
തിരുവനന്തപുരം:അങ്കക്കളം ഒരുങ്ങുകയും,പോരാളികൾ നിരക്കുകയും ചെയ്തതോടെ, വമ്പന്മാരെ ഇറക്കി അങ്കം കൊഴുപ്പിക്കാനുള്ള ഒരുക്കത്തിൽ മൂന്ന് മുന്നണികളും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഹുൽ ഗാന്ധിയും, സീതാറാം യെച്ചൂരിയും ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ വൻ പട എത്തിത്തുടങ്ങുന്നതോടെ, പ്രചരണം തീ പാറും.
നരേന്ദ്രമോദി തന്നെയാണ് എൻ.ഡി.എ പക്ഷത്തെ പ്രധാന താരം.സന്ദർശനത്തിന്റെ ദിവസവും മണ്ഡലങ്ങളും തീരുമാനിച്ചിട്ടില്ലെങ്കിലും മോദിയുടെ സജീവ സാന്നിദ്ധ്യം ഉറപ്പ്. ആരോഗ്യപ്രശ്നം കാരണം സോണിയാഗാന്ധി എത്തില്ല. രാഹുലും പ്രിയങ്കയും പ്രധാന മണ്ഡലങ്ങളിൽ പ്രചാരണ യോഗങ്ങളിൽ പങ്കെടുക്കും.കോൺഗ്രസിന്റെ മുതിർന്ന നേതാവ് അശോക് ഗെലാട്ട് പ്രചാരണത്തിൽ സജീവമാവും. മുതിർന്ന നേതാവ് എ.കെ.ആന്റണി, കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ അവസാന ഘട്ട 'ക്രോപ്പിംഗ്' നടത്തിയ കെ.സി.വേണുഗോപാൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും യു.ഡി.എഫ് പ്രചാരണത്തിന്റെ കുന്തമുനകളാവും. പൊതുയോഗങ്ങളിൽ കോൺഗ്രസിന്റെ വിലയുള്ള നാവായ കെ.മുരളീധരൻ നേമം മണ്ഡലത്തിലെ പ്രസ്റ്റീജ് പോരാട്ടത്തിലായതിനാൽ, തിരഞ്ഞെടുപ്പു യോഗങ്ങളിലെ സാന്നിദ്ധ്യം കുറയും.
ഭരണ തുടർച്ച ലക്ഷ്യമിടുന്ന ഇടതു മുന്നണിയുടെ പ്രചാരണ വേദികളിലെ പ്രൗഢ സാന്നിദ്ധ്യമായിരുന്ന വി.എസ്.അച്യുതാനന്ദൻ പ്രായാധിക്യ കാരണം രംഗത്തില്ല. ധർമ്മടം മണ്ഡലത്തിൽ പ്രതിയോഗികൾക്ക് വലിയ പ്രാമാണിത്തല്ലാത്തതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ നല്ല പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിലെല്ലാം പ്രചാരണത്തിനെത്തും. സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി , പ്രകാശ് കാരാട്ട്, വൃന്ദാ കാരാട്ട്, എസ്.രാമചന്ദ്രൻപിള്ള, കോടിയേരി ബാലകൃഷ്ണൻ, എം.എ.ബേബി, ഇ.പി.ജയരാജൻ, കാനം രാജേന്ദ്രൻ തുടങ്ങിയവർ എൽ.ഡി.എഫ് പ്രചാരണ വേദികളിലെ പ്രധാന സാന്നിദ്ധ്യമാവും.
കേന്ദ്ര ആഭ്യന്തര മന്ത്രി . അമിത്ഷാ, ജെ.പി.നദ്ദ, രാജ്നാഥ് സിംഗ് തുടങ്ങിയവരും എത്തും . കേന്ദ്രമന്ത്രി വി.മുരളീധരൻ പ്രധാന മണ്ഡലങ്ങളിലെല്ലാമെത്തും. ബി.ഡി.ജെ.എസ് അദ്ധ്യക്ഷൻ തുഷാർവെള്ളാപ്പള്ളി നാളെ പത്തനതിട്ട ജില്ലയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കം കുറിക്കും.