
കാട്ടാക്കട: കാട്ടാക്കട മണ്ഡലത്തിൽ മൂന്ന് മുന്നണികൾക്കും സ്ഥാനാർത്ഥികളായതോടെ മുന്നണികളുടെ പ്രവർത്തനം സജീവമായി. ശക്തമായ ത്രികോണ മത്സരമാണ് കാട്ടാക്കടയിൽ. എൽ.ഡി.എഫിൽ സിറ്റിംഗ് എം.എൽ.എ ഐ.ബി.സതീഷും യു.ഡി.എഫിൽ മലയിൻകീഴ് വേണുഗോപാലും എൻ.ഡി.എ സ്ഥാനാർത്ഥി പി.കെ. കൃഷ്ണദാസുമാണ് മത്സര രംഗത്തുള്ളത്. നേരത്തേ തന്നെ സ്ഥാനാർത്ഥിത്വമുറപ്പിച്ച ഐ.ബി. സതീഷ് മണ്ഡലത്തിൽ രണ്ടാംവട്ട പര്യടനത്തിലാണ്. എന്നാൽ, രണ്ട് മാസത്തോളമായി കാട്ടാക്കടയിൽ താമസമാക്കി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയാണ് എൻ.ഡി.എ സ്ഥാനാർത്ഥി പി.കെ.കൃഷ്ണദാസ്.
അവസാനം പ്രഖ്യാപിക്കപ്പെട്ട യു.ഡി.എഫ് സ്ഥാനാർത്ഥി മലയിൻകീഴ് വേണുഗോപാൽ മണ്ഡലത്തിൽ ആദ്യഘട്ട പ്രചാരണത്തിന്റെ ഭാഗമായി പൗര പ്രമുഖരെയും പ്രാദേശിക നേതാക്കളെയും കാണുന്ന തിരക്കിലാണ്. മൂന്ന് മുന്നണികളും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ബാനറുകളും ഫ്ലക്സുകളും ചുമരെഴുത്തുകളും സജീവമാക്കി തങ്ങളുടെ ആധിപത്യം കാണിക്കാനുള്ള തിരക്കിലാണ് പ്രാദേശിക പ്രവർത്തകർ.
കഴിഞ്ഞ തവണ 2016ൽ എൽ.ഡി.എഫിലെ ഐ.ബി.സതീഷ് 51,614 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസിലെ പ്രബലനായ മുൻ സ്പീക്കർ കൂടിയായ എൻ. ശക്തൻ 50,765 വട്ടുകൾ നേടി. എന്നാൽ, എൻ.ഡി.എയിലെ പി.കെ. കൃഷ്ണദാസ് 38,000വോട്ടുകൾ നേടി ഇരുമുന്നണികൾക്കും വെല്ലുവിളി ഉയർത്തിയിരുന്നു. 2011ൽ പി.കെ. കൃഷ്ണദാസ് 22,550 വോട്ടുകളാണ് നേടിയത്. നിശ്ശബ്ദമായ പ്രചാരണത്തിലൂടെ രണ്ട് തിരഞ്ഞെടുപ്പുകളിൽ ശക്തമായ മുന്നേറ്റം നടത്തുന്ന പി.കെ. കൃഷ്ണദാസ് ഇക്കുറി തികഞ്ഞ വിജയ പ്രതീക്ഷയിലുമാണ്.
2016ൽ കോൺഗ്രസിലെ പടലപ്പിണക്കങ്ങളും ചില അടിയൊഴുക്കുകളും കാരണം 849 വോട്ടുകളുടെ വ്യത്യാസത്തിൽ ശക്തന് അടിയറവ് പറയേണ്ടി വന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ശക്തമായ സ്വാധീനം ഉണ്ടാക്കാൻ കഴിയാത്ത കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കാട്ടാക്കട മണ്ഡലത്തിൽ നേടിയ 8,500 വോട്ടിന്റെ ലീഡാണ് മലയിൻകീഴ് വേണുഗോപാൽ പ്രതീക്ഷവയ്ക്കുന്നത്.
പിണറായി സർക്കാരിന്റെ വികസന പ്രവർത്തനങ്ങളും താൻ മണ്ഡലത്തിൽ നടത്തിയ വികസനവും ജലസമൃദ്ധി പദ്ധതി ആഗോളതലത്തിൽ എത്തിക്കാൻ കഴിഞ്ഞതും സ്കൂളുകൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക് ഉയർന്നതും തനിയ്ക്ക് ഇക്കുറിയും ആത്മവിശ്വാസം പകരുന്നതായി ഐ.ബി. സതീഷ് പറയുന്നു.
കാട്ടാക്കട കോൺഗ്രസ് മണ്ഡലമാണെന്നും കോൺഗ്രസ് ഇക്കുറി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും കഴിഞ്ഞ തവണത്തെ ചെറിയ മാർജിൻ മാറ്റാൻ ഇക്കുറി കഴിയുമെന്നും മലയിൻകീഴ് വേണുഗോപാൽ പറയുന്നു. ഇക്കുറി വലിയ ഭൂരിപക്ഷത്തിൽ വിജയിക്കാനാവുമെന്ന ശുഭ പ്രതീക്ഷയിലാണ് വേണുഗോപാൽ.
എന്നാൽ, നരേന്ദ്രമോദി സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾക്ക് തുടർച്ചയേകാൻ എൻ.ഡി.എയ്ക്ക് കാട്ടാക്കടയിൽ നിന്ന് പ്രതിനിധിയെ നിയമസഭയിലേയ്ക്ക് വേണം. ഇക്കുറി സാഹചര്യങ്ങൾ ബി.ജെ.പിയ്ക്ക് അനുകൂലമാണെന്നും മണ്ഡലത്തിൽ പാർട്ടി നിർണ്ണായക ഘടകമായി മാറിയത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നുവെന്നും പി.കെ. കൃഷ്ണദാസ് പറയുന്നു.