
പൂവാർ: വേനൽ കടുത്തതോടെ മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞു. ഒപ്പം ആഴക്കടൽ മത്സ്യബന്ധന വിവാദവുമാണ് ഇപ്പോൾ മത്സ്യത്തൊഴിലാളികളെ ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും കടൽ മലിനമാകുന്നതുമാണ് മത്സ്യലഭ്യത കുറയാൻ കാരണം. വേനൽക്കാലമാകുമ്പോഴുള്ള മത്സ്യങ്ങളുടെ പലായനവും മൺസൂണിൽ ഇവ മടങ്ങിയെത്താത്തതും കാരണമായി പറയുന്നു. നഗരകേന്ദ്രങ്ങളിൽ കുന്നുകൂടുന്ന മാലിന്യങ്ങൾ കടലിൽ വന്നുചേരുന്നു..ഇവ പലപ്പോഴും മീനുകൾ അവയുടെ ഭക്ഷണമാണെന്നു കരുതി കൊത്തി വിഴുങ്ങാറുണ്ട്. ഇത് മീനുകൾ കൂട്ടത്തോടെ ചാകാൻ കാരണമാകുന്നു.
അത്യാധുനിക വലകൾ ഉപയോഗിച്ച് കടലിന്റെ അടിത്തട്ടിലും പരപ്പിലുമുള്ള ചെറു മത്സ്യങ്ങളെ വരെ കോരിയെടുക്കുന്നതും മീനുകൾ കുറയാൻ കാരണമായി.
പരമ്പരാഗത മത്സ്യബന്ധനം നടത്തുന്നവരിൽ പലർക്കും വെറും കൈയോടെ മടങ്ങാനാണ് വിധി. ചിലപ്പോൾ ചെലവ് കാശ് പോലും കിട്ടാറില്ലെന്നും പറയുന്നു. കടൽ സമ്പത്ത് വർദ്ധിപ്പിക്കാൻ ഇപ്പോഴുള്ള നടപടികൾ പര്യാപ്തമാണോ എന്നും വിലയിരുത്തേണ്ടിയിരിക്കുന്നു.
പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കായി സീറാഞ്ചിംഗ്, കൂടുകൃഷി, കൃത്രിമപ്പാര് എന്നീ പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്. കടൽ ദൂരം 12 നോട്ടിക്കൽ മൈൽ എന്നത് 36 ആക്കുകയും വേണമെന്നതാണ്. ഇതെല്ലാം കടലിലെ മത്സ്യസമ്പത്ത് കുറഞ്ഞ സാഹചര്യത്തിൽ അതിനെ അതിജീവിക്കാൻ സർക്കാർ സ്വീകരിച്ച മാർഗങ്ങളാണ്.
. കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ മത്സ്യബന്ധന നിയന്ത്രണമുണ്ടായിരുന്നപ്പോൾ മത്സ്യവില ഇരട്ടിയിലധികമായി. നിയന്ത്രണങ്ങളിൽ അയവ് വന്നപ്പോൾ മത്സ്യലഭ്യതയും കുറഞ്ഞു എന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്.
കടൽ സമ്പത്ത് വർദ്ധിപ്പിക്കാൻ ആവശ്യമായ നടപടി സ്വീകരിക്കണം. കൂടാതെ പരമ്പരാഗത രീതിയിൽ മത്സ്യബന്ധനത്തിലേർപ്പെടുന്ന തൊഴിലാളികൾക്ക് ന്യായവില ഉറപ്പു വരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണം. ജോർജ്ജ്, മത്സ്യത്തൊഴിലാളി
മത്തി കാണാനില്ല
നമുക്ക് സുലഭമായി ലഭിച്ചിരുന്ന മത്തി (ചാള,കരിംചാള, കൊക്കൊല), ഒമാൻ മത്തി, നത്തോലി(കൊഴുവ), വറ്റ, ക്ലാത്തി, കരിമീൻ, ചെമ്മീൻ, നെയ്മീൻ, കിളിമീൻ, മോത, മുള്ളൻ, പരവ, കണവ (കൂന്തൽ), ശീലാവ്, കൊഴിയാള, വാള, അയല, ചൂര തുടങ്ങിയ 20 ഓളം മത്സ്യ ഇനങ്ങളാണ് ഇത്തരത്തിൽ കുറയുന്നത്.ഇവയിൽ കൂടുതൽ അളവിൽ ലഭിച്ചിരുന്ന മത്തി പോലുള്ള മീനുകളിൽ പലതിനുമാണ് ഇപ്പോൾ ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നത്. അയല, ചൂര തുടങ്ങിയ കുറച്ച് ഇനം മീനുകൾ മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.
ഫോട്ടോ:പ്രതീക്ഷയോടെ കടലിനെ നോക്കുന്ന മത്സ്യതൊഴിലാളികളുടെ മക്കൾ.