
വെഞ്ഞാറമൂട്: വേനലും തീറ്റപ്പുല്ലിന്റെ കുറവും കാലിത്തീറ്റ വിലയുമൊക്കെ കാരണം ക്ഷീരകർഷകർ കണ്ണീരിൽ. കാലിത്തീറ്റയ്ക്ക് ചാക്കൊന്നിന് ലഭിച്ചു കൊണ്ടിരുന്ന 150 രൂപ സബ്സിഡി കർഷകന് ലഭിക്കുന്നില്ലെന്നാണ് പരാതി. കഴിഞ്ഞ ഡിസംബർ മുതലാണ് സബ്‌സിഡി ലഭിക്കാത്തതത്രേ.
കാലിത്തീറ്റയുടെ തീ വിലയ്ക്ക് പുറമേ വൈക്കോലിന്റെ ലഭ്യതക്കുറവും ക്ഷീര കർഷകരെ ദുരിതത്തിലാക്കുന്നു. കനത്ത ചൂടും വേനൽക്കാല രോഗങ്ങളും കാരണം പശുക്കളിൽ പാലുല്പാദനം കുറവാണ്.
പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയായിരുന്നു ക്ഷീരോത്പാദക സഹകരണ സംഘങ്ങളിൽ പാൽ അളക്കുന്ന കർഷകർക്ക് സബ്‌സിഡിയായി മിൽമ നൽകി വന്നിരുന്നത്.
മിൽമയുടെ 50 കിലോ തൂക്കമുള്ള ഗോൾഡ് കാലിത്തീറ്റയ്ക്ക് ഇപ്പോൾ 1300 രൂപ നൽകണം. ഇതേ തൂക്കമുള്ള സ്വകാര്യ കമ്പനിയുടെ കാലിത്തീറ്റയ്ക്ക് 1130 രൂപയേ വിലയുള്ളൂ.
3000 സൊസൈറ്റികൾ വഴിയാണ് കാലിത്തീറ്റയുടെ വില്പന. വില കൂടുതലായതിനാൽ മിൽമയുടെ കാലിത്തീറ്റ ഉപേക്ഷിച്ചു. സ്വകാര്യ കമ്പനികളുടെ കാലിത്തീറ്റ വാങ്ങാൻ തങ്ങൾ നിർബന്ധിതരാകുന്നു എന്ന് കർഷകർ പറയുന്നു.