
പോത്തൻകോട്: പ്രധാനറോഡുകൾ സംഗമിക്കുന്ന പോത്തൻകോട് ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് അവസാനമാകുന്നില്ല. ജംഗ്ഷനിലെയും സമീപ പ്രദേശങ്ങളിലെയും കുരുക്കിൽ മണിക്കൂറുകളെടുത്താണ് വാഹനങ്ങൾ മുന്നോട്ടുപോകുന്നത്. നഗരത്തിലെ പ്രധാന വ്യാപാരകേന്ദ്രമായ മേഖലയിലെ ഗതാഗതക്കുരുക്കിന് കെ.എസ്.ടി.പി റോഡ് വികസനം പൂർത്തിയാകുന്നതോടെ ശമനമുണ്ടാകുമെന്ന അധികൃതരുടെ വാദവും വെറുതെയായി. ഇപ്പോൾ മുമ്പത്തേക്കാൾ കൂടുതൽ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്. അശാസ്ത്രീയമായ റോഡ് അലൈൻമെന്റും അപ്രായോഗികമായ ട്രാഫിക് സംവിധാനവുമാണ് പോത്തൻകോട് ജംഗ്‌ഷനെ ശ്വാസം മുട്ടിക്കുന്നതെന്നാണ് പരാതി. വൺവേ ട്രാഫിക്കുള്ള ഇടുങ്ങിയ റോഡ് പൊതുമരാമത്ത് വിഭാഗത്തിന്റെയും ജംഗ്ഷനിലേക്കുള്ള പ്രധാന റോഡ് കെ.എസ്.ടി.പിയുടെയും നിയന്ത്രണത്തിലാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നുൾപ്പെടെ ഇവിടെ എത്തുന്ന ചരക്ക് ലോറികൾ സജീവമാകുന്നതോടെ പുലർച്ചെ മുതൽ റോഡിലെ സാധാരണ ഗതാഗതം നിശ്ചലമാകും. ഇവിടത്തെ ഗതാഗത പ്രശ്‌നവും യാത്രാദുരിതവും പരിഹരിക്കാൻ ശാസ്ത്രീയ പഠനം ആവശ്യമാണെന്നാണ് വ്യാപാരികൾ പറയുന്നത്. ജംഗ്‌ഷനിൽ ഓവർബ്രിഡ്ജോ മിനി ബൈപാസ് റോഡോ നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം
ജംഗ്ഷനിൽ സംഗമിക്കുന്നത് 6 റോഡുകൾ
പ്രധാന റോഡുകൾ
കഴക്കൂട്ടം - വെഞ്ഞാറമൂട് റോഡ്
മംഗലപുരം - പോത്തൻകോട് റോഡ്
ശ്രീകാര്യം - പൗഡിക്കോണം -പോത്തൻകോട് റോഡ്
ചെമ്പഴന്തി - കാട്ടായിക്കോണം - പോത്തൻകോട് റോഡ്
കണിയാപുരം - അണ്ടൂർക്കോണം - പോത്തൻകോട് റോഡ്
നെടുമങ്ങാട് - പോത്തൻകോട് റോഡ്
പ്രധാന പ്രശ്നങ്ങൾ
വാഹനങ്ങളുടെ റോഡ് കൈയേറിയുള്ള പാർക്കിംഗ്
ഫലപ്രദമായ ട്രാഫിക് നിയന്ത്രണമില്ല
അനധികൃത വഴിയോരക്കച്ചവടം
പോത്തൻകോട്ട് വർദ്ധിച്ചുവരുന്ന ട്രാഫിക് ബ്ലോക്കിന് ശാശ്വത പരിഹാരം കാണണം.
അനധികൃത പാർക്കിംഗ് നിയന്ത്രിക്കണം.
എൻ. സുധീന്ദ്രൻ (ജില്ലാ പ്രസിഡന്റ്,
വ്യാപാരി വ്യവസായി സമിതി)