
തിരുവനന്തപുരം: മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഇരിക്കൂറിൽ പ്രതിഷേധവുമായി രംഗത്തിറങ്ങിയ സാഹചര്യത്തിൽ പ്രഖ്യാപിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയെ മാറ്റുന്നത് നേതൃത്വത്തിന്റെ സജീവ പരിഗണനയിൽ. കെ.സി. ജോസഫ് ദീർഘകാലം പ്രതിനിധീകരിച്ച മണ്ഡലത്തിൽ ഹൈക്കമാൻഡിന്റെ താത്പര്യപ്രകാരമാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി സജീവ് ജോസഫിനെ സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ ജില്ലയിലെ പാർട്ടി ഗ്രൂപ്പ് സമവാക്യങ്ങൾ പോലും കണക്കിലെടുക്കാതെയുള്ള തീരുമാനമെന്നാണ് പരാതിയുയരുന്നത്. കടുത്ത പ്രതിഷേധമാണ് ഈ സ്ഥാനാർത്ഥിത്വത്തിനെതിരെ ഉയരുന്നത്. നിരവധി നേതാക്കൾ സ്ഥാനങ്ങൾ രാജിവച്ചതും നേതൃത്വത്തെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നുണ്ട്. സജീവ് ജോസഫിനെ ഒഴിവാക്കാൻ തീരുമാനിച്ചാൽ കഴിഞ്ഞ ദിവസം കെ.പി.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവച്ച സോണി സെബാസ്റ്റ്യനാകും നറുക്ക് വീഴുക. പ്രഖ്യാപിക്കാനുള്ള ഏഴ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനൊപ്പം ഇക്കാര്യത്തിലും തീരുമാനമാകും. സജീവ് ജോസഫിനെ പിന്നീട് കണ്ണൂർ ഡി.സി.സി അദ്ധ്യക്ഷസ്ഥാനത്തേക്ക് പരിഗണിക്കുന്ന ഫോർമുലയാണ് നേതൃത്വം ആലോചിക്കുന്നത്.