
തിരുവനന്തപുരം: പാർട്ടി പ്രവർത്തകർ വി. ശിവൻകുട്ടിയെ ' സഖാവെ ' എന്നാണ് വിളിക്കുന്നതെങ്കിലും ചെറുപ്പക്കാരുടെ പ്രിയപ്പെട്ട ശിവൻകുട്ടി അണ്ണനാണ് അദ്ദേഹം. പ്രവർത്തകരുമായി ബന്ധപ്പെട്ട് എന്ത് പ്രശ്‌നമുണ്ടെങ്കിലും ' അണ്ണൻ ' ഓടിയെത്തും. എം.എൽ.എ ആയിരുന്നപ്പോഴും അല്ലാത്തപ്പോഴും ശിവൻകുട്ടി അങ്ങനെയാണ്. ആ അടുപ്പം തന്നെയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി നേമത്ത് വീണ്ടും അങ്കത്തിനിറങ്ങുമ്പോഴും കരുത്ത്. മേയറായിരുന്നപ്പോൾ തലസ്ഥാന നഗര വികസനകാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത അദ്ദേഹം ഇപ്പോൾ വോട്ടു തേടുന്നതും വികസന കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ്.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നേമത്തിന് വികസനമുരടിപ്പാണ് ഉണ്ടായതെന്ന് റോഡ്ഷോയിൽ അദ്ദേഹം ആരോപിച്ചിരുന്നു. ആറ്റുകാൽ ക്ഷേത്രമേഖലയുടെ സമഗ്ര വികസനത്തിനായി താൻ എം.എൽ.എയായിരിക്കെ നടപ്പാക്കിത്തുടങ്ങിയ പദ്ധതികൾ ഒ. രാജഗോപാൽ എം.എൽ.എയായശേഷം നിലച്ചെന്നാണ് പ്രധാന ആരോപണം. ക്ഷേത്രനഗരി ഉൾപ്പെട്ട 18 വാർഡിന്റെ സമഗ്ര വികസനമായിരുന്നു പദ്ധതിയുടെ കാതൽ. എം.എൽ.എ ആയിരുന്നപ്പോൾ ബണ്ട് റോഡിനെയും ആറ്റുകാൽ ക്ഷേത്ര പരിസരത്തെയും ബന്ധിപ്പിക്കുന്ന പാലം നിർമ്മിച്ചു. പൊലീസ് എയ്ഡ് പോസ്റ്റ് അടക്കം സ്ഥാപിച്ചെന്നും അദ്ദേഹം ആറ്റുകാലിലെ വോട്ടർമാരെ ഓർമ്മപ്പെടുത്തി.
കഴിഞ്ഞ തവണ 8,671 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബി.ജെ.പിയുടെ ഒ. രാജഗോപാൽ ജയിച്ച മണ്ഡലം തിരിച്ചുപിടിക്കുകയാണ് ശിവൻകുട്ടിയുടെ ലക്ഷ്യം. ഞായറാഴ്ച വരെ പ്രധാന എതിരാളി ബി.ജെ.പി എന്ന നിലയിലായിരുന്നു ശിവൻകുട്ടിയുടെ പ്രചാരണ രീതി. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കെ. മുരളീധരൻ എത്തിയതോടെ പ്രചാരണശൈലിയും മാറ്റി. മുരളീധരൻ മത്സരം തൊഴിലാക്കിയ ആളാണെന്നും 15 നാൾ കൊണ്ട് നേമത്ത് മുരളിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നും ശിവൻകുട്ടി പറഞ്ഞു. എസ്.എഫ്.ഐയിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലെത്തിയത്. ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും സംസ്ഥാന പ്രസിഡന്റായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് എസ്.എഫ്.ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായി. നിലവിൽ സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവും സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയും ജില്ലാ ജനറൽ സെക്രട്ടറിയുമാണ്. ഈസ്റ്റിലും നേമത്തും എം.എൽ.എ ആയിരുന്നു.