
ചാലക്കുടി: തിരുമുടിക്കുന്ന് ത്വക്ക് രോഗാശുപത്രിക്ക് സമീപത്ത് നിന്ന് മോട്ടോർ സൈക്കിൾ മോഷ്ടിച്ചയാളെ മണിക്കൂറുകൾക്കം പിടികൂടി കൊരട്ടി പൊലീസ്. തിരുമുടികുന്ന് സ്വദേശി പുത്തൻ പുരക്കൽ വീട്ടിൽ റിതിനെയാണ്(23) എസ്.എച്ച്.ഒ ബി.കെ അരുണും സംഘവും അറസ്റ്റു ചെയ്തത്. തിരുമുടികുന്നിലെ ചിറക്കൽ വീട്ടിൽ ആന്റോയുടേതായിരുന്നു ബൈക്ക്. കൃഷിസ്ഥലത്തിനു സമീപം വാഴക്കുല വെട്ടുന്നതിന് എത്തിയ ഇയാൾ വാഹനം റോഡിരികിൽ വച്ച് നീങ്ങിയതായിരുന്നു.
മോട്ടോർ സൈക്കിൾ മോഷണം പോയതറിഞ്ഞ് ഉടനെ വിവരം പൊലീസിൽ അറിയിച്ചു. എസ്.ഐ.സി.കെ. സുരേഷും സംഘവും സ്ഥലത്തെത്തി അന്വേഷണം നടത്തിയതിൽ നിരവധി കേസുകളിൽ ഉൾപ്പെട്ട പ്രതി റിതിനാണ് വാഹനവുമായി കടന്നതെന്ന് മനസിലാക്കി. തുടർന്നു നടന്ന അന്വേഷണത്തിനിടെ വീടിന് സമീപത്തുനിന്നുതെന്ന ബൈക്ക് കണ്ടെത്തി. ഇതിനിടെ ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് വീട്ടിലുണ്ടായിരുന്നു. അമിത വേഗതയിൽ ഓടിച്ചു പോകുമ്പോൾ കൊരട്ടി ജെ.ടി.എസ് ജംഗ്ഷനിലായിരുന്നു അപകടം. അങ്കമാലി പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിക്കെതിരെ മൂന്ന് വധശ്രമ കേസുകളും കഞ്ചാവ് കേസും മറ്റ് നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്. മുംബായിൽ റെയിൽവേ കരാർ ജോലി ചെയ്തു വരുന്ന പ്രതി പൂനൈയിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയിലാണ് പൊലീസ് പിടിയിലായത്. അന്വേഷണ സംഘത്തിൽ എ.എസ്.ഐ എസ്.കെ. പ്രിയൻ, എ.എസ്. ഐ എം.വി. സെബി, സി.പി.ഒ പി.ആർ. ഷഫീക്ക് എന്നിവരമുണ്ടായിരുന്നു.