
നേമത്ത് ആര് ശക്തരിൽ ശക്തൻ
നേമം മണ്ഡലം
യു.ഡി.എഫ് -കെ.മുരളീധരൻ
എൽ.ഡി.എഫ്-വി.ശിവൻകുട്ടി
എൻ.ഡി.എ - കുമ്മനം രാജശേഖരൻ
കേരളമാകെ ഉറ്റുനോക്കുന്ന മണ്ഡലങ്ങളിൽ പ്രധാനം. 2016ൽ ഒ. രാജഗോപാലിലൂടെ ബി.ജെ.പി ആദ്യമായി അക്കൗണ്ട് തുറന്നു.ഇത്തവണ മണ്ഡലം നിലനിറുത്താൻ ബി.ജെ.പി ഇറക്കുന്നത് കുമ്മനം രാജശേഖരനെ.കഴിഞ്ഞ തവണ കെട്ടിവച്ച കാശ് നഷ്ടപ്പെട്ട യു.ഡി.എഫ്, തിരിച്ചുവരാനും മണ്ഡലം പിടിച്ചെടുക്കാനുമായി ഇറക്കുന്നത് ജനകീയമുഖമായ കെ. മുരളീധരനെ. 2011നെക്കാൾ ഒമ്പതിനായിരം വോട്ടുകൾ അധികമായി നേടിയിട്ടും ബി.ജെ.പിയോട് പരാജയപ്പെട്ട വി. ശിവൻകുട്ടിയെ തന്നെയാണ് സി.പി.എം ഇറക്കിയത്.
ചരിത്രം
രണ്ട് ലക്ഷത്തിൽപ്പരം വോട്ടർമാരുണ്ട്.പഴയ തിരുവനന്തപുരം ഈസ്റ്റിലെ കുറേയേറെ ഭാഗങ്ങൾക്കൊപ്പം പഴയ നേമത്തിന്റെ ചില ഭാഗങ്ങൾ കൂടി ഉൾപ്പെട്ടതാണ് 2009ലെ മണ്ഡലപുനർവിഭജനത്തിന് ശേഷം രൂപപ്പെട്ട നേമം മണ്ഡലം. ഇതോടെ നഗരപരിധിക്കകത്തെ 4 മണ്ഡലങ്ങളിലൊന്നായി. തലസ്ഥാന കോർപ്പറേഷന്റെ 23 വാർഡുകൾ ഈ മണ്ഡലത്തിൽ.
2016ൽ 1.92ലക്ഷം വോട്ടർമാർ. അന്ന് ബി.ജെ.പിക്ക് കിട്ടിയ വോട്ട് 67,813.( 47.46 %), സി.പി.എമ്മിന് 59142 ( 41.39 %).യു.ഡി.എഫിലെ ജെ.ഡി.യുവിന് 13,860. (9.70 %)
ട്രെൻഡ്
പ്രവചിക്കാനാവാത്തവിധം ത്രികോണമത്സരത്തിന് സാക്ഷിയാകാൻ പോകുന്ന മണ്ഡലം. 3 കരുത്തന്മാർ എത്തിയതോടെ പഴയ കണക്കുകൾ പഴങ്കഥയാകും.ആര് ജയിച്ചാലും അയ്യായിരത്തിൽ കൂടുതൽ ഭൂരിപക്ഷത്തിന് സാദ്ധ്യത കുറവ്.