f

തിരുവനന്തപുരം:ഭരണത്തിലെത്തുന്ന മുന്നണി ഏതായാലും ജില്ലയിൽ ഭൂരിപക്ഷം നേടിയിരിക്കും എന്ന മുൻകാല അനുഭവം മുൻകൂട്ടിക്കണ്ട് മുന്നണികൾ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കിയതോടെ 14 മണ്ഡലങ്ങളിലെയും പോരാട്ടത്തിന് ഇനി തീപാറും.എൽ.ഡി.എഫ് സ്ഥാനാർത്ഥിപ്പട്ടിക 10ന് പുറത്തുവന്നെങ്കിലും നാല് ദിവസത്തെ അനിശ്ചിതത്വത്തിന് ശേഷം യു.ഡി.എഫ്,ബി.ജെ.പി മുന്നണികളുടെ സ്ഥാനാർത്ഥിപ്പട്ടിക ഇന്നലെ പുറത്തിറങ്ങിയതോടെ ആര് വാഴും ആര് വീഴും എന്ന് മുൻകൂട്ടി പ്രവചിക്കാനാവാത്ത സ്ഥിതിയാണ്.ഇതോടെ വരും ദിവസങ്ങളിൽ വേനൽ ചൂടിനെക്കാൾ കഠിനമാകും തിരഞ്ഞെടുപ്പ് ചൂട്.

നേമം

നേമത്ത് പൊടിപാറുന്ന പോരാട്ടമാകും നടക്കുക. സീറ്റ് നിലനിറുത്താൻ കുമ്മനം രാജശേഖരനെ ബി.ജെ.പി ചുമതല ഏല്പിച്ചപ്പോൾ മുൻ എം.എൽ.എ വി.ശിവൻകുട്ടിയെ എൽ.ഡി.എഫ് ആത്മ വിശ്വാസത്തോടെയാണ് രംഗത്തിറക്കിയത്.യു.ഡി.എഫിന്റെ ജയന്റ് കില്ലർ കെ.മുരളീധരൻ മത്സരത്തിറങ്ങിയതോടെ നേമത്ത് നടക്കാനിരിക്കുന്നത് കടുത്തപോരാട്ടം .

കാട്ടാക്കട

എൽ.ഡി.എഫിന്റെ സിറ്റിംഗ് എം.എൽ.എ ഐ.ബി.സതീഷിനെതിരെ മുൻ ജില്ലാപഞ്ചായത്ത് മെമ്പർ മലയിൻകീഴ് വേണുഗോപാലിനെയാണ് യു.ഡി.എഫ് ചുമതല ഏൽപ്പിച്ചത് .കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വോട്ട് വിഹിതം കൂട്ടിയ പി.കെ.കൃഷ്ണദാസാണ് ബി.ജെ.പി സ്ഥാനാർത്ഥി.

അരുവിക്കര

കോൺഗ്രസിന്റെ സിറ്റിംഗ് എം.എൽ.എ കെ.എസ് ശബരീനാഥനെതിരെ മുൻ കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജി.സ്റ്റീഫനാണ് എൽ.ഡി.എഫിന്റെ ആയുധം. ബി.ജെ.പിക്ക് വേണ്ടി സംസ്ഥാന സെക്രട്ടറി സി.ശിവൻകുട്ടിയും.

 പാറശാല

എൽ.ഡി.എഫിന്റെ സിറ്റിംഗ് എം.എൽ.എ സി.കെ.ഹരീന്ദ്രൻ ജനവിധി തേടുമ്പോൾ ജില്ലാപഞ്ചായത്ത് മെമ്പർ അൻസജിതാ റസലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി.കരമന ജയനാണ് ഇക്കുറിയും ബി.ജെ.പിക്ക്.

നെയ്യാറ്റിൻകര

എൽ.ഡി.എഫിന്റെ സിറ്റിംഗ് എം.എൽ.എ കെ.ആൻസലനെതിരെ ഇതേ മണ്ഡലത്തിൽ പലവട്ടം വിജയിച്ചിട്ടുള്ള ആർ.സെൽവരാജിനെയാണ് യു.ഡി.എഫ് പ്രഖ്യാപിച്ചത്. പ്രമുഖ വ്യവസായി എസ്. രാജശേഖരൻ നായരാണ് ബി.ജെ.പി സ്ഥാനാർത്ഥി.

കോവളം

കോൺഗ്രസിന്റെ സിറ്റിംഗ് എം.എൽ.എ എം.വിൻസന്റിന്റെ തേരോട്ടത്തിന് തടയിടാൻ മുൻ മന്ത്രി എ.നീലലോഹിതദാസൻ നാടാരാണ് എൽ.ഡി.എഫിന്റെ തുറുപ്പ് ചീട്ട് .എൻ.ഡി.എ ആകട്ടെ വി.എസ് .ഡി.പി സംസ്ഥാന ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരനെയാണ് കളത്തിലിറക്കിയത്.

 തിരുവനന്തപുരം

കോൺഗ്രസിന്റെ സിറ്റിംഗ് എം.എൽ.എ വി.എസ് .ശിവകുമാർ വീണ്ടും മത്സരത്തിനിറങ്ങുമ്പോൾ മുൻ എം.എൽ.എ ആന്റണി രാജുവിലാണ് എൽ.ഡി.എഫിന്റെ പ്രതീക്ഷ. സിനിമാ നടൻ കൃഷ്ണകുമാറാണ് ബി.ജെ.പി സ്ഥാനാർത്ഥി.

നെടുമങ്ങാട്

സി.പി.ഐ ജില്ലാ സെക്രട്ടറി ജി.ആർ.അനിലിനെയാണ് നെടുമങ്ങാട് കാക്കാൻ എൽ.ഡി.എഫ് അവതരിപ്പിച്ചത്.മുൻ യുവജനക്ഷേമ ബോർഡ് വൈസ് ചെയർമാൻ പി.എസ്.പ്രശാന്താണ് യു.ഡി.എഫ് സാരഥി. മണ്ഡലത്തിലെ വെമ്പായം സ്വദേശിയും ബി.ജെ.പി സംസ്ഥാന ട്രഷററുമായ ജെ.ആർ.പദ്മകുമാർ ബി.ജെ.പിക്ക് വേണ്ടി പോരാട്ടത്തിനിറങ്ങും.

വാമനപുരം

സിറ്റിംഗ് എം.എൽ.എ ഡി.കെ.മുരളിയിൽ പ്രതീക്ഷ അർപ്പിച്ച് എൽ.ഡി.എഫ് പ്രചാരണം തുടങ്ങുമ്പോൾ മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ ആനാട് ജയനാണ് യു.ഡി.എഫിന്റെ തേരാളി.തഴവ സഹദേവനാണ് ബി.ഡി.ജെ.എസിന്റെ അഭിമാന താരം.

ആറ്റിങ്ങൽ

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.എസ് .അംബികയെ മണ്ഡലം നിലനിറുത്താൻ എൽ.ഡി.എഫ് ചുമതല നൽകിയപ്പോൾ സിദ്ധനർ സർവീസ് സൊസൈറ്റിയുടെ മുൻ ജനറൽ സെക്രട്ടറി എ.ശ്രീധരനിലൂടെ കോട്ട പിടിച്ചെടുക്കാനാണ് യു.ഡി.എഫ് നീക്കം.പി.സുധീറാണ് ബി.ജെ.പി സ്ഥാനാർത്ഥി.

വർക്കല

എൽ.ഡി.എഫിന്റെ സിറ്റിംഗ് എം.എൽ.എ വി.ജോയിക്കെതിരെ കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം ഷെരീഫാണ് അങ്കം വെട്ടുക. മണ്ഡലം പിടിച്ചെടുക്കാൻ അജി.എസ് .ആർ.എം നെയാണ് ബി.ഡി.ജെ.എസ് രംഗത്തിറക്കിയത്.

ചിറയിൻകീഴ്

ഇടതുകോട്ട കാക്കാൻ സിറ്റിംഗ് എം.എൽ. എ വി.ശശിയെ തന്നെ മതിയെന്നാണ് എൽ.ഡി.എഫ്. എന്നാൽ മണ്ഡലം നേടാൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബി.എസ് .അനൂപിനെയാണ് കോൺഗ്രസ് നിയോഗിച്ചിട്ടുള്ളത്.കോർപ്പറേഷൻ കൗൺസിലറായ ആശാനാഥാണ് ബി.ജെ.പിയുടെ പോരാളി .

കഴക്കൂട്ടം

തലസ്ഥാനത്തെ ഏകമന്ത്രി കടകംപള്ളി സുരേന്ദ്രനെയാണ് എൽ.ഡി.എഫ് മണ്ഡലം നിലനിറുത്താൻ ചുമതല ഏല്പിച്ചത്. മണ്ഡലത്തിലെ താമസക്കാരനും ആരോഗ്യ രംഗത്തെ ആഗോള ശ്രദ്ധാകേന്ദ്രവുമായ ഡോ.എസ്.എസ്. ലാലിനെയാണ് കോൺഗ്രസ് അവതരിപ്പിച്ചത്.ഇവർക്കെതിരെ സ്ഥാനാർത്ഥിയെ ബി.ജെ.പി തീരുമാനിച്ചിട്ടില്ല.

വട്ടിയൂർക്കാവ്

എൽ.ഡി.എഫിന്റെ സിറ്റിംഗ് എം.എൽ.എ പി.എസ് .പ്രശാന്ത് വീണ്ടും ജനവിധി തേടുമ്പോൾ മണ്ഡലം പിടിച്ചെടുക്കാൻ ജില്ലാ പ്രസിഡന്റും കോർപ്പറേഷൻ കൗൺസിലറുമായ വി.വി.രാജേഷിനെ ബി.ജെ.പി പോരിനിറക്കുന്നു.കടുത്ത മത്സരത്തിനായി ആര് വേണമെന്ന ആലോചനയിലാണ് കോൺഗ്രസ് നേതൃത്വം.