vivadavela

മഹാഭാരത കഥയിൽ, ദുശ്ശാസനൻ കടന്നുപിടിച്ചപ്പോൾ അഴിഞ്ഞുപോയ തന്റെ മുടി, അതേ ദുശ്ശാസനന്റെ മാറ് പിളർന്ന രക്തം പുരണ്ട കൈകൊണ്ടേ കെട്ടിവയ്ക്കൂവെന്ന് ശപഥം ചെയ്തത് പാഞ്ചാലി. അന്ന്, ചൂതുകളി സദസിൽ പാഞ്ചാലിയെ വസ്‌ത്രാക്ഷേപം ചെയ്യാനുള്ള തീരുമാനമെടുത്ത് നടപ്പാക്കിയത് ദുര്യോധനൻ, കർണ്ണൻ, ശകുനി, ദുശ്ശാസനൻ എന്നീ നാൽവർ സംഘമാണ്.

ഭീഷ്മരും ദ്രോണരുമടങ്ങുന്ന ആചാര്യന്മാർ നിരന്നിരിക്കുന്ന സഭയിൽ പാഞ്ചാലീവിലാപം വെറുമൊരു കരച്ചിലായി ഒടുങ്ങിപ്പോകാനുള്ളതായിരുന്നില്ല. തീക്ഷ്ണമായിരുന്നു ആ കണ്ണീർ. ആ സ്ത്രീശബ്ദത്തിന് മുഴക്കമേറെയായിരുന്നു.

പാഞ്ചാലിയുടെ അഴിച്ചിട്ട മുടിയും കൗരവസഭയിൽ വീണ കണ്ണീരും, മഹാഭാരത യുദ്ധത്തിൽ ശക്തമായ കഥാതന്തുവായി. ആ മുടിയും കണ്ണീരുമാണല്ലോ ഭീമസേനനെക്കൊണ്ട് ദുശ്ശാസനനെ കൊല്ലിച്ചത്. സ്ത്രീയുടെ കണ്ണീർ വീഴാനിടയാകരുതെന്ന് പഴമക്കാർ പറയുന്നത് മഹാഭാരതകഥയുടെ പ്രേരണയാലാവാം.

ആചാര്യന്മാരെപ്പോലും മൗനികളാക്കുന്ന പുരുഷാധിപത്യ ലോകക്രമത്തിന് നടുവിൽ നിന്ന് നടത്തുന്ന യുദ്ധപ്രഖ്യാപനമായും, പാഞ്ചാലീ ശപഥത്തെ വ്യാഖ്യാനിക്കണം.

പ്രജയെ ബോദ്ധ്യപ്പെടുത്താൻ പത്നി സീതയെ കാട്ടിലേക്കയച്ച ശ്രീരാമനോട്, സീത ഉയർത്തുന്ന തീക്ഷ്ണമായ സ്ത്രീപക്ഷ ചോദ്യമുണ്ട്, ആ ചോദ്യമാണ് മഹാകവി കുമാരനാശാൻ ചിന്താവിഷ്ട സീതയിലൂടെ ഉയർത്തുന്നത്:

"അരുതെന്തയി! വീണ്ടുമെത്തി ഞാൻ,

തിരുമുമ്പിൽ തെളിവേകി ദേവിയായ്,

മരുവീടണമെന്നു മന്നവൻ, കരുതുന്നോ?

ശരി! പാവയോയിവൾ!"- ജനബോദ്ധ്യത്തിനായി എപ്പോഴും കൂത്താടാൻ തന്റെ സ്ത്രീത്വാഭിമാനം അനുവദിക്കില്ലെന്ന് ആശാന്റെ സീത തീർത്തു പറഞ്ഞു. പുരുഷാധിപത്യ സമൂഹത്തിന്റെ രോഗാതുരമായ അവസ്ഥയെയാണിവിടെ തീക്ഷ്ണമായി സീത ചോദ്യം ചെയ്യുന്നത്.

സ്ത്രീ അബലയല്ല. അവരുടെ കണ്ണീരിന് വിലയുണ്ട്. അത് പാഞ്ചാലിയായാലും സീതയായാലും ഒരുപോലെ തന്നെ. ഈ പുരാണ കഥാപശ്ചാത്തലത്തിൽ നിന്നുകൊണ്ട്, നമുക്ക് ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടത്തിയ വിധിപ്രസ്താവത്തിനിടയിൽ, സുപ്രീംകോടതിയുടെ ഭരണഘടനാബഞ്ച് നടത്തിയ നിരീക്ഷണത്തിലേക്ക് ഒന്നു നോക്കാം. ചരിത്രാതീതകാലം മുതൽ സ്ത്രീകൾക്ക് അസമത്വം കല്പിക്കുകയും അപ്രകാരം വീക്ഷിക്കുകയും ചെയ്തുപോരുന്ന സമൂഹമായതിനാലാണ് പലർക്കും സ്ത്രീപക്ഷാവകാശങ്ങൾക്ക് വേണ്ടി പോരാടേണ്ടി വന്നതെന്ന് കോടതി നിരീക്ഷിച്ചു. ജീവിതത്തിന്റെ എല്ലാ തുറകളിലും പുരുഷനെപ്പോലെ സ്ത്രീക്ക് അവരുടെ കൈയൊപ്പ് പതിപ്പിക്കാൻ ഇടമില്ല. ദൈവികതയെ സമീപിക്കാനുള്ള പാതയിലും ഈ അസമത്വമുണ്ടെന്നും കോടതി പറഞ്ഞു.

കെ.പി.സി.സി ആസ്ഥാനമന്ദിരത്തിന് കഴിഞ്ഞ ദിവസം ഒരു സ്ത്രീവിലാപത്തിന് മൂകസാക്ഷിയാവേണ്ടി വന്നു. കേരള രാഷ്ട്രീയ ചരിത്രത്തിലെ അസാധാരണമായ രംഗമായിരുന്നു ഞായറാഴ്ച വൈകുന്നേരം കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിൽ അരങ്ങേറിയത്. ഏറ്റുമാനൂർ സീറ്റ് നിഷേധിക്കപ്പെട്ട മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ ലതിക സുഭാഷ് പൊട്ടിത്തെറിച്ചു. അവരുടെ കണ്ണീർ വീണു. അവർക്കൊപ്പമുണ്ടായിരുന്ന മഹിളാ കോൺഗ്രസ് പ്രവർത്തകരുടെയും കണ്ണീർ വീണു. പാഞ്ചാലി മുടിയഴിച്ചിട്ടാണ് പ്രതിഷേധിച്ചെങ്കിൽ ലതിക സുഭാഷ്, മുടി വെട്ടിമാറ്റി പ്രതിഷേധം തീർത്തു. അതെ, ഇന്ദിരാഭവന് മുന്നിൽ അവർ തലമുണ്ഡനം ചെയ്തു. ശബരിമല യുവതീപ്രവേശന വിധിയെ ശക്തിയുക്തം എതിർത്ത പാർട്ടികളിലൊന്ന് കോൺഗ്രസാണെന്നത് ഈ പശ്ചാത്തലത്തിൽ കൗതുകത്തോടെ ഓർക്കാം.

പ്രതിഷേധത്തിന്റെ

രൂപവും ഭാവവും

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥിപട്ടിക പുറത്തിറങ്ങിയ ദിവസം, കെ.പി.സി.സി, എ.ഐ.സി.സി നേതൃത്വങ്ങളെ ഒരുപോലെ അമ്പരപ്പിച്ചിരുന്നു ലതികയുടെ തലമുണ്ഡന പ്രതിഷേധം . അതും ഇന്ദിരാഭവന് മുന്നിൽ !

മുമ്പൊരിക്കലും ഇങ്ങനെയൊരു പ്രതിഷേധം, സ്വന്തം പാർട്ടി നേതൃത്വത്തെ ലക്ഷ്യമിട്ട്, ഒരു സജീവ പാർട്ടി പ്രവർത്തകയിൽ നിന്നോ പ്രവർത്തകനിൽ നിന്നോ ഉണ്ടായിട്ടില്ല. ലതിക സുഭാഷ് വെറുമൊരു നേതാവല്ല. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അദ്ധ്യക്ഷയായിരുന്നു ( ഇപ്പോൾ രാജി പ്രഖ്യാപിച്ചെങ്കിലും) മഹിളാ കോൺഗ്രസ് അദ്ധ്യക്ഷയ്ക്ക് ഇന്ദിരാഭവനിൽ പ്രത്യേകം ഓഫീസുണ്ട്. ലതിക സുഭാഷ്, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരളയാത്രയിൽ, പോഷകസംഘടനാ ഭാരവാഹിയെന്ന നിലയിൽ ജാഥാംഗമായിരുന്നു.

മുണ്ടുരിയൽ കേസും സത്യഗ്രഹവും

വിവാദമായ മുണ്ടുരിയൽ കേസിന്റെ തുടർച്ചയായി, ഇപ്പോഴത്തെ കെ.പി.സി.സി വൈസ് പ്രസിഡന്റ് ടി. ശരത് ചന്ദ്രപ്രസാദും കാസർകോട് എം.പി രാജ്മോഹൻ ഉണ്ണിത്താനും നടത്തിയ കുത്തിയിരിപ്പ് സമരമാണ്, കെ.പി.സി.സി ആസ്ഥാനത്തിന് മുന്നിൽ മുമ്പ് നടന്ന ശ്രദ്ധയാകർഷിച്ച പ്രതിഷേധം. മുണ്ടുരിയൽ കേസിലെ പ്രതികളെ പിടികൂടുന്നില്ലെന്നാക്ഷേപിച്ച് സ്വന്തം പാർട്ടി നേതൃത്വത്തിനെതിരെ കലാപമുയർത്തി അവരിരുവരും കുത്തിയിരിപ്പ് സമരം നടത്തി.

2004 മേയ് മൂന്നിന്, തിരുവനന്തപുരത്തെ പ്രിയദർശിനി പ്ലാനറ്റോറിയത്തിൽ കെ.പി.സി.സി നിർവാഹകസമിതി യോഗം ചേരവേ ഒരു സംഘം സ്ഥലത്തെത്തി ഉണ്ണിത്താനെയും ശരതിനെയും മർദ്ദിക്കുകയും അവരുടെ മുണ്ടുരിയുകയും ചെയ്ത കേസാണ് ഇരുവരുടെയും പ്രതിഷേധത്തിന് വഴിമരുന്നിട്ട സംഭവം. കെ.പി.സി.സി പ്രസിഡന്റായിരുന്ന കെ. മുരളീധരനുമായുണ്ടായ അഭിപ്രായവ്യത്യാസം മുറുകിയപ്പോൾ സംഭവിച്ചതാണത്. അതിന് ശേഷം നേതൃത്വത്തിനെതിരെ പ്രതീകാത്മക സമരം അരങ്ങേറിയത് ലതിക സുഭാഷിലൂടെയായി.

കോൺഗ്രസ് പട്ടികയുടെ

നിറം കെടുമോ

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക പുറത്തിറങ്ങിയ ദിവസം, അതിനേക്കാൾ ചർച്ചയായതും കേരളം ശ്രദ്ധിച്ചതും ലതികയുടെ പ്രതിഷേധമായിപ്പോയത് സ്വാഭാവികം. പ്രതിഷേധത്തിന്റെ സ്വഭാവം കൊണ്ട് മാത്രമാണത്. തലമുണ്ഡനം, അതും സ്വന്തം പാർട്ടി ഓഫീസിന് മുന്നിൽ, ഒരു വനിതാനേതാവ് വേദന അടക്കിപ്പിടിച്ച് നടത്തുകയെന്നത് നിസാരകാര്യമല്ല. മുടി ഉപയോഗിച്ചുള്ള പ്രതിഷേധം, പാഞ്ചാലിയുടെ ശപഥത്തോടാണ് തുലനം ചെയ്യപ്പെടുക. പാഞ്ചാലീശപഥം, കൗരവകുലത്തിന്റെ അന്ത്യത്തിലാണ് ചെന്നുനിന്നത് എന്നതിനാൽ ആ പ്രതിഷേധത്തിന് കല്പിക്കപ്പെടുന്ന മാനം ചെറുതല്ല.

പക്ഷേ, കൗരവരുടേതിന് സമാനമായ പാതകം കോൺഗ്രസ് നേതൃത്വം കാട്ടിയിട്ടുണ്ടോയെന്ന ചോദ്യം പ്രസക്തമാണ്. കോൺഗ്രസ് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മത്സരിക്കുന്നത് 92 സീറ്റുകളിലാണ്. അതിൽ ഏറ്റുമാനൂരാണ് ലതികയുടെ തർക്കവിഷയം. അവർക്ക് കോൺഗ്രസ് നേതൃത്വം പല ഘട്ടങ്ങളിലും ഉറപ്പ് കൊടുത്തതായിരുന്നു ഏറ്റുമാനൂരിലെ സ്ഥാനാർത്ഥിത്വം. പക്ഷേ സീറ്റ് വീതംവയ്പിൽ കേരള കോൺഗ്രസ്- ജോസഫ് പക്ഷം ഏറ്റുമാനൂരിനായി വാശിപിടിച്ചു. തർക്കം കുറച്ചുനാൾ നീണ്ടു. എവിടെയെങ്കിലും വച്ച് ഇതവസാനിപ്പിക്കണമെന്നത് കൊണ്ടാകാം, കോൺഗ്രസ് നേതൃത്വത്തിന് വഴങ്ങേണ്ടി വന്നു. ലതിക സുഭാഷിന് പറഞ്ഞുവച്ച സീറ്റായത് കൊണ്ടും അവർ വനിതയായതു കൊണ്ടും മാത്രമല്ലേ, അങ്ങനെ വഴങ്ങിക്കൊടുത്തത് എന്ന മറുചോദ്യം പ്രസക്തമല്ലാതാകുന്നില്ല. അങ്ങനെയെങ്കിൽ പുതുപ്പള്ളി വിട്ടുകൊടുക്കുമോ എന്ന് ചോദിച്ചാൽ!

പക്ഷേ, ഏറ്റുമാനൂരിന് പകരം ലതികയ്ക്ക് കാഞ്ഞിരപ്പള്ളിയടക്കം മറ്റേതെങ്കിലും സീറ്റ് നൽകാമെന്ന് സമ്മതിച്ചിരുന്നെന്ന് കോൺഗ്രസ് നേതാക്കൾ പറയുന്നു. വി.എസ്. അച്യുതാനന്ദനെതിരെ മലമ്പുഴയിൽ മത്സരിക്കാൻ ധൈര്യം കാട്ടിയ ലതികയ്ക്ക് ഇക്കുറി ഉറച്ചതും അവർക്ക് ആത്മവിശ്വാസമേകുന്നതുമായ സീറ്റ് നൽകേണ്ടിയിരുന്നില്ലേ എന്ന ചോദ്യത്തിന് തന്നെയാണ് അപ്പോഴും ന്യായമുള്ളത്.

ചില്ലറ അപവാദങ്ങൾ ഒഴിച്ചുനിറുത്തിയാൽ കോൺഗ്രസ് ഇറക്കിയ സ്ഥാനാർത്ഥി പട്ടിക തിളക്കമുള്ളത് തന്നെയാണ്. 10- 15 പേരുകൾ നിരാശ പകരുന്നുണ്ടെന്ന് കോൺഗ്രസിനകത്ത് പലരും അടക്കം പറയുന്നുണ്ട്. പക്ഷേ, കായംകുളത്ത് പരിഗണിച്ച അരിത ബാബു എന്ന 27കാരിയുടെ സ്ഥാനാർത്ഥിത്വം ഇത്തവണത്തെ കോൺഗ്രസ് പട്ടികയിലെ ഏറ്റവും തിളക്കമാർന്ന ഏടാണ്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂരിൽ രമ്യ ഹരിദാസ് ചർച്ച ചെയ്യപ്പെട്ടത് പോലെ.

കോൺഗ്രസിന് ഇത്തരത്തിലൊരു പട്ടിക പുറത്തിറക്കാൻ സാധിച്ചത് വലിയ അദ്ഭുതമാണ്. സീറ്റ് മോഹികളുടെ വലിയ നിര പുറത്ത് കാത്തുനിൽക്കുമ്പോൾ പ്രത്യേകിച്ചും. കേരളത്തിലെമ്പാടും പതിവിൻപടി പ്രതിഷേധ കലാപരിപാടികൾ കോൺഗ്രസിനകത്ത് അരങ്ങേറുന്നുണ്ട്. അതൊന്നുമല്ല പക്ഷേ ഈ പട്ടികയുടെ മാറ്റിനെ ചോർത്തിക്കളഞ്ഞത്. അത് ലതിക സുഭാഷിന്റെ തലമുണ്ഡന പ്രതിഷേധമൊന്ന് മാത്രമാണ്. ആ വികാരവിക്ഷോഭ രംഗങ്ങൾ കേരളീയ സ്ത്രീസമൂഹത്തിനിടയിൽ ഏതുരീതിയിലുള്ള ചലനമാവും സൃഷ്ടിക്കുക? ദൃശ്യമാദ്ധ്യമങ്ങളിലൂടെ കേരളമാകെ ലൈവായാണ് ആ പ്രതിഷേധം കണ്ടത്. ഉമ്മൻ ചാണ്ടി പുതുപ്പള്ളി ഒഴിഞ്ഞ് ലതികയെ മത്സരിപ്പിച്ചാലേ ഇനി അതിന്റെ തീവ്രത കുറയൂവെന്ന് രാഷ്ട്രീയനിരീക്ഷകനായ അഡ്വ. ജയശങ്കർ ഒരു ചാനൽചർച്ചയിൽ പറയുകയുണ്ടായി.

വനിതാ സ്ഥാനാർത്ഥിത്വങ്ങൾ

ഇനി അല്പം വനിതാ സ്ഥാനാർത്ഥിത്വങ്ങളിലേക്ക് വരാം.

ഇടതുമുന്നണിയിൽ 86 സീറ്റുകളിൽ മത്സരിക്കുന്ന സി.പി.എം പരിഗണിച്ചത് 12 വനിതകളെയാണ്. യുവതീപ്രവേശന വിധിക്കൊപ്പം നിന്നെങ്കിലും സി.പി.എമ്മിലും സ്ത്രീതുല്യതയ്‌ക്ക് പ്രാമുഖ്യം കല്പിക്കപ്പെടുന്നില്ലെന്ന ചിന്തയാണ് 2016ലെ സ്റ്റാറ്റസ്കോ തന്നെ ആവർത്തിക്കപ്പെടുമ്പോൾ ഉയരുന്നത്.

യു.ഡി.എഫിൽ കോൺഗ്രസ് കഴിഞ്ഞ തവണയും ഇത്തവണയും ഒൻപത് പേരെ പരിഗണിച്ചു. ഈ സംഖ്യ ഇനിയുമുയർന്നേക്കാം. കാരണം ആറിടത്ത് കൂടി സ്ഥാനാർത്ഥികൾ വരാനുണ്ട്. ഇടതിൽ സി.പി.ഐയിൽ സ്ത്രീപ്രാതിനിദ്ധ്യം വല്ലാതെ കുറഞ്ഞു. കഴിഞ്ഞ തവണ നാലിടത്ത് പരിഗണിച്ച അവർ ഇക്കുറി രണ്ടിടത്തേ വനിതകളെ പരിഗണിച്ചുള്ളൂ. എന്നാൽ ഒരു കൗതുകകരമായ മാറ്റം യു.ഡി.എഫിനകത്തുണ്ടായി. അത് മുസ്ലിംലീഗിൽ നിന്നാണ്. 1996ന് ശേഷം ആദ്യമായി അവർ ഒരു വനിതയെ മത്സരിക്കാനിറക്കി. കോഴിക്കോട് സൗത്തിൽ നൂർബിന റഷീദിനെ. സമസ്തയടക്കമുള്ള പ്രസ്ഥാനങ്ങൾ അതിൽ നെറ്റിചുളിച്ച് രംഗത്തെത്തിയെന്നത് വേറെ കാര്യം.

കേരള കോൺഗ്രസ്-എമ്മിന്റെ പിറവത്തെ സ്ഥാനാർത്ഥിത്വം വനിതാ പ്രാതിനിദ്ധ്യ ചർച്ചകളിൽ വേറിട്ട ഒരു കൗതുകമായിരുന്നു. സി.പി.എം പാർട്ടിയംഗത്തെ പിറവത്ത് മാണിഗ്രൂപ്പ് സ്ഥാനാർത്ഥിയാക്കിയപ്പോൾ, അവിടത്തെ മാണിഗ്രൂപ്പുകാർ കലാപമുയർത്തി. ആ സ്ഥാനാർത്ഥിയെ പ്രാദേശിക സി.പി.എം നേതൃത്വം പുറത്താക്കിയപ്പോൾ, അതിനെ ജില്ലാ നേതൃത്വം തള്ളിപ്പറഞ്ഞു!