തിരുവനന്തപുരം: പത്രികാ സമർപ്പണത്തിന്റെ രണ്ടാം ദിനമായ ഇന്നലെ എട്ടുപേർ ജില്ലയിലെ വിവിധ മണ്ഡലങ്ങളിലായി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥി വി.കെ. പ്രശാന്ത് മാനവീയം വീഥിയിലൂടെ പാർട്ടി പ്രവർത്തകർക്കൊപ്പം ജാഥയായി പബ്ലിക് ഓഫീസിലെത്തി വരണാധികാരി ബി. ജയശ്രീക്ക് പ്രശാന്ത് പത്രിക സമർപ്പിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം. വിജയകുമാർ പ്രശാന്തിനെ ഷാൾ അണിയിച്ച് സ്വീകരിച്ചു. കെട്ടിവയ്‌ക്കാനുള്ള 10,​000 രൂപ വി.കെ. പ്രശാന്തിന് കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ പേരൂർക്കട യൂണിറ്റ് സംഭാവന ചെയ്‌തു.

ഇലക്ഷൻ കമ്മിറ്റി ഓഫീസിലെത്തി പ്രവർത്തകരുടെ സ്വീകരണം ഏറ്റുവാങ്ങിയ ശേഷമാണ് തിരുവനന്തപുരം മണ്ഡലത്തിലെ ഇടതുസ്ഥാനാർത്ഥി ആന്റണി രാജു കളക്ടറേറ്റിൽ പത്രിക സമർപ്പിക്കാനെത്തിയത്. ഇലക്ഷൻ കമ്മിറ്റി കൺവീനർ എസ്. സുന്ദറിനൊപ്പം വരണാധികാരിയായ സബ് കളക്ടർ മാധവിക്കുട്ടിക്ക് അദ്ദേഹം പത്രിക സമർപ്പിച്ചു. കോവളം നിയോജകമണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.എ. നീലലോഹിതദാസൻ നാടാർ കളക്ടറേറ്റിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ മുമ്പാകെ പത്രിക സമർപ്പിച്ചു. ഇന്നലെ രാവിലെ മാതാപിതാക്കളുടെ അന്ത്യവിശ്രമസ്ഥലം സന്ദർശിച്ച ശേഷം പേരക്കുട്ടി കുട്ടൂസിന്റെ കൈയിൽ നിന്നുമാണ് നീലലോഹിദാസൻ നാമനിർദ്ദേശ പത്രിക വാങ്ങിയത്. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പുല്ലുവിള സ്റ്റാൻലി, കോവളം ഏരിയാ സെക്രട്ടറി പി.എസ്. ഹരികുമാർ, മുൻ എം.എൽ.എ ജമീലാപ്രകാശം, സി.പി.ഐ മണ്ഡലം സെക്രട്ടറി ഗോപാലകൃഷ്‌ണൻ, ജനതാദൾ എസ് മണ്ഡലം പ്രസിഡന്റ് തെന്നൂർക്കോണം ബാബു തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

വർക്കല മണ്ഡലത്തിൽ സി.പി.എം സ്ഥാനാർത്ഥി വി. ജോയി, നെടുമങ്ങാട് മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥി എബിനു.എസ്, തിരുവനന്തപുരം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർത്ഥികളായ എ.എൻ. സുശീൽ, അഭിലാഷ് വടക്കൻ ഡേവിസ്, പാറശാല മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായ ക്രിസ്റ്റഫർ ഷാജു എന്നിവരും ഇന്നലെ പത്രിക സമർപ്പിച്ചു.