c

തിരുവനന്തപുരം: നേമത്തെ കോൺഗ്രസ് സ്ഥാനാർത്ഥി കെ. മുരളീധരൻ ഡൽഹിയിൽ നിന്ന് ഇന്ന് തിരുവനന്തപുരത്തെത്തും. സ്ഥാനാർത്ഥി പ്രഖ്യാപനം വന്നശേഷം ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെയും രാഹുൽഗാന്ധിയെയും എ.കെ. ആന്റണിയെയും മുരളി സന്ദർശിച്ചു. ജയിച്ചിരിക്കണം എന്നാണ് രാഹുൽ മുരളിയോട് നിർദ്ദേശിച്ചത്.

ആദ്യ ചർച്ചകളിൽ മുരളീധരന്റെ പേര് നേമത്തേക്ക് ഉയർന്നുകേട്ടെങ്കിലും അദ്ദേഹത്തോട് ആരും അഭിപ്രായം ചോദിച്ചിരുന്നില്ല. മുരളീധരൻ കോഴിക്കോട്ട് നടത്തിയ പ്രതികരണമാണ് ഹൈക്കമാൻഡിന്റെ ശ്രദ്ധ വീണ്ടും അദ്ദേഹത്തിലേക്ക് തിരിച്ചത്.

നേമത്ത് ശക്തനായ സ്ഥാനാർത്ഥി വേണമെന്ന ചിന്തയെ തുടർന്ന് അഭിപ്രായമാരാഞ്ഞ ഹൈക്കമാൻഡിനു മുന്നിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും മത്സരിക്കാൻ സന്നദ്ധത അറിയിച്ചിരുന്നു. ഉമ്മൻ ചാണ്ടിക്കുമുന്നിൽ പുതുപ്പള്ളിയിൽ അരങ്ങേറിയ വൈകാരികപ്രകടനങ്ങൾ വീണ്ടുവിചാരമുണർത്തി. ഹൈക്കമാൻഡ് പ്രതിനിധികളുമായി നടത്തിയ ആശയവിനിമയത്തെ തുടർന്ന് അദ്ദേഹമാണ് ആദ്യം കെ. മുരളീധരനെ ഫോണിൽ ബന്ധപ്പെട്ട് നേമത്ത് മത്സരിക്കാൻ നിർദ്ദേശിച്ചത്.

പിന്നാലെ രമേശ് ചെന്നിത്തലയും വിളിച്ചു. സമ്മതമാണെന്നറിഞ്ഞതോടെ രാത്രിയിൽ കെ.സി. വേണുഗോപാലും മുല്ലപ്പള്ളി രാമചന്ദ്രനും മുരളിയെ ബന്ധപ്പെട്ട് തീരുമാനം അന്തിമമാക്കുകയായിരുന്നു. ഇന്നുതന്നെ പ്രചാരണപ്രവർത്തനങ്ങളിലേക്ക് കടക്കാനാണ് മുരളി തയ്യാറെടുക്കുന്നത്.