
നാടകീയരംഗങ്ങൾ സ്ഥാനാർത്ഥിപ്രഖ്യാപനത്തിന് പിന്നാലെ
തിരുവനന്തപുരം: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക ഡൽഹിയിൽ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ, തിരുവനന്തപുരത്ത് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിൽ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതികാ സുഭാഷിന്റെ വക നാടകീയരംഗങ്ങൾ.
പാർട്ടിക്കായി പണിയെടുക്കുന്ന വനിതകളെയാകെ അപമാനിച്ചുവെന്നാരോപിച്ച്, മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ പദവിയിൽ നിന്നുള്ള രാജി പ്രഖ്യാപിച്ച അവർ, അപ്രതീക്ഷിതമായി അവിടെ വച്ചുതന്നെ തല മുണ്ഡനം ചെയ്തത് കണ്ട് ഇന്ദിരാഭവനിലുണ്ടായിരുന്ന നേതാക്കളും അമ്പരന്നു.
അനുനയിപ്പിക്കാനായി യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ ചാടിയിറങ്ങിയെങ്കിലും നിരാശയായിരുന്നു ഫലം. നമുക്ക് കാര്യങ്ങൾ പരിഹരിക്കാമെന്ന് ഹസ്സൻ പറഞ്ഞപ്പോൾ, 'നിങ്ങൾക്ക് ശ്രമിക്കാമെങ്കിൽ ഏറ്റുമാനൂർ സീറ്റ് എനിക്ക് വാങ്ങിത്തരൂ...' എന്ന് ലതിക ഉച്ചത്തിൽ തിരിച്ചടിച്ചു. ഞാൻ 15 വയസ്സുള്ള കുട്ടിയല്ല, 56 വയസ്സായി എന്നും പറഞ്ഞു.
ലതിക സുഭാഷ് അച്ചടക്കമുള്ള പ്രവർത്തകയാണെന്നും ,അവർ പാർട്ടിക്ക് ദോഷമുണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്നും ഡൽഹി വാർത്താസമ്മേളനത്തിലെ ചോദ്യത്തിന് മുല്ലപ്പള്ളി മറുപടി പറഞ്ഞതിന് പിന്നാലെ, ഇന്ദിരാഭവന് മുന്നിൽ മാദ്ധ്യമങ്ങൾക്ക് മുന്നിലെത്തിയ ലതിക പൊട്ടിത്തെറിച്ചു. അഭിമാനത്തോടെ കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക കേട്ടപ്പോൾ വനിതയെന്ന നിലയിൽ ഏറെ ദു:ഖമുണ്ടെന്ന് പറഞ്ഞാണ് ലതിക തുടങ്ങിയത്. നാടകീയമായാണ് മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ പദവി ഒഴിയുന്നതായി പ്രഖ്യാപിച്ചത്.. തൊട്ടുപിന്നാലെ ,തല മുണ്ഡനം ചെയ്യുന്നതായും . പിണറായി വിജയൻ സർക്കാരിന്റെ സ്ത്രീവിരുദ്ധ നയങ്ങളിലും കത്വ സംഭവത്തിലടക്കം നരേന്ദ്രമോദി സർക്കാരിന്റെ നയങ്ങളിലും പ്രതിഷേധിച്ചാണ് പകുതി തല മുണ്ഡനം ചെയ്യുന്നതെന്നാണ് പറഞ്ഞത്. ബാക്കി പകുതി ,പാർട്ടി നിലപാടിൽ പ്രതിഷേധിച്ചും..തല മുണ്ഡനം ചെയ്യുന്നതിനിടയിൽ വിതുമ്പലടക്കാനാവാതെ ചിലർ ലതികയുടെ മുഖം ചേർത്തുപിടിച്ചു. അവരെ തിരിച്ചാശ്വസിപ്പിച്ച് ലതിക.
സ്ഥാനാർത്ഥിത്വമില്ലാത്തതിന് തല മുണ്ഡനം ചെയ്യുമെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ പ്രതികരിച്ചതിനെപ്പറ്റി ചോദിച്ചപ്പോൾ, അദ്ദേഹം വലിയ നേതാവാണെന്നായിരുന്നു മറുപടി. പിന്നാലെയാണ് ഹസ്സന്റെ കടന്നുവരവ്. തനിക്ക് എല്ലാവരോടും ബഹുമാനമുണ്ടെന്നും ഏറ്റുമാനൂരിലെ സാധാരണപ്രവർത്തകർ തന്നെ കാത്തിരിക്കുകയാണെന്നും ലതിക ഹസ്സനോട് പറഞ്ഞു.ഹസ്സൻ തന്റെ സഹോദരനാണെന്ന് മാദ്ധ്യമങ്ങളോടും ലതിക പറഞ്ഞു. ലതികയുടെ പ്രതിഷേധവും വികാരവും ഇവിടെ ഇല്ലാത്ത നേതാക്കളെ അറിയിക്കുമെന്ന് ഹസ്സൻ വ്യക്തമാക്കി. ലതിക സുഭാഷിന് സീറ്റ് നൽകാൻ അതിയായ ആഗ്രഹമുണ്ടായിരുന്നു. അതിനായി കേരള കോൺഗ്രസുമായുള്ള ചർച്ചയിൽ വളരെയധികം ശ്രമിച്ചു. അവർ 12 സീറ്റിനായാണ് വാദിച്ചത്. അവരുമായുള്ള ധാരണയ്ക്ക് പ്രതിബന്ധമായി നിന്നത് ഏറ്റുമാനൂരായിരുന്നു. ലതിക സുഭാഷിന് സീറ്റ് നൽകാൻ പരമാവധി ശ്രമിച്ചു. അവർക്ക് സീറ്റ് നിഷേധിക്കപ്പെട്ടതിൽ വളരെ ദു:ഖമുള്ളയാളാണ് താനെന്നും ഹസ്സൻ പറഞ്ഞു.