kodiyeri

തിരുവനന്തപുരം: ഒരു കാല് ഡൽഹിയിലും ഒരു കാല് തിരുവനന്തപുരത്തും വച്ചാൽ കാലിന് ഉറപ്പുണ്ടാവുമോ എന്ന് നേമത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.മുരളീധരനെ ലക്ഷ്യംവച്ച് കോടിയേരി ബാലകൃഷ്ണന്റെ പരിഹാസം. നേമം മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നുവെങ്കിൽ എം.പി സ്ഥാനം രാജിവച്ചാണ് മത്സരിക്കേണ്ടത്. നിയമസഭയിലാണോ ലോക്‌‌സഭയിലാണോ എന്ന് ഉറപ്പിച്ചിട്ട് മതിയായിരുന്നു പോരാട്ടം. നേമത്തെ ഇടതു സ്ഥാനാർത്ഥിക്ക് തടിയും വണ്ണവും തൂക്കവും മറ്റുള്ളവരേക്കാൾ കുറവാണെന്നേയുള്ളു. രാഷ്ട്രീയ പ്രത്യയശാസ്ത്രം മുറുകെ പിടിച്ച് ജനങ്ങൾക്കിടയിൽ കാലങ്ങളായി പ്രവർത്തിക്കുന്ന വ്യക്തിയാണ് ശിവൻകുട്ടി. സംസ്ഥാനത്ത് എൽ. ഡി.എഫും യു.ഡി.എഫും തമ്മിലാണ് പ്രധാന മത്സരമെങ്കിലും നേമത്തെ കണക്കുകൾ വച്ചു നോക്കുമ്പോൾ എൽ.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് മത്സരം വരുക. ജമാ അത്തെ ഇസ്ലാമിയുമായി പരസ്യ ബന്ധവും നീക്കുപോക്കുമാണ് യു.ഡി.എഫ് നടത്തുന്നത്. ഇടത് മുന്നണിക്ക് തുടർഭരണം ഉറപ്പായപ്പോൾ കാട്ടുന്ന രാഷ്ട്രീയ പാപ്പരത്തമാണ് ഇതെന്നും കോടിയേരി പറഞ്ഞു.