obit

തലശ്ശേരി: ചേമഞ്ചേരി യാത്രപറഞ്ഞിറങ്ങുമ്പോൾ തലശേരിയിലെ ഭാരതീയ നാട്യ കലാലയത്തെയും വിസ്മരിക്കാനാകില്ല. കൗമുദി ടീച്ചറുടെ നിർബന്ധമാണ് ചേമഞ്ചേരിയെ ആദ്യം കണ്ണൂരിലേക്കും പിന്നീട് തലശ്ശേരിയിലേക്കും എത്തിച്ചത്. തിയോസഫിക്കൽ സൊസൈറ്റിയുടെ ഹാളിലായിരുന്നു തലശ്ശേരിയിൽ ആദ്യകാലത്ത് നൃത്തമഭ്യസിപ്പിച്ചത്. കഥകളിയുടെയും ഇതര കേരളീയ കലകളുടെയും ജീവസത്തയെ ലോകത്തിന് പകർന്നേകിയ നൃത്താചാര്യൻ പത്മശ്രീ ചേമഞ്ചേരി കുഞ്ഞിരാമൻ നായരെ വിസ്മരിച്ചൊരു കലാചരിത്രം കൈരളിക്കില്ല.

105- ാം വയസിലും ലാസ്യ-ലയ സമ്മോഹനമായിരുന്നു ആ ധന്യ ജീവിതം. ലോകമാകെ നിറയുന്ന പല തലമുറകളിലെ ആയിരക്കണക്കായ ശിഷ്യ സമ്പത്തുള്ള അപൂർവ സർഗ്ഗ ജന്മം.
സംഗീത നൃത്തകലാദികളുടെ സഞ്ചാര പദ്ധതിയുടെ കാതലാണ് തിരുവങ്ങാട്ടെ ഭാരതീയ നാട്യകലാലയത്തിന്റെ കർമ്മസാഫല്യം.


നർത്തകരായ വിഭാ വാസു, വിജയലക്ഷ്മി, നടൻ വിനീത്, ശ്രീനിവാസൻ ,സീതാലക്ഷ്മി, വസന്ത ടീച്ചർ, ഗീത ടീച്ചർ തുടങ്ങി എത്രയെത്ര ശിഷ്യർ... വിഖ്യാത ചിത്രകാരന്മാരായ ടി. അനന്തൻ മാസ്റ്റർ, പി.എസ്. കരുണാകരൻ തുടങ്ങിയവർ അണിയറ ശിൽപ്പികളായിരുന്നു.

കലാലയത്തിന്റെ ഓരോ വാർഷികവും കേവലം ചടങ്ങുകൾ മാത്രമായിരുന്നില്ല, പ്രബുദ്ധമായ ഒരു നാടിന്റെ ഉത്സവം കൂടിയായി മാറുകയായിരുന്നു. നൃത്തങ്ങളും സംഗീത മേളവുമെല്ലാം സമഞ്ജസമായി സമ്മേളിക്കുകയാണിവിടെ. ഭാരതീയ പാരമ്പര്യ ശൈലിയെ മുറുകെ പിടിക്കുമ്പോഴും, അടിസ്ഥാന പ്രമാണങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ കാലികമായ പരിവർത്തനങ്ങൾ ഉൾക്കൊള്ളാനും ചേമഞ്ചേരിക്ക് കഴിഞ്ഞു.


പഠിതാക്കളുടെ ആത്മസത്തയെ ഉണർത്താനും ഈ മഹാഗുരുവിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഉത്തരകേരളത്തിനകത്തും പുറത്തുമുള്ള ആയിരക്കണക്കിന് കലാകാരന്മാരും ആസ്വാദകരും അഭിമാനപൂർവ്വം ഈ മഹാ ഗുരുവിന് മുന്നിൽ ആദരവോടെ തല കുനിക്കുന്നതും.
ഭരതനാട്യത്തിൽ, ബ്രണ്ണൻ കോളജ് പ്രിൻസിപ്പലായിരുന്ന കരിമ്പുഴ രാമകൃഷ്ണന്റെ രചനയിൽ, അഷ്ടപദി എന്ന അപൂർവ നൃത്തരൂപത്തിന് കൊറിയോഗ്രാഫി ചെയ്ത ചേമഞ്ചേരി നിരവധി വേദികളെ വിസ്മയഭരിതമാക്കി. അസ്തമിച്ച് പോകുമായിരുന്ന ഈ കലാരൂപം നൂറ് വയസ് കഴിഞ്ഞതിന് ശേഷമാണ് ഗുരു ചേമഞ്ചേരി നർത്തകി കലാമണ്ഡലം ഷീബാ കൃഷ്ണ കുമാറിന് പകർന്നേകിയത്.


പുരസ്‌ക്കാരങ്ങളുടെ പെരുമഴ തന്നെ ഈ മഹാ മനുഷ്യനിൽ പെയ്തിറങ്ങിയിട്ടുണ്ട്. കിട്ടിയ പുരസ്‌ക്കാരം കിരീടം പോലെ ശിരസിൽ വച്ച് കലാശ നൃത്തം ചവിട്ടുക പതിവാണ്. എത്ര എളിയവനിൽ നിന്ന് പുരസ്‌ക്കാരം ലഭിച്ചാലും അവരുടെ കാൽതൊട്ട് വന്ദിക്കുക പതിവാണെന്ന് അനുഭവസാക്ഷ്യത്തോടെ ചിത്രകാരൻ കെ.കെ. മാരാർ പറഞ്ഞു.


സ്വന്തം ഗുരുവായ കരുണാകരമേനോനെ പിതാവായി കണ്ട പ്രിയശിഷ്യന്റെ മടിയിൽ കിടന്നാണ് ഗുരു മരണമടഞ്ഞത്. അത്രമേൽ ഹൃദയാർദ്രമായിരുന്നു ആ ഗുരുശിഷ്യബന്ധം.
ഗുരുവായൂരിലും, പത്മനാഭസ്വാമി ക്ഷേത്രത്തിലും, മൃദംഗ ശൈലേശ്വരിയിലും, മാമാനത്തുമെല്ലാം ശിഷ്യഗണങ്ങൾ വർഷംതോറും നടത്തി വരുന്ന ശാസ്ത്രീയ നൃത്ത പരിപാടികൾ ക്ഷേത്ര നടന വഴിപാടുകളായി മാറുകയാണ്. ഏറ്റവുമൊടുവിൽ പത്മശ്രീ ബഹുമതി ലഭിച്ചപ്പോൾ തലശ്ശേരി ടൗൺ ഹാളിൽ നടന്ന പൗരാവലിയുടെ സ്വീകരണത്തിൽ, അരങ്ങിലെ കലാകാരനും സദസിലെ ആസ്വാദകനും ഒന്നായി മാറുന്ന അസുലഭ സുന്ദരമായ അനുഭൂതി വിശേഷമാണ് പങ്കെടുത്തവരെല്ലാ. അനുഭവിച്ചറിഞ്ഞത്.