
വർക്കല: വർക്കലയിൽ പ്രവർത്തനം നിലച്ച ട്രാഫിക് പൊലീസ് യൂണിറ്റിന്റെ സേവനം പുനഃരാരംഭിക്കണമെന്നാവശ്യം ശക്തമാകുന്നു. 3 വർഷം മുൻപ് 15ഓളം പേർ അടങ്ങുന്ന ട്രാഫിക് പൊലീസുകാരെയാണ് വർക്കലയിൽ ഡ്യൂട്ടിക്കായി പോസ്റ്റ് ചെയ്തത്. പ്രാരംഭഘട്ടത്തിൽ മികച്ച പ്രവർത്തനമായിരുന്നു. എന്നാൽ ട്രാഫിക് ഡ്യൂട്ടിയിലെ പൊലീസുകാരെ ഘട്ടംഘട്ടമായി പിൻവലിച്ചതോടെ ട്രാഫിക് സംവിധാനം കുത്തഴിഞ്ഞ നിലയിലായി.
പുത്തൻചന്ത ടൗണിലും രാവിലെയും വൈകിട്ടും ഗതാഗതക്കുരുക്ക് രൂക്ഷമാവുകയാണ്. 4 റോഡുകൾ സംഗമിക്കുന്ന ഇവിടെയും ട്രാഫിക് നിയന്ത്രണത്തിന് നാഥനില്ലാത്ത അവസ്ഥയാണ്. വർക്കലയിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി, പൊതുമാർക്കറ്റ് എന്നിവയും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. കൂടാതെ ചെറുതും വലുതുമായ 300ഓളം കച്ചവടസ്ഥാപനങ്ങളും, നിരവധി ബാങ്കുകളും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ വിവിധ ആവശ്യങ്ങൾക്കായി ദൈനംദിനം 1000 ത്തോളം പേരാണ് വന്നുപോകുന്നത്.
പ്രധാന ജംഗ്ഷനിൽ ചരക്ക് വാഹനങ്ങൾ നടുറോഡിൽ നിറുത്തിയിടുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുന്നു. മൈതാനം താഴെ വെട്ടൂർ റോഡിലും, മൈതാനം റെയിൽവേ സ്റ്റേഷൻ റോഡിലും ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്. മണിക്കൂറുകളോളം സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നടുറോഡിൽ നിറുത്തിയിട്ട് ഗതാഗത പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്.
റോഡിന്റെ പാർശ്വഭാഗങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് മൂലം ഗതാഗതക്കുരുക്ക് വർദ്ധിക്കുകയാണ്. കൂടാതെ അപകടങ്ങളുടെ ഗ്രാഫും കുത്തനെ ഉയരുകയാണ്. അമിതവേഗതയും വർക്കലയെ അപകട ഭീതിയിലാക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതിനും നടപടികളില്ല. ഏറെ തിരക്കുള്ള പാലച്ചിറയിലും അപകടങ്ങൾ വർധിച്ചുവരികയാണ്. ഇവിടെയും ട്രാഫിക് ഡ്യൂട്ടിക്ക് പോലീസുകാരില്ല. ഏറെ കൊട്ടിഘോഷിച്ച് നടപ്പിലാക്കിയ വർക്കലയിലെ പൊലീസ് ട്രാഫിക് യൂണിറ്റിന് മതിയായ പൊലീസുകാർ ഇല്ലാതായതോടെ വർക്കലയിലെ ഗതാഗത സംവിധാനവും താറുമാറായ നിലയിലാണ്.
ടൂറിസം- തീർത്ഥാടനകേന്ദ്രമായ വർക്കലയുടെ പ്രാധാന്യം കണക്കിലെടുത്താണ് 2018ൽ ആഭ്യന്തരവകുപ്പ് വർക്കലയിൽ ട്രാഫിക് യൂണിറ്റ് സംവിധാനം പ്രാവർത്തികമാക്കിയത്.
നിലവിലെ പ്രശ്നങ്ങൾ
അനധികൃത പാർക്കിംഗ്
ഗതാഗതക്കുരുക്ക് രൂക്ഷം
അപകടങ്ങളും പതിവാകുന്നു
കാൽനടയാത്രക്കാർ റോഡ് ക്രോസ് ചെയ്യാൻ മണഇക്കൂറുകളെടുക്കുന്നു
ഗതാഗതക്കുരുക്ക് രൂക്ഷം
വർക്കല മൈതാനം, ക്ഷേത്രം റോഡ്, പുന്നമൂട്, റെയിൽവേ സ്റ്റേഷൻ, പുത്തൻചന്ത,ആയുർവേദ ആശുപത്രി, ജനാർദ്ദന പുരം ആൽത്തറമൂട് എന്നിവിടങ്ങളിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണ്.
പാർക്കിംഗിന് സ്ഥലമില്ല
വർക്കല നഗരത്തിൽ വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. പാർക്കിംഗ് സൗകര്യം ഒരുക്കുന്നതിനുള്ള സ്ഥലം നഗരമദ്ധ്യത്തിൽ ഉണ്ടെങ്കിലും നഗരസഭ അധികൃതർ നടപടി സ്വീകരിക്കുന്നതിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നതെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.