
തടാക പ്രദേശത്തെ കയ്യേറ്റത്തിനെതിരെ ശക്തമുയർത്തിയതിന് ദാരുണമായി കൊല്ലപ്പെട്ട പൂജാരിയുടെ മകൾ മത്സരരംഗത്തേക്ക്. തമിഴ്നാട്ടിൽ ക്രൂരമായ കൃത്യങ്ങൾക്ക് മുന്നിൽ പകച്ചു പോയ സ്ത്രീകളുടെ പ്രതിനിധി ആയിട്ടാണ് 38 കാരിയായ വി. അന്നലക്ഷ്മി മത്സരിക്കുന്നത്. ശ്രീരംഗം മണ്ഡലത്തിൽ നിന്നാണ് അന്നലക്ഷ്മി ജനവിധി തേടുന്നത്. അന്നലക്ഷ്മിയുടെ പിതാവ് വീരമലൈ കരൂർ ജില്ലയിലെ അയ്യനാർ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു.
2019 ജൂലായിലാണ് വീരമലൈയും മകൻ നല്ലതമ്പിയും കൊല്ലപ്പെട്ടത്. മുതലൈപ്പെട്ടിയിലെ തടാകത്തിൽ നടന്ന കയ്യേത്തിനെതിരെ പരാതി നൽകിയതിന് ഒരു സംഘം ചേർന്ന് ഇരുവരെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ അന്നലക്ഷ്മി ഒറ്റയ്ക്ക് പോരാടിയിരുന്നു.
200 ഏക്കർ പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന തടാക പ്രദേശത്തെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് മുമ്പാകെ അന്നലക്ഷ്മി പരാതി സമർപ്പിച്ചു. കയ്യേറ്റക്കാർക്ക് അനധികൃതമായി പട്ടയം ലഭിച്ചതായും അന്നലക്ഷ്മി ചൂണ്ടിക്കാട്ടി. കൃഷി ഭൂമിയിൽ നിന്ന് ലഭിക്കുന്ന മിതമായ വരുമാനത്തിലാണ് അമ്മയും ഇളയ സഹോദരിയും അടങ്ങുന്ന അന്നലക്ഷ്മിയുടെ കുടുംബം കഴിയുന്നത്.
'എന്റെ പിതാവിനെയും മൂത്ത സഹോദരനെയും എനിക്ക് നഷ്ടപ്പെട്ടു. നഷ്ടപ്പെടാനൊന്നുമില്ല. ഇനി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാനാണ് ആഗ്രഹം. സ്ത്രീകൾ ആഘാതത്തിന് മുന്നിൽ പതറാതെ മുന്നോട്ട് പോകുന്നതിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു' അന്നലക്ഷ്മി പറയുന്നു.
ശ്രീരംഗം നിയോജക മണ്ഡലത്തിൽ മുതലൈപ്പെട്ടിയ്ക്കടുത്തുള്ള ഇനംപുലിയൂരിലാണ് അന്നലക്ഷ്മിയും കുടുംബവും ഇപ്പോൾ താമസിക്കുന്നത്. അന്നലക്ഷ്മി അവിവാഹിതയാണ്. ദേശീയ മക്കൾ ശക്തി കട്ചിയുടെ സ്ഥാനാർത്ഥിയായി ഫുട്ബോൾ ചിഹ്നത്തിൽ മത്സരിക്കുന്ന അന്നലക്ഷ്മിയ്ക്ക് ചെന്നൈ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മക്കൾ പാതൈ എന്ന സന്നദ്ധ സംഘടനയുടെ പിന്തുണയുമുണ്ട്. അന്നലക്ഷ്മിയ്ക്കും കുടുംബത്തിനും പ്രതിസന്ധി ഘട്ടത്തിൽ തുണയായെത്തിയ സംഘടനയായിരുന്നു ഇത്.
മത്സരത്തിൽ വിജയിച്ചാൽ ശ്രീരംഗത്ത് ബസ് ടെർമിനൽ, ശ്രീരംഗസ്വാമി ക്ഷേത്രത്തിന് ചുറ്റുമുള്ള ഭൂമി തർക്ക പരിഹാരം, കൊല്ലിടം നദിയ്ക്ക് കുറുകെ ചെക്ക് - ഡാം, പുഷ്പ കൃഷിയിലേർപ്പെട്ടിരിക്കുന്നവരെ സഹായിക്കാൻ പെർഫ്യൂം എക്സ്ട്രാക്ഷൻ യൂണിറ്റ് തുടങ്ങിയവയാണ് അന്നലക്ഷ്മി ജനങ്ങൾക്ക് നൽകുന്ന വാഗ്ദാനങ്ങൾ. തന്റെ പ്രതിഫലത്തിന്റെ 75 ശതമാനവും പൊതുജനക്ഷേമത്തിന് വിനിയോഗിക്കുമെന്നും അന്നലക്ഷ്മി പറയുന്നു.