
പരീക്ഷയ്ക്കു തയ്യാറെടുക്കാൻ വേണ്ടതിലേറെ സമയവും സാവകാശവും ലഭിച്ചിട്ടും പ്രയോജനപ്പെടുത്താൻ കഴിയാതെ പോയ കുട്ടികളുടെ അവസ്ഥയിലാണ് പ്രമുഖ രാഷ്ട്രീയ കക്ഷികളെല്ലാം തന്നെ. നാമനിർദ്ദേശ പത്രിക സമർപ്പണത്തിനുള്ള അവസാന ദിവസം അടുക്കുമ്പോഴും സ്ഥാനാർത്ഥി നിർണയത്തെച്ചൊല്ലി ഉരുണ്ടുകൂടിയ പ്രകമ്പനങ്ങൾ തുടരുകയാണ്. രാജിയും വെല്ലുവിളിയും ശാപവചനങ്ങളുമൊക്കെയായി രാഷ്ട്രീയാന്തരീക്ഷമാകെ തിളച്ചുമറിഞ്ഞു നിൽക്കുകയാണ്. ഏതു തിരഞ്ഞെടുപ്പിലും സാധാരണ കണ്ടുവരുന്ന പ്രതിഭാസമായി കണക്കാക്കാമെങ്കിലും ഇക്കുറി അതിന്റെ അളവും ചൂടുമൊക്കെ മുൻ കാലങ്ങളെ അപേക്ഷിച്ച് ഏറെ കൂടുതലാകാൻ കാരണം ഗൃഹപാഠത്തിന്റെ അഭാവം തന്നെയാണ്.
സ്ഥാനാർത്ഥി നിർണയം മിക്കവാറും പൂർത്തിയായിക്കഴിഞ്ഞ നിലയ്ക്ക് പാർട്ടികളും സ്ഥാനാർത്ഥികളും വീറുറ്റ പോരാട്ടത്തിന് അരയും തലയും മുറുക്കി ഇറങ്ങുകയാണ്. പ്രചാരണത്തിന് അധിക ദിവസങ്ങളില്ലെന്നതിനാൽ എല്ലായിടത്തും ഓടിയെത്തി കഴിയുന്നത്ര പേരെ നേരിൽക്കണ്ട് വോട്ടഭ്യർത്ഥന നടത്താൻ കഴിഞ്ഞെന്നുവരില്ല. പരസ്യ പ്രചാരണത്തെ കൂടുതലായി ആശ്രയിക്കേണ്ടിവരും. കർക്കശമായ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടത്തിനുള്ളിൽ നിന്നു വേണം ഓരോ ചുവടും വയ്ക്കാൻ. അപ്പോഴും നിയന്ത്രണങ്ങൾ മറികടക്കാനും എതിരാളികൾക്കുമേൽ മേൽക്കൈ നേടാനുമുള്ള തീവ്രശ്രമങ്ങൾ ഉണ്ടായെന്നിരിക്കും. എതിരാളികൾക്കെതിരെ ഇല്ലാക്കഥകൾ പ്രചരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങൾക്കും കുറവുണ്ടാകില്ല. സമൂഹമാദ്ധ്യമങ്ങൾക്ക് തിരഞ്ഞെടുപ്പുകാലം ചാകര തന്നെയാണ്. ഏറ്റവുമധികം അപവാദ പ്രചാരണങ്ങളും ഇല്ലാക്കഥകളും സൃഷ്ടിച്ചുവിടുന്നതും ഈ കേന്ദ്രങ്ങളിൽ നിന്നാകും. ഇവയെ നിരീക്ഷിക്കാനും അതിർവരമ്പുകൾ ലംഘിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാനും തിരഞ്ഞെടുപ്പ് കമ്മിഷൻ നിരീക്ഷകർക്കു കഴിയണം. മുഖ്യധാരാ മാദ്ധ്യമങ്ങൾ ഇക്കാര്യത്തിൽ സ്വയം നിയന്ത്രണങ്ങൾ കർക്കശമായി പാലിക്കാറുണ്ട്. അപകീർത്തികരമായ പ്രചാരണങ്ങളുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കാറുമുണ്ട്. എന്നാൽ സമൂഹ മാദ്ധ്യമങ്ങളുടെ കാര്യം അങ്ങനെയല്ല. കൈയിൽ സ്മാർട്ട് ഫോണുള്ള ഒട്ടുമിക്കയാളുകളും തിരഞ്ഞെടുപ്പു കാലത്ത് സ്വയം പ്രചാരണ ചുമതല ഏറ്റെടുക്കാൻ തുനിയും. ഒട്ടേറെ അപവാദങ്ങളും പടച്ചുവിടും. കള്ളക്കഥകൾക്കും ഇല്ലാവചനങ്ങൾക്കും ക്ഷാമമില്ലാത്ത കാലം കൂടിയാണ് തിരഞ്ഞെടുപ്പ്. കാട്ടുതീ പോലെയാകും ഇത്തരം കഥകൾ ജനങ്ങൾക്കിടയിൽ പടരുന്നത്. വളരെയധികം പേരെ വഴിതെറ്റിക്കാനും അതിടയാക്കും. സമൂഹ മാദ്ധ്യമങ്ങളിലൂടെ കറങ്ങിത്തിരിഞ്ഞ് എത്തുന്ന സന്ദേശങ്ങളിലെ നെല്ലും പതിരും തിരിച്ചറിയാൻ പ്രത്യേകം ജാഗ്രത പുലർത്തിയില്ലെങ്കിൽ കബളിപ്പിക്കപ്പെട്ടേക്കാം.
പ്രചാരണ ഘട്ടത്തിൽ മേൽക്കൈ നേടാൻ സകല അടവുകളും സ്ഥാനാർത്ഥിയുടെ ആൾക്കാർ പുറത്തെടുത്തെന്നു വരും. പോരാട്ടം കൂടുതൽ കടുക്കുന്തോറും എതിരാളികളെ വീഴ്ത്താനുള്ള അടവുകൾക്കും അതനുസരിച്ച് മൂർച്ചയേറും. മാന്യതയും മര്യാദയുമൊക്കെ പാടേ വെടിഞ്ഞെന്നും വരാം. സഹതാപം പിടിച്ചുപറ്റാൻ പച്ചക്കള്ളങ്ങളെപ്പോലും കൂട്ടുപിടിച്ചെന്നിരിക്കാം. ഇതിൽ വലിപ്പച്ചെറുപ്പമൊന്നുമില്ല. ബംഗാൾ മുഖ്യമന്ത്രിയും വൻ രാഷ്ട്രീയ പരിവേഷവുമുള്ള മമതാ ബാനർജി പോലും അത്തരം കപട നാടകത്തിനു മുതിർന്നത് രാജ്യം കണ്ടതാണ്. നാമനിർദ്ദേശ പത്രിക സമർപ്പണ വേളയിൽ കാറിൽ കയറുന്നതിനിടെ അബദ്ധത്തിൽ വീണു പരിക്കേറ്റത് എതിരാളികളുടെ ആക്രമണത്തിൽ സംഭവിച്ചതാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണു നടന്നത്. വൻ പ്രചാരണ കോലാഹലങ്ങളും നടന്നു. ഒടുവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ വേണ്ടിവന്നു സത്യാവസ്ഥ മാലോകരെ ബോദ്ധ്യപ്പെടുത്താൻ. തിരഞ്ഞെടുപ്പ് കാലത്ത് ഇതുപോലുള്ള നാടകങ്ങളും വൈവിദ്ധ്യമാർന്ന പ്രചാരണ തന്ത്രങ്ങളും സർവസാധാരണമാണ്. എല്ലാം അപ്പാടെ വിഴുങ്ങുന്നതിനു മുൻപ് വാസ്തവികത സ്വയം ബോദ്ധ്യപ്പെടാൻ ശ്രമിക്കുകയാണു വേണ്ടത്.