
സമൂഹത്തിന്റെ എല്ലാ രംഗങ്ങളിലും വനിതകൾ പ്രാതിനിദ്ധ്യം ഉറപ്പാക്കിയ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഭരണ - വ്യവസായ - നിയമ - ശാസ്ത്ര - മാദ്ധ്യമ രംഗങ്ങളിൽ വെട്ടിത്തിളങ്ങുന്ന സ്ത്രീരത്നങ്ങളെ കാണാം. ഇവരൊന്നും വനിതകളായതിന്റെ പേരിലോ പുരുഷന്മാർ മാറിനിന്നതിനാലോ കടന്നുവന്നവരല്ല. സ്വന്തം കഴിവിന്റെ പിൻബലത്തിൽ വ്യക്തികളെന്ന നിലയിൽ തന്നെ ഉയർന്നുവന്നവരാണ്. പരമ്പരാഗതമായി പുരുഷന്മാർ മാത്രം പണിയെടുത്തിരുന്ന സേനാവിഭാഗങ്ങളിലും സ്ത്രീകൾ ഇപ്പോൾ തിളങ്ങുന്നു. പാറ ചുമക്കൽ, ട്രക്ക് ഓടിക്കൽ തുടങ്ങിയവയിലും അവർ സാന്നിദ്ധ്യമറിയിക്കുന്നു. ഇതൊന്നും സ്ത്രീ സംവരണത്തിന്റെ പേരിൽ അവർക്ക് ലഭിച്ചതല്ല. സാഹചര്യങ്ങളോട് പോരാടി അവർ നേടിയെടുത്തതാണ്. സ്ത്രീശാക്തീകരണത്തെക്കുറിച്ചും വനിതാ സംവരണത്തെക്കുറിച്ചും പുരുഷന്മാർ വാചാലമായി സംസാരിക്കുമെങ്കിലും അധികാരത്തിന്റെ സിരാകേന്ദ്രങ്ങളിലേക്ക് അവരെ ഉയർത്തിക്കൊണ്ടുവരുന്നതിൽ പൊതുവെ പുരുഷ കേന്ദ്രീകൃതമായ രാഷ്ട്രീയപ്പാർട്ടികൾ പിന്തിരിപ്പൻ മനോഭാവമാണ് ഇന്നും പിന്തുടരുന്നത്.
പുട്ടിന് പീരയെന്ന പോലെയാണ് അവരുടെയെല്ലാം സ്ഥാനാർത്ഥി ലിസ്റ്റിൽ വനിതാ പ്രാതിനിദ്ധ്യം. പാർലമെന്റിൽ 33 ശതമാനം വനിതാ സംവരണം വേണമെന്ന് എല്ലാ രാഷ്ട്രീയ പാർട്ടികളും പറയും. പക്ഷേ അത് നിയമമാക്കുന്ന വിഷയം വരുമ്പോൾ ആമയെപ്പോലെ തല അകത്തേക്ക് വലിക്കും.
കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, ബി.ജെ.പി പാർട്ടികളുടെ സ്ഥാനാർത്ഥി ലിസ്റ്റിലും മതിയായ വനിതാ പ്രാതിനിദ്ധ്യം ഉറപ്പാക്കിയിട്ടില്ല. സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ച് ലതികാ സുഭാഷ് ഇന്ദിരാഭവനിന് മുന്നിൽ മുടിമുറിച്ചത് വലിയ ശ്രദ്ധ പിടിച്ചുപറ്റി. പെട്ടെന്നുണ്ടായ വികാരവിക്ഷോഭത്തിന്റെ ബാഹ്യപ്രകടനമായി മാത്രമല്ല അതിനെ കാണേണ്ടത്. ആത്മരോഷം പ്രകടിപ്പിക്കാൻ ചിലപ്പോഴെങ്കിലും ഇത്തരം മാർഗങ്ങൾ അവലംബിക്കാൻ സ്‌ത്രീകൾ നിർബന്ധിതരാകും. കാരണം അത്രമാത്രമാണ് ഒരു സമൂഹമെന്ന നിലയിൽ സ്ത്രീകൾ എല്ലാ രാഷ്ട്രീയ കക്ഷികളിൽ നിന്നും നേരിടുന്ന അവഗണന. വനിതയായിരുന്ന ഇന്ദിരാഗാന്ധി എത്രയോ വർഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നു. അതുകൊണ്ട് ഇന്ത്യയുടെ യശസിന് നേട്ടമല്ലാതെ ഒരു കോട്ടവും തട്ടിയിട്ടില്ല. പക്ഷേ ഇന്നും കേരളത്തിൽ ഒരു വനിതാ മുഖ്യമന്ത്രി എന്നുണ്ടാകും എന്ന് ആർക്ക് പറയാൻ കഴിയും?
ഇന്ത്യയുടെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയിൽ ഇപ്പോൾ ഒരു വനിതാ ജഡ്‌ജി മാത്രമാണുള്ളത്. ഇന്ദിരാ ബാനർജി മാത്രം. ഇന്ദു മൽഹോത്ര വിരമിച്ചപ്പോൾ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നടത്തിയ പ്രസംഗം വളരെ ശ്രദ്ധേയമായിരുന്നു. സുപ്രീംകോടതിയിൽ ഒരു വനിതാ ജഡ‌്‌ജി മാത്രമേയുള്ളൂവെന്ന കാര്യം ആശങ്കാജനകമാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. ഇക്കാര്യത്തിൽ ആത്മപരിശോധന ആവശ്യമാണ്. കാഴ്ചപ്പാടുകളുടെ വൈവിദ്ധ്യം ഉറപ്പാക്കാൻ വനിതാ പ്രാതിനിദ്ധ്യം നീതിന്യായ വ്യവസ്ഥയിലും പ്രതിഫലിക്കണമെന്നാണ് അദ്ദേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം. അത് പൊതുസമൂഹത്തിൽ കൂടുതൽ വിശ്വാസം ഉറപ്പാക്കും എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയത് പൂർണമായും ശരിയാണ്. രാഷ്ട്രീയ കക്ഷികളിൽ പൊതുസമൂഹത്തിന്റെ വിശ്വാസം കുറഞ്ഞുവരുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വനിതകളെ തിരഞ്ഞെടുപ്പിൽ പേരിന് മാത്രം പരിഗണിക്കുന്ന പ്രവണതയല്ലേ എന്ന് ഉറപ്പായും സംശയിക്കാം.