d

തിരുവനന്തപുരം: നിയമസഭയിൽ തങ്ങൾക്ക് ഇരിപ്പിടമൊരുക്കിയ നേമത്തെ നിലനിറുത്താൻ വീണ്ടും ബി.ജെ.പി കച്ചമുറുക്കുമ്പോൾ സീറ്റ് കൈമോശം വരില്ലെന്ന് കുമ്മനം രാജേശഖരൻ ഉറപ്പിക്കുകയാണ്. കോട്ടയത്തെ കുമ്മനത്താണ് ജനിച്ചതെങ്കിലും മൂന്ന് ദശാബ്ദത്തിലധികമായി കേരളത്തിന്റെ പൊതുജീവിതത്തിന്റെ ഭാഗമാണ് കുമ്മനം. ദീർഘനാളായി സംഘപരിവാറിലെ പ്രമുഖനാണെങ്കിലും ബി.ജെ.പി രാഷ്ട്രീയത്തിലെ പരിചയം അഞ്ചുവർഷം മാത്രം. അതിൽ ഒരു വർഷത്തിലേറെ ഗവർണറായും സേവനമനുഷ്ഠിച്ചു.

ഹിന്ദുഐക്യവേദിയുടെ ജനറൽ സെക്രട്ടറിയായിരുന്ന കുമ്മനം 2015ലാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റായി രാഷ്ട്രീയത്തിലെത്തിയത്. തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിൽ രണ്ടാം സ്ഥാനത്തെത്തി.

ബി.ജെ.പിയിൽ തുടക്കക്കാരനായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ആദ്യത്തേതായിരുന്നില്ല അത്. 1987ൽ ഹിന്ദുമുന്നണി സ്ഥാനാർത്ഥിയായാണ് ഇന്നത്തെ നേമം മണ്ഡലത്തിന്റെ പഴയ രൂപമായ തിരുവനന്തപുരം ഈസ്റ്റിൽ മത്സരിച്ചിരുന്നു. 34 വർഷത്തിന് ശേഷം വീണ്ടും മണ്ഡലത്തിൽ തിരിച്ചെത്തുമ്പോൾ പഴയ ചുറുചുറുക്കും ഊർജസ്വലതയും കുമ്മനത്തിന് ഇരട്ടിക്കുകയാണ്.

ബി.ജെ.പി സംസ്ഥാന പ്രസിഡന്റായിരുന്നപ്പോഴാണ് മിസോറം ഗവർണറായത്. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിനിടയിലായിരുന്നു അത്. എന്നാൽ അധികനാൾ അവിടെ തുടർന്നില്ല. സമ്മർദ്ദം ഏറിയതിനെ തുടർന്ന് ഗവർണർ പദവി രാജിവച്ച് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിച്ചു. രണ്ടാം സ്ഥാനത്തായി.

കോട്ടയം ബസേലിയോസ് കോളേജിലും സി.എം.എസ് കോളേജിലും വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം കുറേനാൾ പത്രപ്രവർത്തകനായിരുന്നു. പിന്നീട് ഫുഡ് കോർപറേഷൻ ഒഫ് ഇന്ത്യയിൽ ജോലിയിൽ പ്രവേശിച്ചു. കോട്ടയത്തെ വിശ്വഹിന്ദു പരിഷത് പ്രവർത്തകനായാണ് തുടക്കം. 82ൽ നിലയ്‌ക്കൽ സമരത്തിന്റെ മുൻനിരയിൽ കുമ്മനമായിരുന്നു. നിലയ്‌ക്കൽ ആക്ഷൻ കൗൺസിൽ കൺവീനറായി. പിന്നെ ജോലി രാജിവച്ച് മുഴുവൻ സമയ ആർ.എസ്.എസ് പ്രചാരകനായി. ഹിന്ദുസംഘടനകളുമായി ബന്ധപ്പെട്ടെ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. പാലാഴി ക്ഷേത്രത്തിലെ അയിത്താചരണത്തിനെതിരെയും ഇളവൂർ തൂക്കത്തിലെ അനാചാരങ്ങൾക്കെതിരെയുമുള്ള സമരത്തിൽ കുമ്മനം മുന്നിൽ നിന്നു. ആറന്മുളയിലെ വിമാനത്താവള സമരത്തിലും പങ്കെടുത്തു.

നേമം പിടിക്കുന്നതിന് കെ. മുരളീധരൻ എം.പിയെ കോൺഗ്രസ് രംഗത്തിറക്കിയതോടെ കേരളത്തിന്റെ കണ്ണുകൾ വീണ്ടും നേമത്തേക്ക് തിരിയുകയാണ്. മുൻ എം.എൽ.എ വി. ശിവൻകുട്ടിയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി. ത്രികോണ മത്സരം നടക്കുമ്പോഴും മണ്ഡലത്തിലെ ബി.ജെ.പിയുടെ വേരോട്ടം തങ്ങൾക്ക് കരുത്താകുമെന്ന് കുമ്മനം സാക്ഷ്യപ്പെടുത്തുന്നു.