election

മുക്കം: മുന്നണികൾ മൂന്നും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ തിരുവമ്പാടിയിൽ പോരാട്ടത്തിന്റെ ചിത്രം തെളിഞ്ഞു. എൽ.ഡി.എഫ് സ്ഥാനാർത്ഥി ലിന്റോ ജോസഫ് (സി.പി.എം) ബുധനാഴ്ചയും
യു.ഡി.എഫ് സ്ഥാനാർത്ഥി സി.പി. ചെറിയ മുഹമ്മദ് (മുസ്ലിം ലീഗ്) വെള്ളിയാഴ്ചയും പ്രചരണം തുടങ്ങി. എൻ.ഡി.എ സ്ഥാനാർത്ഥി ബേബി അമ്പാട്ട് ഞായറാഴ്ചയാണ് രംഗത്തെത്തിയത്. സർവേ റിപ്പോർട്ടുകളിലെല്ലാം അവകാശപ്പെട്ടത് പോലെ സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും ക്ഷേമ പ്രവർത്തനങ്ങളും ജനങ്ങളിലുളവാക്കിയ മതിപ്പും ജോർജ് എം. തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ തിരുവമ്പാടിയിൽ നടപ്പാക്കിയ രണ്ടായിരം കോടി രൂപയുടെ വികസന പ്രവർത്തനങ്ങളും പ്രചരണായുധമാക്കിയാൽ തന്നെ വിജയം കൊയ്യാമെന്ന കണക്കുകൂട്ടലാണ് എൽ.ഡി.എഫ്.

എന്നാൽ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൂടെയുണ്ടായിരുന്ന ചില സോഷ്യലിസ്റ്റ് വിഭാഗങ്ങൾ എതിർ മുന്നണിയിൽ സ്ഥാനം നേടിയതിന്റെ ക്ഷീണം തീർക്കാൻ അടിയൊഴുക്കുകളെ ആശ്രയിക്കാനാണ് യു.ഡി.എഫ് നീക്കം. തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രയോഗിച്ചതും വിവാദമായപ്പോൾ മനസില്ലാ മനസോടെ ഉപേക്ഷിച്ചതുമായ വെൽഫെയർ സഖ്യം പൊടി തട്ടിയെടുത്ത് പ്രയാേഗിക്കാനാണ് യു.ഡി.എഫിൽ മുസ്ലിം ലീഗിന്റെ അണിയറ നീക്കം.

തിരുവമ്പാടിയിൽ മുസ്ലിം ലീഗ് മത്സരത്തിനിറക്കിയ സ്ഥാനാർത്ഥിയും വെൽഫെയറും തമ്മിൽ ഗെയ്ൽ വിരുദ്ധ പ്രക്ഷോഭകാലം മുതൽ ദൃഢമായ ബന്ധമാണ്. ആ ബന്ധം മുതലാക്കാനാണ് ഇരു പാർട്ടികളുടെയും നീക്കം. അതിന്റെ തെളിവാണ് തിരുവമ്പാടിയിൽ സ്ഥാനാർത്ഥിയെ നിർത്താനുള്ള തീരുമാനത്തിൽ നിന്ന് വെൽഫെയർ പാർട്ടി പിന്നാക്കം പോകുമെന്ന സൂചന. വെൽഫെയർ പാർട്ടിക്ക് ഏറ്റവും കൂടുതൽ വോട്ടും സ്വാധീനവുമുള്ള മണ്ഡലമാണ് തിരുവമ്പാടി. അറിയപ്പെടുന്ന സംസ്ഥാന ജില്ലാ നേതാക്കളിൽ അധികവും ചേന്ദമംഗല്ലുർ, കൊടിയത്തൂർ, ചെറുവാടി മേഖലകളിൽ നിന്നുള്ള വരുമാണ്.

തിരുവമ്പാടിയിൽ ആറായിരത്തോളം വോട്ടുണ്ടെന്നാണ് അവരുടെ അവകാശവാദം. വെൽഫെയർ പാർട്ടിക്ക് മുക്കം നഗരസഭയിൽ മൂന്നു കൗൺസിലർമാരും കൊടിയത്തൂർ പഞ്ചായത്തിൽ രണ്ടംഗങ്ങളും കാരശ്ശേരി പഞ്ചായത്തിൽ ഒരംഗവുമുണ്ട്. ഈ മൂന്നു തദ്ദേശ സ്ഥാപനങ്ങളും തിരുവമ്പാടി മണ്ഡലത്തിലാണ്. നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവൻഷൻ ഉദ്ഘാടനം ചെയ്യാൻ ഇക്കഴിഞ്ഞ ഏഴിന് മുക്കത്തു വന്നപ്പോൾ
വെൽഫെയർപാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം അറിയിച്ചത് പാർട്ടി ഈ തിരഞ്ഞെടുപ്പിൽ തിരുവമ്പാടി അടക്കം അൻപതിലധികം സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ്. ഇത്തരം പ്രഖ്യാപനങ്ങൾ വിഴുങ്ങി തിരുവമ്പാടിയിൽ മത്സരിക്കുന്നതിൽ നിന്ന് പിന്നാക്കം പോകുന്നത് പ്രത്യാഘാതത്തിനിടയാക്കുമെന്ന് അണികൾക്ക് ആശങ്കയുണ്ട്. എൻ.ഡി.എയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം വന്നത് ഞായറാഴ്ചയാണ്. അവരുടെ തിരഞ്ഞെടുപ്പു കമ്മിറ്റി ഓഫീസ് മുക്കം സി.എച്ച്.സി. ജംഗ്ഷനിൽ പ്രവർത്തനമാരംഭിക്കുകയും ചെയ്തു.