
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി ഐ.എ.എസ് ഉദ്യോഗസ്ഥനായ എ. ഷാജഹാനെ നിയമിച്ചത് നിയമക്കുരുക്കിലേക്ക്. ബ്യൂറോക്രസിയിൽ നിൽക്കുന്നവരെ തിരഞ്ഞെടുപ്പ് കമ്മിഷണർ സ്ഥാനത്ത് നിയമിക്കരുതെന്ന കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധിയാണ് സംസ്ഥാന പൊതുവിദ്യാഭ്യാസ സെക്രട്ടറി കൂടിയായ എ. ഷാജഹാന് കുരുക്കായത്.
നിലവിലെ കമ്മിഷണർ വി. ഭാസ്കരൻ 31ന് വിരമിക്കുന്ന ഒഴിവിലേക്കാണ് ഷാജഹാനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചത്. സിവിൽസർവീസിൽ നിന്ന് മേയ് 31നേ ഷാജഹാൻ വിരമിക്കൂ.
ഗോവൻ സർക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും തമ്മിലെ കേസിലാണ് ബ്യൂറോക്രാറ്റുകളെ തിരഞ്ഞെടുപ്പ് കമ്മിഷണർമാരായി നിയമിക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടത്. വിധിപ്പകർപ്പ് എല്ലാ സംസ്ഥാന ചീഫ്സെക്രട്ടറിമാർക്കും നൽകിയിട്ടുണ്ട്. ഇത്തരത്തിൽ നിയമിതരായവരെയെല്ലാം മാറ്റി നിറുത്താനാണ് നിർദ്ദേശം. സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു കഴിഞ്ഞാൽ ഭരണഘടനാ അനുച്ഛേദം 141 പ്രകാരം അത് രാജ്യത്തിന്റെ നിയമമായി മാറും.
പി. കമാൽകുട്ടി ആണ് ഇതിനു മുമ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ പദവിയിൽ നിയമിതനായ ഐ.എ.എസ് ഉദ്യോഗസ്ഥൻ. ഇപ്പോഴത്തെ കമ്മിഷണറും ജുഡിഷ്യറിയിൽ നിന്നുള്ളയാളാണ്. തിരഞ്ഞെടുപ്പ് സംബന്ധമായ തർക്കങ്ങൾ തീർപ്പാക്കുന്നതിന്, കമ്മിഷണർമാരായി ജുഡിഷ്യറിയിൽ നിന്നുള്ളവർ നിയമിക്കപ്പെടുന്നതാണ് പ്രായോഗികമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടിയതെങ്കിലും സംസ്ഥാന മന്ത്രിസഭ ഷാജഹാനെ നിയമിക്കാൻ തീരുമാനിക്കുകയായിരുന്നു.
വി. ഭാസ്കരന് പകരം നിയമിക്കപ്പെടാനായി നിർദ്ദേശിക്കപ്പെട്ട പാനലിൽ സംസ്ഥാനനിയമ സെക്രട്ടറി വി. അരവിന്ദ്ബാബു, ജില്ലാ ജഡ്ജി വി. രാമബാബു, മുൻ ചീഫ്സെക്രട്ടറി ടോം ജോസ് എന്നിവരാണ് ഉൾപ്പെട്ടിരുന്നത്. എന്നാൽ, ഇതിന് പുറത്തുള്ള ഷാജഹാനെ മന്ത്രിസഭ പരിഗണിക്കുകയാണുണ്ടായത്.