
നവാഗതയായ രത്തീന ഷാർഷാദ് സംവിധാനം ചെയ്യുന്ന പുഴുവിലൂടെ മമ്മൂട്ടിയും നടി പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുകയാണ്. തിരക്കഥയാണ് തന്നെ 'പുഴു'വിലേക്ക് അടുപ്പിച്ചതെന്നും മമ്മൂട്ടിയുടെ കഥാപാത്രം വളരെ മികച്ചതാണെന്നും ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പാർവതി പറയുന്നു.
പാർവതിയുടെ വാക്കുകൾ
"ആ തിരക്കഥയുടെ തീം തന്നെ എനിക്കൊരു വിന്നറായിരുന്നു. അതിന്റെ ഭാഗമാവണം എന്നുള്ളത് തന്നെയായിരുന്നു എന്റെ ഏറ്റവും വലിയ ആവേശം. പിന്നെയാണ് ഞാനറിഞ്ഞത് മമ്മൂക്ക ഈ ചിത്രം ചെയ്യുന്നുണ്ടെന്ന്. എനിക്കതിനെ കുറിച്ച് കൂടുതൽ പറയാൻ ആകില്ല ! അദ്ദേഹം ഏത് വിധത്തിലുള്ള കഥാപാത്രമാണ് ചെയ്യാൻ പോകുന്നത് എന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും. അത് അത്രത്തോളം അതിശയകരമാണ്. അദ്ദേഹം ഇതുവരെ ചെയ്യാത്ത തരത്തിലുള്ള ഒരു കഥാപാത്രമാണത്.." പാർവതി പറഞ്ഞു. താൻ വിശ്വസിക്കുന്ന ജെൻഡർ പൊളിറ്റിക്സിനോടും രാഷ്ട്രീയത്തോടും നീതി പുലർത്തുന്നതാണ് പുഴു എന്ന സിനിമയുടെ കഥയും തിരക്കഥയുമെന്നും പാർവതി കൂട്ടിച്ചേർത്തു. ദുൽഖറിന്റെ നിർമ്മാണകമ്പനിയായ വേഫെറെർ ഫിലിംസാണ് 'പുഴു' നിർമിക്കുന്നത്. ഷറഫു, സുഹാസ്, ഹർഷാദ് എന്നിവരാണ് തിരക്കഥയൊരുക്കുന്നത്. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിർവഹിക്കും. ജേക്സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിക്കുന്നത്.