
തിരുവനന്തപുരം: കൊട്ടിഘോഷിച്ച് പ്രഖ്യാപിച്ച കോൺഗ്രസിന്റെ സ്ഥാനാർത്ഥിപട്ടികയിൽ,വനിതയെന്ന നിലയിൽ ഏറെ ദു:ഖമുണ്ടെന്ന് ലതിക സുഭാഷ് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു. താൻ ഏറ്റുമാനൂർ ആഗ്രഹിച്ചിരുന്നു. 16 വയസ്സ് മുതൽ ഈ പാർട്ടിക്കൊപ്പം നിന്നയാളാണ്. ഇന്ന് എം.എൽ.എമാരായിരിക്കുന്ന പലരേക്കാളും അധികകാലം കോൺഗ്രസിനെ സേവിച്ചിട്ടുണ്ട്.
മഹിളാ കോൺഗ്രസ് 20 ശതമാനം സീറ്റുകൾ വനിതകൾക്ക് നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇരുപത് ശതമാനം നൽകിയില്ലെങ്കിൽ പോലും ഒരു ജില്ലയിൽ നിന്ന് ഒരാളെന്ന നിലയിൽ 14 വനിതകളെങ്കിലും പട്ടികയിലുണ്ടാകുമെന്ന് പ്രതീക്ഷിച്ചു. പ്രസ്ഥാനത്തിനായി പതിറ്റാണ്ടുകളായി പണിയെടുക്കുന്ന വനിതകളുണ്ട്. തിരുവനന്തപുരത്ത് മുതിർന്ന നേതാവ് കെ.പി.സി.സി സെക്രട്ടറി രമണി പി.നായർ ഉൾപ്പെടെ തഴയപ്പെട്ടു. എന്നും പാർട്ടിക്കായി പണിയെടുക്കുന്ന, തിരഞ്ഞെടുപ്പിനായി ഓടി നടന്ന വനിതാ നേതാക്കളെയെല്ലാം വിട്ടുകളഞ്ഞു. മുൻ മഹിളാകോൺഗ്രസ് അദ്ധ്യക്ഷ ബിന്ദു കൃഷ്ണയ്ക്ക് കൊല്ലത്ത് പേരുറപ്പിക്കാൻ കണ്ണീരണിയേണ്ടി വന്നു. കായംകുളത്ത് അരിതയ്ക്കും അരൂരിൽ ഷാനി മോൾക്കും അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്.
കഴിഞ്ഞ 20 വർഷമായി ഓരോ തിരഞ്ഞെടുപ്പിലും എന്റെ പേര് വന്നു പോവാറുള്ളതാണ്. പക്ഷേ പട്ടിക വരുമ്പോൾ കാണാറില്ല. അപ്പോഴും പാർട്ടിക്കായി നിസ്വാർത്ഥമായി ജോലിയെടുത്തിരുന്നു. ഒരു വിവാഹിതയായ സ്ത്രീ ആഗ്രഹിക്കാത്ത താലിയെ വരെ ചോദ്യം ചെയ്യുന്ന കമന്റുകൾ ഒരു വിവാദത്തിന്റെ പേരിൽ വന്നിരുന്നു. പാർട്ടിക്കായി അതും നേരിടേണ്ടി വന്നു. ഏറ്റുമാനൂരിൽ കൈപ്പത്തി അടയാളത്തിൽ മത്സരിക്കാൻ എനിക്കും ആഗ്രഹമുണ്ടായിരുന്നു മത്സരിക്കാൻ. ആറു വയസ്സു മുതൽ ഉമ്മൻചാണ്ടിയെ കണ്ടാണ് പഠിച്ചത്. 24–ാം വയസ്സ് മുതൽ രമേശ് ചെന്നിത്തലയുടെ പേര് ആവേശത്തോടെ പറയുന്ന ആളാണ്. നേതാക്കളോടെല്ലാം പറഞ്ഞതാണ് ഏറ്റുമാനൂർ സീറ്റ് പിടിക്കണമെന്ന്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് കഴിയട്ടെ, നോക്കാമെന്നാണു പറഞ്ഞത്. പിന്നീടെന്തു സംഭവിച്ചെന്നറിയില്ല- ലതിക പറഞ്ഞു.
കണ്ണൂർ
കോൺഗ്രസിൽ
കൂട്ടരാജി
കണ്ണൂർ: ഇരിക്കൂറിൽ അഡ്വ.. സജീവ് ജോസഫിന്റെ സ്ഥാനാർഥിത്വത്തിൽ പ്രതിഷേധിച്ച് കെ.പി..സി..സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, കണ്ണൂർ യു..ഡി.. എഫ് ചെയർമാൻ പി..ടി.. മാത്യു എന്നിവർ സ്ഥാനം രാജിവച്ചു. കെപിസിസി സെക്രട്ടറിമാരായ എം ..പി മുരളി , വി എൻ ജയരാജ്, ചന്ദ്രൻ തില്ലങ്കേരി, കെ.. വി ഫിലോമിന എന്നിവരും സ്ഥാനങ്ങൾ രാജിവച്ചു.. കെ..പി..സി..സി എക്സിക്യൂട്ടീവ് മെമ്പർ തോമസ് വാക്കത്താനം, കെ..പി..സി..സി മെമ്പർമാരായ ചാക്കോ പാലക്കലോടി, എൻ ..പി ശ്രീധരൻ എന്നിവരും സ്ഥാനങ്ങൾ രാജിവച്ചു. ഇരിക്കൂർ എം. എൽ. എയും എ ഗ്രൂപ്പ് നേതാവുമായ കെ..സി.. ജോസഫും സ്ഥാനാർഥിത്വത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ആലക്കോട്, ശ്രീകണ്ഠപുരം കോൺഗ്രസ് ഓഫീസുകൾ പൂട്ടിയിട്ട് കരിങ്കൊടി കെട്ടി പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. 23 ഡിസിസി ഭാരവാഹികൾ 7 ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറുമാർ ഇരിക്കൂർ നിയോജക മണ്ഡലത്തിലെ മണ്ഡലം പ്രസിഡൻറ് മാർ യൂത്ത് കോൺഗ്രസിന്റെയും മഹിളാ കോൺഗ്രസിന്റെ യും നിയോജകമണ്ഡലം പ്രസിഡന്റ് എന്നിവരും രാജിവച്ചു.