
കല്ലമ്പലം: നാവായിക്കുളത്ത് രണ്ട് അപകടങ്ങളിലായി ഒരാൾ മരിച്ചു.അഞ്ചു പേർക്ക് പരിക്കുപറ്റി. നാവായിക്കുളം - തുമ്പോട് റോഡിൽ കപ്പാംവിള തൈയ്ക്കാവ് മുക്കിനു സമീപവും, വെള്ളൂർക്കോണം കശുഅണ്ടി ഫാക്ടറിക്ക് സമീപവുമായിരുന്നു അപകടങ്ങൾ. ഇന്നലെ രാവിലെ 9 മണിയോടെ തൈക്കാവ് മുക്കിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഒരാൾ മരിക്കുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കിളിമാനൂർ കാട്ടുംപുറം തടത്തഴികത്ത് വീട്ടിൽ ജോർജിന്റെയും ലീലയുടെയും മകൻ ഷിജു (21) ആണ് മരിച്ചത്.
ഷിജു പുതുശ്ശേരിമുക്കിലെ വാടകവീട്ടിൽ നിന്ന് മടവൂരിലെ വർക്ക്ഷോപ്പിലേക്ക് ബൈക്കിൽ ജോലിക്കു പോകവെ എതിർദിശയിൽ നിന്നു വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഷിജുവിനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ലിജുവാണ് സഹോദരൻ. എതിർ ദിശയിൽ നിന്ന് വരികയായിരുന്ന ബൈക്ക് യാത്രികനായ തോളൂർ നസീം മൻസിലിൽ നസീ (25) മിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാത്രി 7.30 ന് വെള്ളൂർക്കോണത്ത് ഓട്ടോറിക്ഷ വൈദ്യുതി പോസ്റ്റിലിടിച്ച് മറിഞ്ഞാണ് നാല് പേർക്ക് പരിക്കേറ്റത്. കുടവൂർ സ്വദേശികളായ ഓട്ടോ ഡ്രൈവർ ബാബു, ഷാജഹാൻ, മോഹനൻ,അൻസർ എന്നിവർക്കാണ് പരിക്ക്. പോസ്റ്റ് ഒടിഞ്ഞ് ലൈൻ കമ്പികൾ കൂട്ടിമുട്ടി തീപാറിയത് നാട്ടുകാരെ ഭയപ്പെടുത്തി. ഒടിഞ്ഞ പോസ്റ്റ് ഉയർത്തി കയറുകൾ കൊണ്ട് കെട്ടിനിറുത്തി വൈദ്യുതിയും പിന്നീട് ഗതാഗതവും പുനഃസ്ഥാപിച്ചു.