
ഇനി ഒരുമാസം തികച്ചില്ല തിരഞ്ഞെടുപ്പ് അരങ്ങേറാൻ. തമിഴ്നാട്ടിൽ തകൃതിയായി നടക്കുന്ന പ്രചാരണ മേളങ്ങൾക്ക് കൊഴുപ്പു കൂട്ടുന്നത് രാഷ്ട്രീയ പാർട്ടികളുടെ ഇലക്ഷൻ ഗാനങ്ങളാണ്. തങ്ങളുടെ ശക്തിയും പാരമ്പര്യവും വിളിച്ചോതുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് ഗാനങ്ങളുടെ വരികൾ പാർട്ടികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.
'സ്റ്റാലിൻ താൻ വരരു' എന്ന ഡി.എം.കെയുടെ പാർട്ടി ഗാനത്തിന്റെ എച്ച്.ഡി വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. 'വെട്രിനടൈ പോതും തമിഴകമേ ' എന്ന എ.ഐ.എ.ഡി.എം.കെ ഗാനം ഇതിന് മുന്നേ ഇറങ്ങിയിരുന്നു. രണ്ട് ഗാനങ്ങളും പരസ്പരം ഏറ്റുമുട്ടുന്ന തരത്തിലാണ്. ആന്റണി ദാസനാണ് ഡി.എം.കെയുടെ ഗാനം ആലപിച്ചിരിക്കുന്നത്. സ്റ്റാലിൻ ജനങ്ങളുമായി ഇടപഴകുന്നതിന്റെ ദൃശ്യങ്ങൾ ചേർത്താണ് വീഡിയോ. പോയ വർഷങ്ങളിൽ തമിഴകത്തുണ്ടായ ജനകീയ പ്രക്ഷോഭങ്ങളെയും വീഡിയോയിൽ പ്രതിഫലിപ്പിക്കുന്നുണ്ട്.
എ.ഐ.എ.ഡി.എം.കെയാകട്ടെ തങ്ങളുടെ നേട്ടങ്ങളെയെല്ലാം ഗാനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജയലളിതയെ തന്നെയാണ് എ.ഐ.എ.ഡി.എം.കെ തങ്ങളുടെ വീഡിയോയിൽ ഹൈലൈറ്റായി ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്റർനെറ്റ് സജീവമാകുന്നതിന് മുന്നേ ഒരുകാലത്ത് തമിഴ്നാടിന്റെ അങ്ങോളമിങ്ങോളം ഉച്ചഭാഷിണികളിലൂടെ മുഴങ്ങിയിരുന്ന തിരഞ്ഞെടുപ്പ് ഗാനങ്ങൾ വോട്ടർമാർക്കിടെയിൽ നിർണായക പ്രാധാന്യം വഹിച്ചിരുന്നു. എന്നാൽ സാങ്കേതിക വിദ്യ വളർന്ന ഇന്ന് കേവലം പാട്ടിലൂടെ മാത്രം വോട്ടർമാരെ കൈയിലെടുക്കാനാകില്ല.
പാർട്ടിയുടെ ചിഹ്നവും ആശയവും ജനങ്ങളുടെ മനസിൽ പതിപ്പിക്കുന്ന തരത്തിലുള്ള വരികൾ തിരഞ്ഞെടുപ്പ് ഗാനങ്ങളുടെ സവിശേഷതയാണ്. ഏകദേശം 90കളോട് അടുത്താണ് ഗാനങ്ങൾക്കൊപ്പം സിനിമാതാരങ്ങളെ വരെ ഉൾപ്പെടുത്തി വീഡിയോയും ചിത്രീകരിക്കാൻ തമിഴകത്തെ പാർട്ടികൾ മത്സരം ആരംഭിച്ചത്. 2018ൽ ട്രിച്ചിയിൽ നടന്ന പൊതുയോഗത്തിനിടെ കമൽ ഹാസന്റെ മക്കൾ നീതി മയ്യം പാർട്ടിയുടെ ഔദ്യോഗിക ഗാനം പുറത്തുവിട്ടത് ഏറെ ശ്രദ്ധനേടിയിരുന്നു. കമൽ തന്നെയാണ് ഈ ഗാനം രചിച്ച് അവതരിപ്പിച്ചത്.
പഴയപോലെ ഗാനങ്ങൾ കൊണ്ട് മാത്രം വോട്ടർമാരെ ആകർഷിക്കാനാവില്ലെങ്കിലും സാമൂഹ്യ മാദ്ധ്യമങ്ങളിൽ സ്റ്റാറ്റസുകളുടെ രൂപത്തിലും ഫോണിൽ റിംഗ് ടോണുകളായും പാട്ടുകളിലൂടെയുള്ള പ്രചാരണം പൊടിപൊടിക്കുന്നുണ്ട്.
വോട്ട് പിടിക്കാൻ മാത്രമല്ല, വോട്ട് ചെയ്യണമെന്ന് ബോധവത്കരിക്കുന്ന ഗാനങ്ങളും തമിഴ്നാട്ടിൽ അലയടിക്കുന്നുണ്ട്. ചെന്നൈയിലുൾപ്പെടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ വിവിധ സംഗീത ബാൻഡുകളുമായി ഇതിന് സഹകരിക്കുന്നുണ്ട്. വോട്ടിംഗ് ശതമാനം കുറഞ്ഞ മേഖലകളിലാണ് ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. പാർക്കുകൾ, ബീച്ച് തുടങ്ങിയ ഇടങ്ങളിലാണ് ബാൻഡുകളുടെ പരിപാടി നടക്കുന്നത്.