
ദേവികുളം : ഡി. കുമാർ
വയസ് 63. നിയമസഭയിലേക്ക് ആദ്യ അങ്കം. ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം, മൂന്നാർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. 2010- 15 കാലഘട്ടത്തിൽ ദേവികുളം ഡിവിഷനിൽ ജില്ലാ പഞ്ചായത്തംഗമായിരുന്നു. ഭാര്യ: ജയകൊടി തൊഴിലാളിയാണ്. മകൻ: പാർത്ഥിഭ മഹാരാജ (എം.ബി.എ). മകൾ: പ്രിയങ്ക റാണി (എം. ടെക്).
കുന്നത്തുനാട്: വി.പി. സജീന്ദ്രൻ
വയസ് 51. സിറ്റിംഗ് എം.എൽ.എ. മൂന്നാംഅങ്കം . എൽ.എൽ.ബി ബിരുദധാരി. കെ.എസ്.യു. സംസ്ഥാന നിർവാഹകസമിതി അംഗം, കെ.പി.സി.സി സെക്രട്ടറി, എ.ഐ.സി.സി അംഗം, കൊച്ചി സർവകലാശാല സിൻഡിക്കേറ്റ് അംഗം, നിയമസഭയുടെ പട്ടികജാതി പട്ടികവർഗ ക്ഷേമസമിതി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോട്ടയം ആനിക്കാട് പദ്മനാഭന്റെയും ജാനകിയുടെയും മകൻ. ഭാര്യ : ലേബി സജീന്ദ്രൻ.
തൃക്കാക്കര: പി.ടി. തോമസ്
വയസ് 70. സിറ്റിംഗ് എം.എൽ.എ. നിയമസഭയിലേക്ക് മൂന്നാം അങ്കം. 2009 ൽ ഇടുക്കിയിൽനിന്ന് പാർലമെന്റ് അംഗമായിരുന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഇടുക്കി ഡി.സി.സി പ്രസിഡന്റ്, ഇടുക്കി ജില്ലാ കൗൺസിൽ അംഗം, കേരള സർവകലാശാല സെനറ്റ് അംഗം, വീക്ഷണം ചീഫ് എഡിറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു.പി.ടി. തോമസിന്റെയും അന്നമ്മയുടെയും മകൻ. ഭാര്യ : ഉമ ഹരിഹരൻ.
എറണാകുളം :ടി.ജെ. വിനോദ്
വയസ് 56. 2019 -ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയം. കളമശേരി സെന്റ് പോൾസ് കോളേജ് കെ.എസ്.യു. പ്രസിഡന്റ്, കോളേജ് യൂണിയൻ ചെയർമാൻ, ഡി.സി.സി ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു.ഡി.സി.സി പ്രസിഡന്റ്. കൊച്ചി കോർപ്പറേഷൻ കൗൺസിലർ,ഡെപ്യൂട്ടി മേയർ പദവികളും വഹിച്ചു. ടി.എം. ജോസഫിന്റെയും സെലിൻ ജോസഫിന്റെയും മകൻ. ഭാര്യ : ഷിമിത വിനോദ്.
തൃപ്പൂണിത്തുറ : കെ. ബാബു
വയസ് 70. ബിരുദധാരി. അഞ്ചു തവണ എം.എൽ.എ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എം. സ്വരാജിനോട് തോറ്റു. എക്സൈസ് തുറമുഖ വകുപ്പ് മന്ത്രിയായിരുന്നു. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിലേക്ക്. ഡി.സി.സി സെക്രട്ടറി, കെ.പി.സി.സി അംഗം, ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചു. അങ്കമാലി നഗരസഭയുടെ ആദ്യ ചെയർമാനായിരുന്നു. കെ.കെ. കുമാരന്റെയും പൊന്നമ്മയുടെയും മകൻ. ഭാര്യ: ഗീത.
കൊച്ചി : ടോണി ചമ്മിണി
വയസ് 51. ബി.കോം ബിരുദധാരി. 2010 മുതൽ 2015 വരെ കൊച്ചി കോർപ്പറേഷൻ മുൻ മേയർ. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിൽ. കെ.എസ്.യു. ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡി.സി.സി സെക്രട്ടറി, കൊച്ചി കോർപ്പറേഷൻ കൗൺസിലർ എന്നീ പദവികൾ വഹിച്ചു. കൊച്ചിയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറായിരുന്നു.
വൈപ്പിൻ : ദീപക് ജോയ്
വയസ് 37. ഐ.ടി.ഐ വിദ്യാഭ്യാസം. കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. സമരങ്ങളിൽ സജീവ സാന്നിദ്ധ്യം. യൂത്ത് കോൺഗ്രസ് ദേശീയ കോ ഓർഡിനേറ്ററാണിപ്പോൾ. കൊച്ചി നഗരസഭാ കൗൺസിലറായിരുന്നു. എറണാകുളം അയ്യപ്പൻകാവ് സ്വദേശി. ഭാര്യ : ആരതി.
പറവൂർ: വി.ഡി. സതീശൻ
വയസ് 57. നിയമസഭയിൽ 2001 മുതൽ അംഗം. നാലാം അങ്കം. തേവര എസ്.എച്ച്. കോളേജ് പഠനകാലത്ത് എം.ജി. സർവകലാശാലാ ചെയർമാനായിരുന്നു. എൻ.എസ്.യു സെക്രട്ടറി, എ.ഐ.സി.സി സെക്രട്ടറി, കെ.പി.സി.സി വൈസ് പ്രസിഡന്റ്, കോൺഗ്രസ് നിയമസഭാ കക്ഷി ചീഫ് വിപ്പ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കെ. ദാമോദരമേനോന്റെയും വിലാസിനിയുടെയും മകൻ. ഭാര്യ : ആർ. ലക്ഷ്മിപ്രിയ.
ആലുവ : അൻവർ സാദത്ത്
വയസ് 46. സിറ്റിംഗ് എം.എൽ.എ. മൂന്നാം അങ്കം. ബ്ളോക്ക് സെക്രട്ടറി, ജില്ലാ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് അംഗം, എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ചെങ്ങമനാട് പറമ്പയം ഉൗലിക്കര വീട്ടിൽ അബ്ദുൾ സത്താറിന്റെയും അയിഷ ബീവിയുടെയും മകൻ. ഭാര്യ: സബീന സാദത്ത്.
അങ്കമാലി: റോജി എം. ജോൺ
വയസ് 39. സിറ്റിംഗ് എം.എൽ.എ.ഡൽഹി ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നു. എൻ.എസ്.യു പ്രസിഡന്റ്, വൈസ് പ്രസിഡന്റ് പദവികൾ വഹിച്ചു. എ.ഐ.സി.സി അംഗമാണ്. കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലാണ് ജനനം. എറണാകുളം ജില്ലയിലെ കുറുമശേരിയിൽ താമസം. മുല്ലൻമാടയ്ക്കൽ ജോൺ എം.വിയുടെയും എത്സമ്മയുടെയും മകനാണ്.
മൂവാറ്റുപുഴ : മാത്യു കുഴൽനാടൻ
വയസ് 44. നിയമബിരുദം, എം.ഫിൽ, പി.എച്ച്.ഡി. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പ്രാക്ടീസ്. കെ.എസ്.യു ജില്ലാ പ്രസിഡന്റ്, സംസ്ഥാന ഉപാദ്ധ്യക്ഷൻ, എൻ.എസ്.യു ദേശീയ കൗൺസിൽ അംഗം, കോ ഓർഡിനേറ്റർ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ഉപാദ്ധ്യക്ഷൻ എന്നീ സ്ഥാനങ്ങൾ വഹിച്ചു. ആൾ ഇന്ത്യ പ്രൊഫഷണൽസ് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റാണ്. ഭാര്യ : എൽസ കാതറിൻ.
കൊടുങ്ങല്ലൂർ: എം.പി.ജാക്സൺ
വയസ് 68. കെ.പി.സി.സി. എക്സിക്യുട്ടീവ് അംഗം. കെ.പി.സി.സി. ജനറൽ സെക്രട്ടറി, ഡി.സി.സി. ജനറൽസെക്രട്ടറി, കെ.പി.സി.സി അംഗം, യൂത്ത് കോൺഗ്രസ് ബ്ളോക്ക് ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഇരിങ്ങാലക്കുട ടൗൺ കോ ഓപ്പറേറ്റീവ് ബാങ്ക് ചെയർമാനും ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ സ്ഥാപക പ്രസിഡന്റുമാണ്. ഭാര്യ: എസ്ത. മക്കൾ: സിനു, സിമി, പോൾ ജാക്സൺ.
ചാലക്കുടി: ടി.ജെ സനീഷ് കുമാർ
വയസ് 43. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് കൺവീനർ പി.പി. തങ്കച്ചൻ ചെയർമാനായ ഐക്യജനാധിപത്യ മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവർത്തനം ഏകോപിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ കോൺഗ്രസ് പ്രതിനിധി. ഭാര്യ: ജിൻസി തോമസ് (നഴ്സ്, ജൂബിലി മിഷൻ മെഡിക്കൽ കോളേജ്), മകൾ: സെറ മേരി (രണ്ടര വയസ്).
പുതുക്കാട് : സുനിൽ അന്തിക്കാട്
വയസ് 55. കെ.പി.സി.സി സെക്രട്ടറി, സർക്കിൾ സഹകരണ യൂണിയൻ അംഗം, അന്തിക്കാട് മൾട്ടി പർപ്പസ് സഹകരണ സംഘം പ്രസിഡന്റ്.കെ.എസ്.യു ജില്ലാ പ്രസിഡന്റായും സംസ്ഥാന ട്രഷറർ, കലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, ഡി.സി.സി ജനറൽ സെക്രട്ടി, കെ.പി.സി.സി അംഗം എന്നീ നിലകളിലും പ്രവർത്തിച്ചു. ഭാര്യ: സിന്ധു (അദ്ധ്യാപിക). മകൾ: ശ്രീദേവി.
കയ്പമംഗലം: ശോഭ സുബിൻ
35 വയസ്. മുൻ ജില്ലാ പഞ്ചായത്ത് അംഗം. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, കെ.എസ്.യു ജില്ലാ പ്രസിഡന്റ്. എം.ജി സർവകലാശാലയിൽ യോഗിക് സയൻസ് ഡിപ്ലോമ കോഴ്സ് ചെയ്യുന്നു. കഴിമ്പ്രം പാലപ്പെട്ടി ബീച്ചിൽ കാഞ്ഞിരപ്പറമ്പിൽ ശരവണന്റെയും ശോഭയുടെയും മകൻ. ഭാര്യ: അഡ്വ. രേഷ്മ ഇക്ബാൽ. മകൾ: ശോഭ സിയ ഫാത്തിമ
നാട്ടിക: സുനിൽ ലാലൂർ
വയസ് 40. യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി. കെ.എസ്.യുവിലൂടെ പൊതുരംഗത്തെത്തി. നിയമബിരുദധാരി. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ : സരിത രവീന്ദ്രൻ (ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ്, കൊച്ചി ). മകൻ : ഹൃദിക്ക്
തൃശൂർ: പത്മജ വേണുഗോപാൽ
വയസ് 59. കെ.പി.സി.സി വൈസ് പ്രസിഡന്റ്. എ.ഐ.സി.സി അംഗം. കെ.ടി.ഡി.സി മുൻ ചെയർപേഴ്സൺ. മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ. 2004 ൽ മുകുന്ദപുരത്ത് നിന്ന് ലോക്സഭയിലേക്കും 2016ൽ തൃശൂരിൽ നിന്ന് നിയമസഭയിലേക്കും മത്സരിച്ചെങ്കിലും വിജയിക്കാനായില്ല. ഭർത്താവ്: ഡോ. വേണുഗോപാൽ. മക്കൾ: കരുൺ മേനോൻ, ഐശ്വര്യ.
ഒല്ലൂർ: ജോസ് വള്ളൂർ
വയസ് 56. കെ.പി.സി.സി സെക്രട്ടറി. 2003 മുതൽ കെ.പി.സി.സി അംഗമാണ്. രാജീവ് ഗാന്ധി പഠനകേന്ദ്രം സ്ഥാപക ചെയർമാൻ, തൃശൂർ ജില്ലാ വ്യാപാരി വ്യവസായി സഹകരണ സൊസൈറ്റി പ്രസിഡന്റ്, അളഗപ്പ സ്പിന്നിംഗ് മിൽ ഐ.എൻ.ടി.യു.സി വർക്കേഴ്സ് യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പിതാവ് : പരേതനായ സി.ഐ ആന്റണി, അമ്മ: മറിയാമ്മ. ഭാര്യ: ബീന. മകൾ: ആൻ ജോസ്.
വടക്കാഞ്ചേരി: അനിൽ അക്കര
വയസ് 48. സിറ്റിംഗ് എം.എൽ.എ. 2016 നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും കുറവ് ഭൂരിപക്ഷത്തിലായിരുന്നു (43 വോട്ട്) വിജയം. അടാട്ട് പഞ്ചായത്ത് പ്രസിഡന്റും തൃശൂർ ജില്ലാ പഞ്ചായത്ത് അംഗവും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നു. ആന്റണിയുടെയും ലില്ലിയുടെയും മകൻ. ഭാര്യ: എ.പി ജിനി. മക്കൾ: അജിത്, ആദിത്ത്.
മണലൂർ: വിജയ് ഹരി
വയസ് 45. ഡി.സി.സി. ജനറൽ സെക്രട്ടറി. കെ.പി.സി.സി ഐ.ടി. സെൽ ജില്ലാ കൺവീനർ. വിചാർവിഭാഗ് ജില്ലാ ചെയർമാൻ. ജനശക്തി കൺവീനർ. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി, പെർഫോമൻസ് അസെസ്മെന്റ് സിസ്റ്റം ജില്ലാ കൺവീനർ. എടമുട്ടത്ത് കോഴിപ്പറമ്പിൽ ദാമോദരന്റേയും രത്നത്തിന്റേയും മകൻ. ഭാര്യ: ചസ്മി. മക്കൾ: കൃഷ്ണമായ, നവനീത് കൃഷ്ണ.
പെരുമ്പാവൂർ:എൽദോസ് കുന്നപ്പിള്ളി
വയസ് 43. സിറ്റിംഗ് എം.എൽ.എ. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, ഡി.സി.സി വൈസ് പ്രസിഡന്റ് ചുമതലകൾ വഹിച്ചു.എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നു. യു.എസ് സർക്കാർ യുവനേതാക്കൾക്കായി വാഷിംഗ്ടണിൽ സംഘടിപ്പിച്ച യുവജനസമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യയിൽ നിന്നുള്ള രണ്ടുപേരിൽ ഒരാളായിരുന്നു. ഭാര്യ: മറിയാമ്മ എബ്രഹാം. മൂന്നു മക്കൾ.
ബാലുശേരി: ധർമ്മജൻ ബോൾഗാട്ടി
വയസ് 46.കന്നി അങ്കം.ചലച്ചിത്ര താരമാണ്. ടെലിവിഷൻ പരിപാടികളിലെ ഹാസ്യകഥാപാത്രങ്ങളിലൂടെയാണ് ശ്രദ്ധേയനാണ്. 2010 ഓടെ സിനിമ രംഗത്തും സജീവമായി. ചെറുപ്പകാലം മുതൽ കോൺഗ്രസ് പ്രവർത്തകനാണ്. എൽ.ഡി.എഫിന്റെ ഉറച്ച മണ്ഡലമായ ബാലുശേരി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് കോൺഗ്രസ് ധർമജനെ സ്ഥാനാർത്ഥിയാക്കുന്നത്. അനൂജയാണ് ഭാര്യ. വേദ, വൈഗ എന്നിവർ മക്കളാണ്.
കുന്നംകുളം: കെ. ജയശങ്കർ
വയസ് 47. കോൺഗ്രസ് കുന്നംകുളം ബ്ലോക്ക് പ്രസിഡന്റ്. കാട്ടകാമ്പാൽ ഡിവിഷനിൽ നിന്ന് മുൻ ജില്ലാ പഞ്ചായത്ത് അംഗം. കെ.എസ്.യുവിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം. കെ.എസ്.യു തലപ്പിള്ളി താലൂക്ക് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ്, ജില്ലാ വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു.ഭാര്യ: ദിവ്യ. മക്കൾ: അശ്വിൻ, അർജുൻ.
ചേലക്കര: സി.സി ശ്രീകുമാർ
വയസ് : 49. കെ.പി.സി.സി സെക്രട്ടറി ഡി.സി.സി മുൻ ജനറൽ സെക്രട്ടറി. തൃശൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും ചൂണ്ടൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും പ്രതിപക്ഷ നേതാവും ദളിത് കോൺഗ്രസ് ജില്ലാ ഭാരവാഹിയുമായിരുന്നു. മുൻ ഡി.സി.സി. അംഗമായിരുന്ന പി.കെ ചക്കന്റെയും കർഷക തൊഴിലാളി ചിന്നുവിന്റെയും മകൻ. ഭാര്യ: ദീപ (അദ്ധ്യാപിക)
ആലത്തൂർ: പാളയം പ്രദീപ്
38 വയസ്. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ആലത്തൂർ പാർലമെന്റ് മണ്ഡലം പ്രസിഡന്റ്, വടക്കഞ്ചേരി പഞ്ചായത്തംഗം, എന്നീ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ കെ.പി.സി.സി അംഗം. പാളയം വീട്ടിൽ വി.പി.മുത്തുവിന്റെയും എ.തങ്കമണിയുടെയും മകൻ. ഭാര്യ: സിമി ജോർജ് (മൃഗസംരക്ഷണ വകുപ്പ്). മക്കൾ: പ്രഭുൽ, അതുൽ.
ചിറ്റൂർ: അഡ്വ.സുമേഷ് അച്യുതൻ
45 വയസ്. തത്തമംഗലം സ്വദേശി. നിയമസഭയിലേക്ക് കന്നിയങ്കം. വിദ്യാഭ്യാസം: എൽ.എൽ.ബി. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിൽ. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ്. നിലവിൽ കെ.പി.സി.സി ഒ.ബി.സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ, ഡി.സി.സി വൈസ് പ്രസിഡന്റ്. അച്ഛൻ: മുൻ എം.എൽ.എ കെ.അച്യുതൻ. അമ്മ: പരേതയായ സി.കെ.സുധ. ഭാര്യ: സ്വപ്ന. മക്കൾ: മീനാക്ഷി, മഹാലക്ഷ്മി, മഹേശ്വരി.
തരൂർ: കെ.എ.ഷീബ
37വയസ്. ചിറ്റൂർ-തത്തമംഗലം നഗരസഭ ഉപാദ്ധ്യക്ഷ.തത്തമംഗലം സ്വദേശി. വിദ്യാഭ്യാസം: എം.എസ്.സി ബോട്ടണി, ബി.എഡ്. അഗ്രികൾച്ചർ യൂണിവേഴ്സിറ്റി സെനറ്റ് അംഗം, മഹിള കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് എന്നീ ചുമതല വഹിച്ചു. 2014ൽ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ മത്സരിച്ചു. ആറുമുഖന്റെയും പരേതയായ രുഗ്മണിയുടെയും മകൾ. ഭർത്താവ്: പി.വി.സതീഷ് . മക്കൾ: ആദർശ്, ആൻവി.
പാലക്കാട് : ഷാഫി പറമ്പിൽ
38 വയസ്. നിയമസഭയിലേക്ക് തുടർച്ചയായ മൂന്നാം അങ്കം. പട്ടാമ്പി ഓങ്ങല്ലൂർ സ്വദേശി. വിദ്യാഭ്യാസം: എം.ബി.എ. കെ.എസ്.യു സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ് പദവികൾ വഹിച്ചു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്. ഷാനവാസ് പറമ്പിലിന്റെയും മൈമൂനയുടെയും മകൻ. ഭാര്യ: അഷില അലി. മകൾ: ദുവാ മെഹക്.
മലമ്പുഴ: എസ്.കെ.അനന്തകൃഷ്ണൻ
58 വയസ്. കഞ്ചിക്കോട് സ്വദേശി. നിയമസഭയിലേക്ക് കന്നിയങ്കം. 25 വർഷം പുതുശേരി പഞ്ചായത്തംഗം. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി. 12 കൊല്ലം ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റ്. ഡി.സി.സി ജന.സെക്രട്ടറി, ഐ.എൻ.ടി.യു.സി സംസ്ഥാന കമ്മിറ്റി അംഗം, കേരള സ്റ്റേറ്റ് കോ ഓപ്പറേറ്റിവ് അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് ബാങ്ക് ഡയറക്ടർ എന്നീ സ്ഥാനം വഹിക്കുന്നു.
ഒറ്റപ്പാലം: ഡോ.പി.സരിൻ
37വയസ്. നിയമസഭയിലേക്ക് കന്നിയങ്കം. തിരുവില്വാമല സ്വദേശി. എം.ബി.ബി.എസ് ബിരുദധാരി. 2009ൽ സിവിൽ സർവീസ് നേടി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, എ.ഐ.സി.സി സംസ്ഥാന കോ-ഓർഡിനേറ്റർ എന്നീ സ്ഥാനം വഹിച്ചു. നിലവിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി. എം.രാമകൃഷ്ണന്റെയും ഗീതയുടെയും മകൻ. ഭാര്യ: ഡോ.സൗമ്യ സരിൻ. മകൾ: സ്വാതിക.
ഷൊർണൂർ: ടി.എച്ച്.ഫിറോസ് ബാബു
34 വയസ്. നിയമസഭയിലേക്ക് കന്നിയങ്കം. ഷൊർണൂർ കുളപ്പുള്ളി സ്വദേശി. നിലവിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്. എം.എ മലയാളം ബിരുദം. ഡി.സി.സി സെക്രട്ടറി ടി.കെ.ഹമീദിന്റെയും നബീസക്കുട്ടിയുടെയും മകൻ. ഭാര്യ: കെ.പി.ഷമീന. മക്കൾ: ഹിന സൈനബ, മുഹമ്മദ് ഫൈസാൻ.
തൃത്താല : വി.ടി.ബൽറാം
43 വയസ്. സിറ്രിംഗ് എം.എൽ.എ. നിയമസഭയിലേക്ക് തുടർച്ചയായ മൂന്നാം അങ്കം. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് എം.ബി.എ. കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തിൽ. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗം, യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി തുടങ്ങിയ സ്ഥാനം വഹിച്ചു. കെ.ശ്രീനാരായണന്റെയും വി.ടി.സരസ്വതിയുടെയും മകൻ. ഭാര്യ: അനുപമ. മക്കൾ: അദ്വൈത് മാനവ്, അവന്തിക.
അഡ്വ. എ.എം.രോഹിത്
വയസ് 35. നിയമസഭയിലേക്ക് കന്നിയങ്കം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ദേശീയ കോർഡിനേറ്ററുമാണ്. 2010ൽ മാറഞ്ചേരി ഡിവിഷനിൽ നിന്ന് മലപ്പുറം ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചു. തൃശൂർ ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽ.എൽ.ബി പൂർത്തിയാക്കി. ചാവക്കാട്, പൊന്നാനി കോടതികളിൽ അഭിഭാഷകനാണ്. ഭാര്യ: ദീപ്തി.
വണ്ടൂർ: എ.പി. അനിൽകുമാർ
വയസ്- 56. നിയമസഭയിലേക്ക് ആറാം അങ്കം. 2001 മുതൽ സംവരണ മണ്ഡലമായ വണ്ടൂരിലെ എം.എൽ.എ. രണ്ടുതവണ മന്ത്രിയായി. ആദ്യ നിയമസഭ കാലത്ത് തന്നെ സാംസ്കാരികം,പിന്നാക്ക ക്ഷേമ മന്ത്രിയായി. രണ്ടാം ഉമ്മൻചാണ്ടി സർക്കാരിൽ ടൂറിസം,പട്ടികജാതി മന്ത്രി. എ.ഐ.സി.സി. അംഗമാണ്. മലപ്പുറം മുണ്ടുപറമ്പ് സ്വദേശിയാണ്. ഭാര്യ പ്രസീജ. മക്കളായ അർജുനും അമലും വിദ്യാർത്ഥികളാണ്
ബേപ്പൂർ: അഡ്വ. പി.എം. നിയാസ്
വയസ് 56.കന്നി അങ്കം .അന്തരിച്ച കോൺഗ്രസ് നേതാവ് കെ. സാദിരിക്കോയയുടെ മകനാണ് . കണ്ണൂർ ജില്ലയുടെ ചുമതലയുള്ള കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. കോഴിക്കോട് കോർപ്പറേഷൻ കൗൺസിലറായിരുന്നു. അഡീഷണൽ ഗവ. പ്ലീഡറായും സേവനം അനുഷ്ഠിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് സിൻഡിക്കേറ്റ് അക്കാഡമിക് കൗൺസിൽ അംഗമായിരുന്നു.ഭാര്യ ഹസ്ന നിയാസ്, മക്കൾ നേഹ നിയാസ് ,നിദാം നിയാസ്
കോഴിക്കോട് നോർത്ത് : കെ.എം. അഭിജിത്ത്
വയസ് 27. കന്നി അങ്കം. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്. 2014-ൽ കാലിക്കറ്റ് സർവകലാശാല യൂണിയൻ ചെയർമാൻ. കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2017ൽ സംഘടനാ തിരഞ്ഞെടുപ്പിലൂടെയാണ് കെ.എസ്.യു സംസ്ഥാന അദ്ധ്യക്ഷനായത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദവും ബി.എസ്.സി ഫിസിക്സിൽ ബിരുദവും നേടി. പിതാവ്: ഗോപാലൻകുട്ടി. മാതാവ്: സുരജ. സഹോദരൻ: വൈശാഖ്.
കൊയിലാണ്ടി : എൻ. സുബ്രഹ്മണ്യൻ
വയസ് 63. രണ്ടാം തവണയാണ് മത്സരിക്കുന്നത്.കഴിഞ്ഞ തവണ സി.പി.എമ്മിലെ കെ. ദാസനോട് പരാജയപ്പെട്ടു. കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന. സംസ്ഥാന യുവജന ക്ഷേമ ബോർഡ് വൈസ് പ്രസിഡന്റായിരുന്നു.മൂന്ന് പതിറ്റാണ്ടായി കുരവട്ടൂർ സഹകരണ ബാങ്ക് പ്രസിഡന്റാണ്. ഭാര്യ: എം.വി. ഷാജിമോൾ , മക്കൾ: അദിത്യൻ, അരുണ .
നാദാപുരം : അഡ്വ. കെ. പ്രവീൺ കുമാർ
വയസ് 48.കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി, നാഷണലിസ്റ്റ് യൂത്ത് കോൺഗ്രസ് അഖിലേന്ത്യ ജന.സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചു. നിയമബിരുദധാരിയാണ്. കഴിഞ്ഞ തവണ നാദാപുരത്ത് തോറ്റു.ഭാര്യ: ബിജില ( അദ്ധ്യാപിക തിരുവങ്ങൂർ ഹൈ സ്കൂൾ). മകൻ: ദേവദത്തൻ
സുൽത്താൻ ബത്തേരി : ഐ.സി .ബാലകൃഷ്ണൻ
46 വയസ്.സിറ്റിംഗ് എം.എൽ.എ.വയനാട് ഡി.സി.സി പ്രസിഡന്റ്, സംസ്ഥാന ട്രൈബൽ ഉപദേശക സമിതി അംഗം.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്,ആദിവാസി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
വാളാട് ഇല്ലത്തുമൂല വീട്ടിൽ ചന്തു -മീനാക്ഷി ദമ്പതികളുടെ മകൻ.ഭാര്യ: ലക്ഷ്മി. മക്കൾ; കാവ്യകൃഷ്ണ, ആര്യകൃഷ്ണ,ആഭിനകൃഷ്ണ.
മാനന്തവാടി :പി.കെ.ജയലക്ഷ്മി
വയസ് 41.മുൻ പട്ടികവർഗ ക്ഷേമ യുവജനകാര്യ മന്ത്രി.എ.ഐ. സി.സി. അംഗം, മൂന്നാം തവണയാണ് നിയമസഭയിലേക്ക് മത്സരിക്കുന്നത്.കുറിച്യ സമുദായാംഗം. 2011ൽ രാഹുൽ ഗാന്ധിയുടെ ടാലന്റ് ഹണ്ടിലൂടെയാണ് നിയമസഭാ സ്ഥാനാർത്ഥിയായത്. തവിഞ്ഞാൽ പഞ്ചായത്തിലെ കാട്ടിമൂല പാലോട്ട് തറവാട്ടിലെ കുഞ്ഞാമൻ അമ്മിണി ദമ്പതികളുടെ മകൾ.ഭർത്താവ് :അനിൽകുമാർ.മകൾ:ആരാധ്യ.
പേരാവൂർ: അഡ്വ. സണ്ണി ജോസഫ്
68 വയസ്. പേരാവൂരിൽ തുടർച്ചയായ മൂന്നാം അങ്കം. 2011ൽ സി.പി.എമ്മിലെ കെ.കെ.ശൈലജ, 2016ൽ അതേ പാർട്ടിയിലെ ബിനോയ് കുര്യൻ എന്നിവരെ പരാജയപ്പെടുത്തി നിയമസഭയിലെത്തി. കെ.എസ്.യുവിലൂടെ തുടക്കം. മുൻ ഡി.സി.സി പ്രസിഡന്റായിരുന്നു. നിലവിൽ യു.ഡി.എഫ് നിയമസഭ കക്ഷി ചീഫ് വിപ്പാണ്.
-തലശ്ശേരി: എം.പി.അരവിന്ദാക്ഷൻ
59 വയസ്. കണ്ണൂർ ഡി.സി.സി ജനറൽ സെക്രട്ടറി. കാവുംഭാഗം സ്വദേശി. രാജീവ് ഗാന്ധി ഫൗണ്ടേഷൻ പ്രസിഡന്റ്, സോഷ്യൽ വെൽഫെയർ ട്രസ്റ്റ് ചെയർമാൻ, തലശ്ശേരി മൈസൂർ റെയിൽവേ ആക്ഷൻ കമ്മിറ്റി ചെയർമാൻ, തലശ്ശേരി മുൻ നഗരസഭാംഗം.എൻ.പിഗോപാലൻ നായരുടേയും എം.പി ദേവകിയമ്മയുടെയും മകൻ. ഭാര്യ:കെ.എം ഉഷാകുമാരി. മകൾ:കെ.എം.അഞ്ജുഷ.
കണ്ണൂർ: സതീശൻ പാച്ചേനി
53 വയസ്. നിലവിൽ ഡി.സി.സി പ്രസിഡന്റ്. കണ്ണുർ മണ്ഡലത്തിൽ രണ്ടാം പോരാട്ടം. കഴിഞ്ഞ തവണ എൽ.ഡി.എഫിലെ കടന്നപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെട്ടു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നാല് തവണ നിയമസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും മത്സരിച്ചെങ്കിലും വിജയിച്ചില്ല.
ഇരിക്കൂർ: സജീവ് ജോസഫ്
48 വയസ്. കെ.എസ്.യുവിലൂടെ സംഘടനാ പ്രവർത്തനം തുടങ്ങി. യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി മനുഷ്യവകാശ വിഭാഗം, നെഹ്റു യുവകേന്ദ്ര ദേശീയ ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. നിലവിൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയാണ്. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൂത്തുപറമ്പിൽ സി.പി.എമ്മിലെ പി. ജയരാജനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കല്ല്യാശ്ശേരി: അഡ്വ. ബ്രിജേഷ് കുമാർ
42 വയസ്.ഡി.സി.സി ജനറൽ സെക്രട്ടറിയാണ്. കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ചുമതല വഹിച്ചിരുന്നു. കണ്ണൂർ സർവകലാശാല സെനറ്റ് അംഗമായിരുന്നു. 2011ൽ പയ്യന്നൂരിൽ സി.പി.എമ്മിലെ സി. കൃഷ്ണനോട് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
തളിപ്പറമ്പ് : വി.പി. അബ്ദുൾ റഷീദ്
30 വയസ്. കന്നിയങ്കം. കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റും കെ.പി.സി.സി പബ്ലിസിറ്റി കമ്മിറ്റി അംഗവുമാണ്. കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.
പയ്യന്നൂർ: എം. പ്രദീപ് കുമാർ
58 വയസ്.കോൺഗ്രസ് നേതാവും കവിയും നാടകകൃത്തുമായിരുന്ന ചന്ദ്രശേഖരൻ വൈദ്യരുടെ മകൻ. കെ.എസ്.യു.വിലൂടെ സംഘടനാ രംഗത്ത്. തിരഞ്ഞെടുപ്പ് രംഗത്ത് ആദ്യം. യൂത്ത്കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറിയായിരുന്നു. ഫോക്ലോർ അക്കാഡമി സെക്രട്ടറിയിയിരുന്നു.
കാഞ്ഞങ്ങാട്: പി.വി.സുരേഷ്
45 വയസ്. കാസർകോട് ഡി.സി.സി ജനറൽ സെക്രട്ടറി.കെ.എസ്.യുവിൽ തുടക്കം.2011-16 കാലയളവിൽ മലബാർ ദേവസ്വം ബോർഡ് കാസർകോട് ഏരിയാ കമ്മിറ്റി അംഗം. ഹോസ്ദുർഗ് താലൂക്ക് വികസന സമിതി അംഗം.ഹോസ്ദുർഗ് പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഡയറക്ടർ. അജാനൂർ വേലാശ്വരത്തെ സി .വി കണ്ണൻ- തമ്പായി ദമ്പതികളുടെ മകൻ. ഭാര്യ: സൗമ്യ.മക്കൾ: ഭാഗ്യലക്ഷമി, ഭാഗ്യശ്രീ
ഉദുമ: ബാലകൃഷ്ണൻ പെരിയ
49വയസ് .കെ .പി .സി .സി സെക്രട്ടറി. പെരിയയിലെ ചാണവളപ്പിൽ തറവാട്ടിൽ ക്ഷേത്രസ്ഥാനികനായിരുന്ന കുട്ടിവെളിച്ചപ്പാടന്റെയും കുഞ്ഞമ്മയുടെയും മകൻ. ഗൾഫിലെ ഉംഅൽ ഖൈൻ റേഡിയോയിൽ 24 മണിക്കൂർ തുടർച്ചയായി അക്രമരാഷ്ട്രീയത്തിനെതിരെ സംസാരിച്ചതിന് ഏഷ്യ ബുക്ക് ഒഫ് റെക്കാഡ് ലഭിച്ചു. ജേർണലിസത്തിൽ മാസ്റ്റർ ബിരുദം . ഭാര്യ: ശ്രീജ. മക്കൾ : കൃഷ്ണാനന്ദ സാഗർ, സ്നേഹാംബിക .