
കാസർകോട്: കാസർകോട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് കെ. നീലകണ്ഠൻ കെ.പി.സി.സി. സെക്രട്ടറി സ്ഥാനം രാജിവച്ചു. രാജിക്കത്ത് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അയച്ചു കൊടുത്തു. യാതൊരുവിധ കൂടിയാലോചനയും നടത്താതെ ഏകപക്ഷീയമായി പാർട്ടിയുടെ സ്ഥാനാർത്ഥികളെ അടിച്ചേൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് നീലകണ്ഠൻ ഭാരവാഹിത്വം രാജിവെച്ചത്. ഉദുമ മണ്ഡലത്തിൽ സാദ്ധ്യത പട്ടികയിൽ ഒന്നാമതായി നീലകണ്ഠന്റെ പേരും ഉണ്ടായിരുന്നു. സമുദായ സമവാക്യങ്ങൾ നോക്കിയാൽ ഉറപ്പായും ഉദുമയിൽ നീലകണ്ഠനെ പരിഗണിക്കേണ്ടതായിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സീറ്റ് ഉറപ്പ് നൽകിയിരുന്നു. എന്നാൽ അവസാന നിമിഷം ഗ്രൂപ്പ് നേതാക്കൾ അട്ടിമറി നടത്തിയെന്നാണ് ആക്ഷേപം. വലിയ ചതിയാണ് പാർട്ടി നേതൃത്വം തന്നോട് ചെയ്തതെന്ന് നീലകണ്ഠൻ ആരോപിച്ചു. കാസർകോട് ജില്ലയിൽ അന്തരിച്ച പി. ഗംഗാധരൻ നായരുടെ ഒപ്പം ചേർന്ന് കോൺഗ്രസിന് അടിത്തറ പാകിയ നേതാവാണ് നീലകണ്ഠൻ. കേന്ദ്ര സംസ്ഥാന നേതാക്കൾക്കെല്ലാം സുപരിചിതനുമാണ്.