
തിരുവനന്തപുരം: കൊവിഡ് സാഹചര്യത്തിൽ 9-ാം ക്ലാസ് വിദ്യാർത്ഥികളെ എല്ലാവരെയും വിജയിപ്പിക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. പ്ലസ് വൺ പരീക്ഷയെക്കുറിച്ച് പിന്നീട് തീരുമാനിക്കും. ഈ മാസം അവസാനം വരെ പത്ത്, പ്ലസ് ടു ക്ലാസുകൾക്കുള്ള റിവിഷൻ ക്ലാസുകൾ തുടരും.
കൊവിഡ് വ്യാപനം തുടരുന്നതിനാൽ പത്ത്, പ്ലസ് ടു ക്ലാസുകളിലൊഴികെ മറ്റൊരു ക്ലാസിലും വർഷാവസാന പരീക്ഷ വേണ്ടെന്ന തീരുമാനത്തിൽ വിദ്യാഭ്യാസ വകുപ്പ് എത്തുകയായിരുന്നു.
നിലവിൽ എട്ടാം ക്ലാസ് വരെ ഓൾ പാസ് രീതിയാണ് തുടരുന്നത്. നിബന്ധനകൾക്ക് വിധേയമായി ഒൻപതാം ക്ലാസിലും ഇത് നടപ്പാക്കും. കഴിഞ്ഞവർഷം കൊവിഡ് കാരണം വാർഷിക പരീക്ഷ പൂർത്തിയാക്കാൻ കഴിയാതിരുന്നതിനെ തുടർന്ന് പാദ, അർദ്ധവാർഷിക പരീക്ഷകളുടെ മാർക്ക് കണക്കിലെടുത്തായിരുന്നു ഒമ്പതാം ക്ലാസിലെ വിജയികളെ തീരുമാനിച്ചത്. ഇത്തവണ പാദ, അർദ്ധ വാർഷിക പരീക്ഷകൾ പോലും നടത്താനാവാത്തതിനാൽ ഓൺലൈൻ ക്ലാസുകളിലെ ഹാജർ ഉൾപ്പെടെ പരിഗണിച്ചായിരിക്കും ഒമ്പതിൽ നിന്ന് പത്തിലേക്കുള്ള ക്ലാസ് കയറ്റം.