
തിരുവനന്തപുരം: സിറ്റിംഗ് എം.എൽ.എമാരിൽ ഇരുപത് പേർക്കും വീണ്ടും മത്സരിക്കാൻ അവസരം ലഭിച്ചപ്പോൾ ഒഴിവാക്കപ്പെട്ടത് വർഷങ്ങളായി ഇരിക്കൂറിനെ പ്രതിനിധീകരിച്ച മുൻ മന്ത്രിയും കഴിഞ്ഞ നിയമസഭയിൽ കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറിയുമായിരുന്ന കെ.സി. ജോസഫ് മാത്രം. സ്ഥാനാർത്ഥി മാനദണ്ഡങ്ങളിൽ ഇളവ് ലഭിച്ചത് വടകര എം.പി കെ. മുരളീധരനും എം. ലിജുവിനും മാത്രം. മുരളീധരൻ ഉൾപ്പെടെ ഒമ്പത് മുൻ എം.എൽ.എമാരും പട്ടികയിലിടം നേടി.
എം.പിമാർക്ക് ഇളവില്ലെന്ന് നേതൃത്വം ആവർത്തിച്ചെങ്കിലും നേമത്തെ പടയോട്ടത്തിന് പറ്റിയ കരുത്തനായി മുരളീധരനെ തീരുമാനിച്ചപ്പോൾ അദ്ദേഹത്തിന് ഇളവ് നൽകാതെ പറ്റില്ലെന്നായി. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും നേമത്ത് മുന്നണി നേരിട്ട കനത്ത പരാജയവും കോൺഗ്രസിനെതിരെ ഉയർന്ന വോട്ടുകച്ചവട ആരോപണവും മറികടന്ന് ശക്തമായ പോരാട്ടം നടത്താനാണ് മുരളിക്ക് മാത്രമായി ഇളവ് നൽകിയത്.
രണ്ട് തവണ തോറ്റവരെ ഒഴിവാക്കുമെന്ന മാനദണ്ഡത്തിൽ നിന്ന് എം. ലിജുവിനെ ഒഴിവാക്കിയത്, അമ്പലപ്പുഴയിൽ നിറുത്താൻ പറ്റിയ ശക്തനായ സ്ഥാനാർത്ഥി എന്ന നിലയിലാണ്. അവിടെ സി.പി.എം മന്ത്രി ജി. സുധാകരനെ മാറ്റിനിറുത്തിയതും കണക്കിലെടുത്തു.
ഇരിക്കൂറിൽ കെ.സി. ജോസഫിനെ ഒഴിവാക്കുമെന്ന സൂചന നേരത്തേ ഉണ്ടായിരുന്നു. പകരം അദ്ദേഹത്തിന് താല്പര്യമുണ്ടായിരുന്ന സോണി സെബാസ്റ്റ്യനെയും പരിഗണിച്ചില്ല നറുക്കുവീണത് സജീവ് ജോസഫിനാണ്. എന്നാൽ സജീവിനെതിരെ മണ്ഡലത്തിലുയരുന്ന രൂക്ഷമായ പ്രതിഷേധം നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.
ചില പ്രമുഖർ അവസാന നിമിഷം തഴയപ്പെട്ടു. പോഷക സംഘടനകളിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷന്മാർ പട്ടികയിൽ ഉൾപ്പെട്ടപ്പോൾ മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതിക സുഭാഷ് തഴയപ്പെട്ടു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരനും കർഷക കോൺഗ്രസ് അദ്ധ്യക്ഷൻ ലാൽ വർഗീസ് കല്പകവാടിക്കും സീറ്റില്ല.
പി.സി. വിഷ്ണുനാഥ്, ടി. സിദ്ദിഖ്, കെ.പി. അനിൽകുമാർ, പ്രയാർ ഗോപാലകൃഷ്ണൻ, ജ്യോതി വിജയകുമാർ, വി.വി. പ്രകാശ്, സൗമിനി ജയിൻ, ജോസി സെബാസ്റ്റ്യൻ, ഹരിഗോവിന്ദൻ, റിജിൽമാക്കുറ്റി, സോണി സെബാസ്റ്റ്യൻ തുടങ്ങിയവരാണ് കരട് പട്ടികയിൽ പ്രചരിക്കപ്പെട്ടിട്ടും തഴയപ്പെട്ട പ്രമുഖർ. അടുത്ത പട്ടികയിൽ ഇവരിൽ ചിലർ ഉൾപ്പെട്ടേക്കാം.ആറ് സീറ്റിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിക്കാനുള്ളത്.
കെ. മുരളീധരന് പുറമേ, ആർ. ശെൽവരാജ്, കെ.കെ. ഷാജു, കെ. ശിവദാസൻനായർ, എം. മുരളി, ജോസഫ് വാഴയ്ക്കൻ, ഇ.എം. അഗസ്തി, കെ. ബാബു, പി.കെ. ജയലക്ഷ്മി എന്നിവരാണ് പട്ടികയിലുള്ള മുൻ എം.എൽ.എമാർ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പി.ടി. തോമസും എൻ. പീതാംബരക്കുറുപ്പും കെ.എസ്. മനോജും മുൻ എം.പിമാരുടെ ഗണത്തിലുണ്ട്.