
തിരുവനന്തപുരം:സ്ഥാനാർത്ഥികൾ നിരന്നതോടെ ശക്തമായ ത്രികോണ മത്സരത്തിന് തിരുവനന്തപുരം മണ്ഡലം ഒരുങ്ങി.സ്ഥാനാർത്ഥിത്വം നേരത്തെ പ്രഖ്യാപിച്ചതിനാൽ എൽ.ഡി.എഫിലെ ആന്റണി രാജു പ്രചാരണത്തിൽ ഒരു ചുവട് മുന്നിലായി.യു.ഡി.എഫിന്റെ വി.എസ്.ശിവകുമാറും എൻ.ഡി.എയുടെ കൃഷ്ണകുമാറും കളത്തിലിറങ്ങിയതോടെ കടുത്തചൂടിനൊപ്പം തിരഞ്ഞെടുപ്പ് ചൂടും കത്തിക്കയറുകയാണ്.ശിവകുമാറും ആന്റണി രാജുവും കഴിഞ്ഞ തവണയും പോരാളികളായിരുന്നു.കൃഷ്ണകുമാർ പുതുമുഖവും.വികസന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് ശിവകുമാറിന്റെ പ്രചാരണ യാത്രയെങ്കിൽ തുടർഭരണത്തിന്റെ പ്രതീക്ഷയുമായാണ് ആന്റണി രാജുവിന്റെ വരവ്.കേരളം മാറാൻ മോദിക്കൊപ്പമാകാനാണ് കൃഷ്ണകുമാറിന്റെ പുറപ്പാട്.പരമാവധി വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ് സ്ഥാനാർത്ഥികൾ.കഴിഞ്ഞ പ്രാവശ്യം ഏത് മേഖലയിലാണ് വോട്ട് കൂടിയതെന്നും എവിടെയാണ് വോട്ട് ചോർന്നതെന്നും അരിച്ചുപെറുക്കിയുള്ള പ്രചാരണമായിരിക്കും ഇക്കുറി.
എൽ.ഡി.എഫിന് ഇത് അഭിമാന പോരാട്ടമാണ്. കഴിഞ്ഞ തവണത്തെ തോൽവിയിൽ നിന്നൊരു ഉയിർത്തെഴുന്നേൽപ്പ് അതാണ് ആന്റണി രാജു പ്രതീക്ഷിക്കുന്നത്. സാമൂഹ്യ ക്ഷേമ പെൻഷൻ വർദ്ധിപ്പിച്ചതും ഇടതുസർക്കാരിന്റെ വികസന നേട്ടങ്ങളും അണിനിരത്തിയാണ് ആന്റണി രാജു .രണ്ട് തവണയായി വിജയശ്രീലാളിതനായി നിൽക്കുന്ന വി.എസ്.ശിവകുമാർ ഹാട്രിക് വിജയം കൈയിലൊതുക്കാനുള്ള പുറപ്പാടിലും. എം.എൽ.എ എന്ന നിലയിൽ മണ്ഡലത്തിൽ ചെയ്ത വികസന പ്രവർത്തനങ്ങളും ഇടതുസർക്കാരിനെതിരെ ഉയർന്ന ആരോപണങ്ങളുമൊക്കെ യു.ഡി.എഫ് വിജയം ഉറപ്പാക്കുമെന്നാണ് ശിവകുമാറിന്റെ പ്രതീക്ഷ.മണ്ഡലത്തിലെ വികസന മുരടിപ്പും മോദി സർക്കാരിന്റെ വികസന നേട്ടങ്ങളും ഉയർത്തിയാണ് കൃഷ്ണകുമാറിന്റെ പ്രചാരണം.
തിരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഓടിയെത്തുന്ന സമീപനമല്ല തന്റേത്. വികസനത്തിലും പ്രതിസന്ധിയിലും ജനങ്ങൾക്കൊപ്പം നിന്നു.യു.ഡി.എഫ് അധികാരത്തിൽ വന്നാൽ രണ്ടാംഘട്ട നഗരവികസന പദ്ധതി ആരംഭിക്കും. വിജയത്തിൽ പൂർണ വിശ്വാസം.
വി.എസ്.ശിവകുമാർ, യു.ഡി.എഫ്
വിജയം ഉറപ്പ്. സാമൂഹിക പെൻഷൻ വർദ്ധിപ്പിച്ചതിലും കിറ്റ് കിട്ടിയതിലും ജനങ്ങളെല്ലാം സംതൃപ്തരാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് കിട്ടിയ വോട്ടുകൾ എൽ.ഡി.എഫിന്റെ വിജയ സൂചനയാണ്.
ആന്റണി രാജു, എൽ.ഡി.എഫ്
ശംഖുംമുഖം കടപ്പുറത്തെ ദുരിതം മാത്രം മതി ഈ സർക്കാരിന്റെ പരാജയം കാട്ടാൻ. ജനം മാറ്റം പ്രതീക്ഷിക്കുന്നു. അത് എന്നിലൂടെയുണ്ടാകും. ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.നൂറ് ശതമാനം വിജയം ഉറപ്പ്.
കൃഷ്ണകുമാർ, എൻ.ഡി.എ
2016
വി.എസ്.ശിവകുമാർ (യു.ഡി.എഫ്) 46,474
ആന്റണി രാജു ( എൽ.ഡി.എഫ്) 35,569
ശ്രീശാന്ത് (എൻ.ഡി.എ) 34,764