
തിരുവനന്തപുരം: ലതികാ സുഭാഷിന്റെ പ്രതിഷേധം ദൗർഭാഗ്യകരമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അവർക്ക് സീറ്റ് നൽകാൻ ആഗ്രഹിച്ചിരുന്നു. ഏറ്റുമാനൂരാണ് ലതിക ചോദിച്ചത്. മുന്നണി മര്യാദ പാലിക്കാൻ ആ സീറ്റ് ഘടകകക്ഷിക്ക് നൽകേണ്ടിവന്നു. മറ്റൊരു സീറ്റ് നൽകാമെന്ന് പറഞ്ഞെങ്കിലും ലതികാ സുഭാഷ് സ്വീകരിച്ചില്ല.
തന്റെ പ്രിയപ്പെട്ട സഹോദരിയാണ് ലതികാ സുഭാഷ്. അവരുടെ ഭർത്താവ് സുഭാഷുമായി വളരെ അടുത്ത ബന്ധമുണ്ട്. വൈപ്പിനിൽ നിന്നു നിയമസഭയിലേക്ക് മത്സരിക്കാൻ സുഭാഷിന് ഒരു തവണ അവസരം നൽകി. സാധാരണ കുടുംബത്തിലെ അംഗമെന്ന നിലയിലാണ് അന്ന് പാർട്ടി സുഭാഷിനെ പരിഗണിച്ചത്.
കെ.പി.സി.സി അദ്ധ്യക്ഷനെന്ന നിലയിൽ സംഘടനാ രംഗത്ത് വനിതകൾക്ക് അർഹമായ പ്രാതിനിദ്ധ്യമുറപ്പാക്കിയിട്ടുണ്ട്. കെ.പി.സി.സി പുനഃസംഘടനയിൽ കൂടുതൽ വനിതകളെ ഭാരവാഹികളാക്കി. ബൂത്ത് തലത്തിൽ 25,000 വനിതകളെയാണ് താൻ അദ്ധ്യക്ഷനായശേഷം വൈസ് പ്രസിഡന്റുമാരായി നിയമിച്ചത്. അന്തിമ സ്ഥാനാർത്ഥി പട്ടികയിൽ പതിനഞ്ച് വനിതകളെ പരിഗണിച്ചിരുന്നു. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങൾ സ്വാഭാവികമാണ്. പ്രശ്നങ്ങൾ പരിഹരിക്കാനുള്ള സംവിധാനം കോൺഗ്രസിനുണ്ട്. മുഖ്യമന്ത്രിക്കെതിരെ മികച്ച സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും.