
ആന്റണി രാജുവിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ
തിരുവനന്തപുരം : ക്രിസ്ത്യൻ,മുസ്ലിം വിഭാഗങ്ങളെയും കമ്മ്യൂണിസ്റ്രുകളെയും നശിപ്പിച്ച് ആർ.എസ്.എസ് അജൻഡട നടപ്പാക്കാൻ ശ്രമിക്കുന്ന ബി.ജെ.പി നിയമസഭയിലെത്താതിരിക്കാനുള്ള ഗാരന്റി എൽ.ഡി.എഫ് മാത്രമാണെന്ന് സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. 35 സീറ്റ് കിട്ടിയാൽ സർക്കാരുണ്ടാക്കുമെന്നാണ് ബി.ജെ.പി അദ്ധ്യക്ഷൻ പറയുന്നത്. ജയിച്ചില്ലെങ്കിലും സർക്കാരുണ്ടാക്കുന്നവരാണ് ബി.ജെ.പിക്കാർ. മറ്റുപല സംസ്ഥാനങ്ങളിലും ജയിച്ചത് കോൺഗ്രസുകാരാണെങ്കിലും അവരെ വിലയ്ക്കെടുത്ത് ബി.ജെ.പി സർക്കാരുണ്ടാക്കി. കേരളത്തിൽ അത് നടപ്പാക്കാൻ അനുവദിക്കരുതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം നിയോജകമണ്ഡലം സ്ഥാനാർത്ഥി ആന്റണി രാജുവിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഗാന്ധിപാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥി ആന്റണി രാജു, എൽ.ഡി.എഫ് നേതാക്കളായ എം.രാധാകൃഷ്ണൻ നായർ, എസ്.എ.സുന്ദർ,സി.ദിവാകരൻ,ടി.എൻ.സീമ തുടങ്ങിയവർ സംസാരിച്ചു.