election

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, മേഴ്സിക്കുട്ടിഅമ്മ, കെ.ടി. ജലീൽ, കോൺഗ്രസ് നേതാവ് വി.ഡി. സതീശൻ, പാലയിലെ മാണി സി. കാപ്പൻ, മുൻമന്ത്രിമാരായ നീലലോഹിതദാസൻനാടാർ, അനൂപ് ജേക്കബ്, കെ.ബി. ഗണേഷ് കുമാർ, മുൻ എം.പി എം.ബി. രാജേഷ്, മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ മകൾ പത്മജവേണുഗോപാൽ എന്നിവരുൾപ്പെടെ പത്രികാസമർപ്പണത്തിന്റെ രണ്ടാംദിവസമായ ഇന്നലെ 98 സെറ്റ് പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.

ഇടതുമുന്നണിയുടെ നാല് ഡമ്മിസ്ഥാനാർത്ഥികളും ഇതിലുൾപ്പെടുന്നു. ഇതോടെ ഇതുവരെ ലഭിച്ച പത്രികകളുടെ എണ്ണം 105 ആയി. കണ്ണൂരിലും ആലപ്പുഴയിലും 5വീതവും, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ ഒാരോന്നും,മലപ്പുറത്ത് രണ്ടും പാലക്കാട് 30ഉം തൃശൂരിൽ 7, എറണാകുളത്ത് 11, കോട്ടയത്തും തിരുവനന്തപുരത്തും 12 വീതവും,പത്തനംതിട്ടയിൽ 4,കൊല്ലത്ത് 8 എന്നിങ്ങിനെയാണ് പത്രിക ലഭിച്ചത്. ലോക്സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് ഇന്നലെയും ആരും പത്രിക നൽകിയില്ല.

മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിലെ ധർമ്മടത്തും കണ്ണൂർ മണ്ഡലത്തിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രി കെ.ടി. ജലീൽ തവനൂരിലും മേഴ്സികുട്ടിഅമ്മ കുണ്ടറയിലും പത്രിക നൽകി. ഇടതുമുന്നണിസ്ഥാനാർത്ഥികളായ കോന്നിയിൽ ജനീഷ് കുമാർ, കൊട്ടാരക്കരയിൽ കെ.എൻ. ബാലഗോപാൽ, ആലപ്പുഴയിൽ പി.പി. ചിത്തരഞ്ജൻ, തരൂരിൽ പി.പി. സുമേഷ്, വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്ത്, തൃത്താലയിൽ എം.ബി. രാജേഷ് ,കോട്ടയത്ത് അനിൽകുമാർ, മണ്ണാർക്കാട് സുരേഷ് രാജൻ, കോവളത്ത് നീലലോഹിതദാസൻനാടാർ, മലമ്പുഴയിൽ എ. പ്രഭാകരൻ, കൊച്ചിയിൽ കെ.ജെ. മാക്സി, ആലത്തൂരിൽ കെ.ഡി. പ്രസേനൻ, നന്മാറയിൽ കെ. ബാബു, കൊങ്ങാട് കെ. ശാന്തകുമാരി, ആറൻമുളയി വീണകുര്യാക്കോസ്, ചെങ്ങന്നൂരിൽ സജി ചെറിയാൻ, വർക്കലയിൽ വി. ജോയി, ഒറ്റപ്പാലത്ത് പ്രേംകുമാർ, സുൽത്താൻബത്തേരിയിൽ എം.എസ്. വിശ്വനാഥൻ, പത്തനാപുരത്ത് കെ.ബി. ഗണേഷ് കുമാർ, തിരുവനന്തപുരത്ത് ആന്റണിരാജു എന്നിവരും യു.ഡി.എഫ്. സ്ഥാനാർത്ഥികളായ വടക്കാഞ്ചേരിയിൽ അനിൽ അക്കരെ, പറവൂരിൽ വി.ഡി. സതീശൻ, പാലായിൽ മാണി സി.കാപ്പൻ,തൃശൂരിൽ പത്മജവേണുഗോപാൽ, കുന്നത്തുനാടിൽ വി.പി. സജീന്ദ്രൻ എന്നിവരും പൂഞ്ഞാറിൽ പി.സി. ജോർജ്ജും ഇന്നലെ പത്രികസമർപ്പിച്ചു.