
തിരുവനന്തപുരം: നേമത്ത് കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരൻ ശക്തനായ പ്രതിയോഗിയെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ. ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹമെന്നും രാജഗോപാൽ പറഞ്ഞു. നേമത്തെ ബി.ജെ.പി സ്ഥാനാർത്ഥി കുമ്മനം രാജശേഖരനെ ഒപ്പമിരുത്തിയായിരുന്നു രാജഗോപാലിന്റെ പ്രതികരണം. പ്രചാരണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് നിലവിലെ എം.എൽ.എയെ വസതിയിലെത്തി കുമ്മനം കണ്ടത്. നേമത്ത് ശക്തമായ മത്സരം നടക്കും. കോൺഗ്രസും കമ്മ്യൂണിസ്റ്റുമല്ലാത്തൊരു പാർട്ടി ജയിച്ച മണ്ഡലമാണിത്, ഇത്തവണ നേമത്ത് മത്സരിക്കില്ലെന്ന് സ്വയം തീരുമാനിച്ചതാണ്. പ്രായമായതിനാൽ മാറിനിൽക്കുകയായിരുന്നു. മത്സരത്തിനില്ലെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ സജീവമായി പങ്കെടുക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
കുമ്മനം രാജശേഖരനെ തന്റെ പിൻഗാമിയെന്ന് പറയില്ലെന്ന് ഒ. രാജഗോപാൽ നേരത്തെ ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കുമ്മനം നല്ല ജനപിന്തുണയുള്ള നേതാവാണ്. എന്നാൽ അദ്ദേഹത്തിന് പാർട്ടിക്ക് പുറത്തുള്ള വോട്ട് സമാഹരിക്കാൻ കഴിയുമോ എന്നറിയില്ല. എനിക്ക് കിട്ടിയ അത്രയും വോട്ട് കിട്ടുമോ എന്നും അറിയില്ല. എന്തിനെയും ഏതിനെയും കണ്ണടച്ച് എതിർക്കുന്ന രീതി എനിക്കില്ല. പിണറായി ചെയ്‌ത നല്ല കാര്യങ്ങൾ അംഗീകരിക്കുന്നു. ശോഭാ സുരേന്ദ്രനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണം. ശോഭ കഴിവ് തെളിയിച്ച നേതാവാണ്. മത്സരിക്കാൻ അവസരം ഉണ്ടാക്കിക്കൊടുക്കുകയാണ് വേണ്ടത്. ഇനിയും മണ്ഡലങ്ങളിൽ ഒഴിവുണ്ടല്ലോയെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.