ആപ്പിൾ വരെയുള്ള സിനിമകൾ, സ്ത്രീ മുതൽ കൂടെവിടെ വരെയുള്ള സീരിയലുകൾ... അത്രത്തോളം സുപരിചിതനാണ് മലയാളികൾക്ക് കൃഷ്ണകുമാർ.
പക്ഷേ, തിരുവനന്തപുരത്ത് വിജയം ആർക്കും ഈസിയല്ല. വി.എസ്.ശിവകുമാർ തുടർച്ചായായി ജയിച്ചുവരുന്ന മണ്ഡലമാണിത്. തീരദേശ വോട്ടുകൾ നിർണായകമാകുന്ന ഇവിടെ മുൻ എം.എൽ.എ കൂടിയായ ആന്റണി രാജുവാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.
കേരള കാമരാജ് കോൺഗ്രസിന്റെ ആദ്യപോരാട്ടം
വൈകുണ്ഡ സ്വാമി ധർമ്മ പ്രചാരണസഭ (വി.എസ്.ഡി.പി) ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരന്റെ നേതൃത്വത്തിൽ 2016ലാണ് കേരള കാമരാജ് കോൺഗ്രസ് രൂപീകരിച്ചത്. നാടാർ സമുദായം നേരിടുന്ന സംവരണ പ്രശ്‌നങ്ങളിൽ ശക്തമായ നിലപാട് സ്വീകരിക്കാനായിരുന്നു ഇത്.പിന്നീട് വിവിധ സമുദായങ്ങളെ പാർട്ടിയിലേക്ക് കൊണ്ടുവന്നു.എൻ.ഡി.എയുടെ ഭാഗമായ പാർട്ടിക്ക് ലഭിച്ച ഏക സീറ്റ് കോവളം.മത്സരിക്കാനിറങ്ങുന്നത് വിഷ്ണുപുരം ചന്ദ്രശേഖരനും.ഇതോടെ കോവളം വീണ്ടും ത്രികോണ പോരാട്ടത്തിന്റെ വേദിയായി.മുൻ മന്ത്രി ഡോ.എ.നീലലോഹിതദാസാണ് കോവളത്ത് എൽ.ഡി.എഫ് സ്ഥാനാർത്ഥി.സിറ്റിംഗ് എം.എൽ.എ എം.വിൻസെന്റാണ് യു.ഡി.എഫിനു വേണ്ടി മത്സരിക്കുന്നത്.