pink-eyes

വേനൽക്കാലത്ത് വ്യാപിക്കുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ടതാണ് ചെങ്കണ്ണ്. അല്പമൊന്ന് ശ്രദ്ധിച്ചാൽ വലിയ ചികിത്സയില്ലാതെ പരിഹരിക്കാൻ സാധിക്കുമെന്ന് മാത്രമല്ല, രോഗം വരാതിരിക്കാനും പകരാതിരിക്കാനും കൂടി സാദ്ധ്യതയുണ്ട്. മറ്റൊരാളിലേയ്ക്ക് രോഗം പകരാതിരിക്കാൻ രോഗി തന്നെയാണ് കൂടുതൽ ശ്രദ്ധിക്കേണ്ടത്. മറ്റു ശാരീരിക രോഗങ്ങൾ,​ കണ്ണിന്റെ തന്നെ ചില കുഴപ്പങ്ങൾ,​ കാലാവസ്ഥാജന്യമായ മാറ്റങ്ങൾ എന്നിവ കാരണം കണ്ണിൽ ചുവപ്പ് വരാം.

കണ്ണിന് ചുവപ്പുണ്ടാകുന്ന എല്ലാ രോഗങ്ങളും ചെങ്കണ്ണാണെന്ന് കരുതുകയും അരുത്.

കാഴ്ചയ്ക്ക് സാധാരണയായി ഒരു തകരാറുണ്ടാക്കാത്ത, താരതമ്യേന ദോഷം കുറഞ്ഞ ഒന്നാണ് ഇപ്പോൾ കാണുന്ന ചെങ്കണ്ണ്. എന്നാൽ, വേഗത്തിൽ പകരുമെന്നതിനാൽ ശ്രദ്ധ വേണം.

കൺപോളകളുടെ അകത്തും കൃഷ്ണമണിക്ക് ചുറ്റിലുമുള്ള രക്തക്കുഴലുകൾ തടിച്ച് നല്ല ചുവപ്പുനിറത്തിൽ കാണും. വേദനയും കണ്ണിൽ നിന്ന് വെള്ളം വരികയും പ്രകാശത്തിലേക്ക് നോക്കാനുള്ള പ്രയാസവും രാവിലെ എഴുന്നേൽക്കുമ്പോൾ കണ്ണ് പീള നിറഞ്ഞ് മൂടിക്കെട്ടിയുമിരിക്കും. കണ്ണിൽ വീക്കം കൂടുതലുള്ളവർക്ക് വേദന കുറവും ചൊറിച്ചിൽ കൂടുതലുമായിരിക്കും. അങ്ങനെയുള്ളവർ കണ്ണിൽ തണുപ്പുള്ള മരുന്നുകൾ ഒഴിക്കുന്നതും തണുത്ത വെള്ളത്തിൽ കുളിക്കുന്നതും തണുത്തവ കഴിക്കുന്നതും ഒഴിവാക്കണം. അതുപോലെ കണ്ണിൽ നീരുവന്ന് വീർത്തതു പോലെയില്ലെങ്കിൽ കണ്ണിന് കുളിർമ്മ നൽകുന്ന മരുന്നുകൾ തന്നെയാണ് ഉപയോഗിക്കേണ്ടത്. രോഗി ഉപയോഗിക്കുന്ന തൂവാല, തോർത്ത്, മറ്റു വസ്ത്രങ്ങൾ, തലയണ, പാത്രങ്ങൾ, കണ്ണട, മൊബൈൽ ഫോൺ, കീബോർഡ്, ലാപ്ടോപ്പ്, റിമോട്ട് കൺട്രോൾ തുടങ്ങിയവയിലൂടെ രോഗം പകരാം.

രോഗം പകരാതിരിക്കാൻ ഒരാഴ്ചയോളം ശ്രദ്ധിക്കണം. പ്രത്യേകിച്ച് പൊതു വാഹനങ്ങളിലുള്ള യാത്രകൾ ഒഴിവാക്കുകയും ആൾക്കാർ കൂടുന്ന യോഗങ്ങളിലും കോളേജിലോ സ്കൂളിലോ പോകാതിരിക്കുകയും വേണം. പൊടിയിൽ നിന്നുള്ള സംരക്ഷണത്തിനും കണ്ണിലേയ്ക്കടിക്കുന്ന പ്രകാശത്തിന്റെ അളവ് കുറയ്ക്കുന്നതിനും വലിപ്പമുള്ള കണ്ണട ഉപയോഗിക്കുന്നത് നല്ലതാണ്. കമ്പ്യൂട്ടർ, മൊബൈൽ ഫോൺ തുടങ്ങിയവ ഉപയോഗിക്കുകയോ, നല്ല പ്രകാശമുള്ള വസ്തുക്കളിലേയ്ക്ക് നോക്കുകയോ, വെയിൽ കൊള്ളുകയോ, ചൂടുവെള്ളത്തിൽ കുളിക്കുകയോ, അധികം എരിവും ചൂടും പുളിയുമുള്ളവ കഴിക്കുകയോ ചെയ്യരുത്. രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കണ്ണ് കഴുകി വൃത്തിയാക്കണം. ആയുർവേദ തുള്ളിമരുന്ന് ഉപയോഗിക്കണം. ഉച്ചയ്ക്കും രാത്രിയും കണ്ണിൽ മരുന്ന് ഒഴിക്കേണ്ടതില്ല. മറ്റ് സമയങ്ങളിൽ ഒന്നോ രണ്ടോ തുള്ളി വീതം ഇറ്റിക്കണം.

ചെങ്കണ്ണ് ശമിപ്പിക്കുന്നതിന് ആയുർവേദ മരുന്നുകൾ മാത്രം മതിയാകും. എന്നാൽ,​ സ്വയം ചികിത്സയിലൂടെ ചെങ്കണ്ണ് അപകടാവസ്ഥയിലേക്കും മാറാം. ചെങ്കണ്ണ് പിടിക്കാതിരിക്കാൻ എരിവും പുളിയും ഉപ്പും ചൂടും മാംസാഹാരവും കുറയ്ക്കുക. ശരിയായ മലശോധന ലഭിക്കുന്ന വിധം ഭക്ഷണം ക്രമീകരിക്കുക. രോഗമുള്ളവരിൽ നിന്ന് അകന്നിരിക്കുക. തുളസിയിലയുടെ നീര് കണ്ണിലൊഴിക്കുക.