kk-rema

തിരുവനന്തപുരം: മത്സരിക്കാനില്ലെന്ന് കെ.കെ. രമ അറിയിച്ചതിനെ തുടർന്ന്, വടകര സീറ്റ് തിരിച്ചെടുക്കുകയാണെന്ന് കോൺഗ്രസ് പ്രഖ്യാപിച്ചതിന് പിന്നാലെ നിലപാട് മാറ്റി ആർ.എം.പിയും കെ.കെ. രമയും. മത്സരിക്കാനില്ലെന്ന് ആദ്യം അറിയിച്ച രമ, പ്രതിപക്ഷനേതാവിനെ വിളിച്ച് പിന്നീട് മത്സരസന്നദ്ധത അറിയിച്ചു.

ആർ.എം.പി യു.ഡി.എഫിന്റെ ഭാഗമല്ലെങ്കിലും രമ മത്സരിച്ചാൽ വടകരയിൽ അവർക്ക് പിന്തുണ നൽകുമെന്ന് കോൺഗ്രസ് നേരത്തേ വ്യക്തമാക്കിയിരുന്നു. രമ മത്സരിക്കാത്തതിനാൽ സീറ്റ് തിരിച്ചെടുക്കുകയാണെന്ന് യു.ഡി.എഫ് കൺവീനർ എം.എം. ഹസ്സൻ വാർത്താസമ്മേളനത്തിൽ അറിയിച്ചതിന് പിന്നാലെയാണ് രമയുടെ ചുവടുമാറ്റം.

മുഖ്യമന്ത്രിക്കെതിരെ ധർമ്മടത്ത് മത്സരിക്കാനില്ലെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽസെക്രട്ടറി ജി. ദേവരാജൻ അറിയിച്ചതിനാൽ അവിടെ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കും. ധർമ്മടത്ത് ശക്തനായ സ്ഥാനാർത്ഥിയെ ഇറക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എം.എം. ഹസ്സനും വ്യക്തമാക്കിയിട്ടുണ്ട്. കണ്ണൂർ മുൻ മേയർ സുമ ബാലകൃഷ്ണന്റെയും റിജിൽ മാക്കുറ്റിയുടെയും പേരുകളാണ് സജീവമായി പരിഗണിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരുടെ കടുത്ത എതിർപ്പിനും സി.പി.എം ഉയർത്തിയ ആരോപണത്തിനും പിന്നാലെ, ഭാരതീയ ജനതാദളിന് അനുവദിച്ച മലമ്പുഴ സീറ്റ് കോൺഗ്രസ് തിരിച്ചെടുത്ത് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതും ധർമ്മടവുമടക്കം കോൺഗ്രസ് മത്സരിക്കുന്ന സീറ്റുകളുടെ എണ്ണം 93 ആയി.

86 സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ കോൺഗ്രസ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ധർമ്മടമടക്കം ഏഴ് സീറ്റുകളിൽ ഇന്ന് പ്രഖ്യാപനമായേക്കും. കല്പറ്റയിൽ ടി. സിദ്ദിഖും നിലമ്പൂരിൽ വി.വി. പ്രകാശും മത്സരിക്കുന്നതിൽ ഏറെക്കുറെ ധാരണയായി. പട്ടാമ്പിയിലേക്ക് പരിഗണിച്ച ആര്യാടൻ ഷൗക്കത്ത് വിസമ്മതമറിയിച്ചു. റിയാസ് മുക്കോളിയെയാണ് ഇവിടേക്ക് പരിഗണിക്കുന്നത്. തവനൂരിൽ മത്സരിക്കാനില്ലെന്ന് റിയാസ് മുക്കോളി അറിയിച്ചതിനാൽ ഫിറോസ് കുന്നുംപറമ്പിൽ, ഇ. മുഹമ്മദ് കുഞ്ഞി എന്നിവരെ പരിഗണിക്കുന്നു. വട്ടിയൂർക്കാവിൽ പി.സി. വിഷ്ണുനാഥിന് മുൻതൂക്കമുണ്ട്. എന്നാൽ അദ്ദേഹത്തിനെതിരെ പ്രാദേശികതലത്തിൽ പ്രതിഷേധം ശക്തമായതിനാൽ ജ്യോതി വിജയകുമാറിന്റെ പേര് വീണ്ടുമുയർന്നു. ഇവിടെ ഒഴിവായാൽ വിഷ്ണുനാഥ് കുണ്ടറയിൽ സ്ഥാനാർത്ഥിയായേക്കും. വിഷ്ണു ഇല്ലെങ്കിൽ കല്ലട രമേശിനാണ് പരിഗണന.