election

തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പിന് ഒരു ലക്ഷം സർക്കാർ ജീവനക്കാരെ അധികമായി നിയമിച്ചു. ഇതോടെ ഇക്കുറി 3.5 ലക്ഷം ജീവനക്കാർ ഡ്യൂട്ടിക്കുണ്ടാവും. ബൂത്തുകളുടെ എണ്ണം കൂടിയതും കൊവിഡ് പ്രതിരോധം കണക്കിലെടുത്തുമാണ് അധികം ജീവനക്കാരെ റിസർവായി നിറുത്തുന്നതെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ ടിക്കാറാം മീണ പറഞ്ഞു. ജീവനക്കാരിൽ ആർക്കെങ്കിലും പെട്ടെന്ന് തിരഞ്ഞെടുപ്പ് ദിവസം എത്താൻ കഴിയാതെ വന്നാൽ റിസർവ് ജീവനക്കാരെ നിയോഗിക്കും.

മൊത്തം 40,771 പോളിംഗ് ബൂത്തുകളുണ്ട്. ഒരു ബൂത്തിൽ പ്രിസൈഡിംഗ് ഓഫീസർ, മൂന്ന് പോളിംഗ് ഓഫീസർ എന്നിവരടക്കം 5 പേരുണ്ടാകും. ബൂത്തിന് പുറത്ത് ക്യൂ നിയന്ത്രിക്കാനും തെർമൽ സ്കാനിംഗിനും സുരക്ഷയ്ക്കുമായി 5 പേരുണ്ടാകും. അങ്ങനെ 10 പേരെയാണ് ഒരു ബൂത്തിൽ നിയമിച്ചിരിക്കുന്നത്.

നാമനിർദേശ പത്രികയ്ക്കൊപ്പം നൽകേണ്ട സത്യവാങ്മൂലം തയ്യാറാക്കുന്ന ബോണ്ടിന്റെ വില 50 രൂപയാക്കണമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ രജിസ്ട്രേഷൻ വകുപ്പിനോട് ആവശ്യപ്പെട്ടു. ഇപ്പോൾ 200 രൂപയുടെ ബോണ്ടിലാണ് സത്യവാങ്മൂലം സമർപ്പിക്കുന്നത്. രജിസ്ട്രേഷൻ വകുപ്പാണ് തീരുമാനിക്കേണ്ടതെന്ന് ടിക്കാറാം മീണ പറഞ്ഞു.