
തിരുവനന്തപുരം: അനിശ്ചിതാവസ്ഥയ്ക്ക് വിരാമമിട്ട് എൻ.ഡി.എ സ്ഥാനാർത്ഥിയായി ശോഭാ സുരേന്ദ്രനെ പ്രഖ്യാപിച്ചതോടെ കഴക്കൂട്ടം മണ്ഡലത്തിലെ മത്സര ചിത്രം തെളിഞ്ഞു.ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലം വേദിയാവുന്നത്.നിലവിലെ എം.എൽ.എയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ ഒരാഴ്ച മുമ്പ് തന്നെ പ്രചാരണം തുടങ്ങി.ആദ്യ പട്ടികയിൽ ഉൾപ്പെട്ട യു.ഡി.എഫിന്റെ ഡോ.എസ്.എസ്. ലാലിനും രംഗത്തിറങ്ങാനായി. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ മാത്രമാണ് ആശയക്കുഴപ്പം നിലനിന്നിരുന്നത്. ശോഭാ സുരേന്ദ്രൻ എത്തുന്നതോടെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമായി കഴക്കൂട്ടം മാറി. ഇടതുപക്ഷം തികഞ്ഞ ശുഭാപ്തി വിശ്വാസം പുലർത്തുന്ന മണ്ഡലങ്ങളിലൊന്നാണ് കഴക്കൂട്ടം. അട്ടിമറി വിജയം ലക്ഷ്യമിട്ടാണ് കോൺഗ്രസ് എസ്.എസ് ലാലിനെ രംഗത്തിറക്കിയത്.എന്നാൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ വി.മുരളീധരൻ രണ്ടാം സ്ഥാനത്തെത്തിയതാണ് എൻ.ഡി.എയുടെ ആത്മവിശ്വാസത്തിന്റെ അടിത്തറ.
കടകംപള്ളി സുരേന്ദ്രൻ
1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ 24,000 ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജയിച്ചിരുന്നു.സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം.2007 മുതൽ 2016 വരെ പാർട്ടി ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. 2016-ലെ തിരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ 7347 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.വിദ്യാർത്ഥി ,യുവജന സംഘടനകളിലൂടെ മുഖ്യധാരാ രാഷ്ട്രീയത്തിലെത്തി.
ഡോ.എസ്.എസ്.ലാൽ
അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന പൊതുജനാരോഗ്യ വിദഗ്ദ്ധനാണ് ഡോ.എസ്.എസ്. ലാൽ. ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ ലോകാരോഗ്യ സംഘടനയുടെയും മറ്റു ചില അന്താരാഷ്ട്ര സംഘടനകളുടെയും ഉയർന്ന ഉദ്യോഗസ്ഥനായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ തിരുവനന്തപുരത്തുള്ള ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പബ്ലിക് ഹെൽത്തിൽ പൊതുജനാരോഗ്യ വിഭാഗത്തിന്റെ പ്രൊഫസറും തലവനുമാണ്. ലോകാരോഗ്യ സംഘടനയുടെ ഒരു ആഗോള സമിതിയുടെ വൈസ് ചെയർമാനും മറ്റു പല സമിതികളിൽ അംഗവുമാണ്.മെഡിക്കൽ ബിരുദം കൂടാതെ എം.പി.എച്ച്,എം.ബി.എ,പി.എച്ച്.ഡി തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതകളും ഉണ്ട്.നിയമസഭാ തിരഞ്ഞെടുപ്പിൽ ആദ്യ മത്സരം.
ശോഭാ സുരേന്ദ്രൻ
ബി.ജെ.പിയുടെ കരുത്തുറ്റ പ്രാസംഗികരിലൊരാൾ.ബാലഗോകുലത്തിലൂടെ പൊതുപ്രവർത്തനത്തിന് തുടക്കം. ഇപ്പോൾ ബി.ജെ.പിയുടെ സംസ്ഥാന വൈസ് പ്രസിഡന്റ്. 2004-ൽ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു.2011- ൽ പുതുക്കാട് നിയമസഭാ മണ്ഡലത്തിലും 2014-ൽ പാലക്കാട് ലോക് സഭാ മണ്ഡലത്തിലും മത്സരിച്ച് പരാജയപ്പെട്ടു. 2019-ൽ ആറ്റിങ്ങൽ ലോക് സഭാ മണ്ഡലത്തിൽ മത്സരിച്ച് 2,48,081 വോട്ടുകൾ നേടി.ആദ്യ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടാതിരുന്ന ശോഭ, ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലോടെയാണ് കഴക്കൂട്ടത്ത് എത്തുന്നത്.