
കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്ന് കൂട്ടത്തോടെ മടങ്ങേണ്ടിവന്ന പ്രവാസികളെ നേരിയ തോതിലെങ്കിലും ആശ്വസിപ്പിക്കുന്നതാണ് കഴിഞ്ഞ ദിവസം പാർലമെന്റിന്റെ ഇരുസഭകളിലും വിദേശകാര്യമന്ത്രി എസ്. ജയശങ്കർ നടത്തിയ പ്രസ്താവന. മടങ്ങിയെത്തിയവരിൽ അധികം പേർക്കും ഇക്കാലയളവിൽ തൊഴിൽ നഷ്ടപ്പെട്ടിട്ടുണ്ട്. തിരിച്ചുപോകാൻ കഴിയാത്തവിധം വിസ നഷ്ടമായവരും ഏറെയാണ്. ഇവരുടെ പുനരധിവാസം കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്ക് വലിയ വെല്ലുവിളി തന്നെയാണ്. കൊവിഡ് നില ഏറെ മെച്ചപ്പെട്ട ഗൾഫ് രാജ്യങ്ങളിൽ തൊഴിൽ മേഖലകൾ പൂർണമായും പഴയ നിലയിലായിട്ടില്ലെങ്കിലും പ്രതീക്ഷ പകരും വിധം പുരോഗതി ദൃശ്യമാണിപ്പോൾ. വിമാന സർവീസുകളും പുനഃസ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യ ഉൾപ്പെടെ ഏതാനും രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന യാത്രാവിലക്കും ഏറെക്കുറെ പിൻവലിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ തൊഴിൽ വിസയുടെ കാലാവധി തീർന്ന പ്രവാസികളെ സംബന്ധിച്ച് ഭാവിജീവിതം വലിയ ചോദ്യം തന്നെയാണ്. ഒട്ടും പ്രതീക്ഷിക്കാതെ എല്ലാം ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങിയവരാണ് അധികവും. നാട്ടിൽ വീണ്ടുമൊരു ജീവിതം കരുപ്പിടിപ്പിക്കാനുള്ള ശ്രമത്തിൽ വിജയിച്ചവരും ഒട്ടും വിജയിക്കാത്തവരുമുണ്ട്. തിരികെ അങ്ങോട്ടു പോകാൻ താത്‌പര്യമില്ലാത്തവരും കൂട്ടത്തിലുണ്ട്. മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഹായഹസ്തം നീട്ടണമെന്നാണ് ഗൾഫ് രാജ്യങ്ങളോട് കേന്ദ്ര സർക്കാർ അഭ്യർത്ഥന നടത്തിയിരിക്കുന്നത്. ഇന്ത്യയോട് ഏറെ ആഭിമുഖ്യം പുലർത്തുന്നവയാണ് ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളും. അതുകൊണ്ടുതന്നെ ഇന്ത്യയുടെ അഭ്യർത്ഥനയ്ക്ക് അനുകൂല പ്രതികരണമുണ്ടാകുമെന്നു വേണം കരുതാൻ.
കൊവിഡ് മൂർച്ഛിച്ച ഘട്ടത്തിൽ 45 ലക്ഷം ഇന്ത്യക്കാരാണ് വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നു മടങ്ങി എത്തിയത്. ഇവരിൽ നല്ലൊരു ഭാഗം മലയാളികളാണെന്നതാണ് നമ്മുടെ ഉത്‌കണ്ഠയും ആധിയും കൂടാൻ കാരണം. നാട്ടിലെ തൊഴിൽ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ ഏതു വിധേനയും മടങ്ങാൻ ആഗ്രഹിക്കുന്നവരാണ് പലരും. അതിനുവേണ്ട ഒത്താശ ചെയ്യാൻ കേന്ദ്രം മുന്നോട്ടുവന്നാൽ നല്ല കാര്യമാണത്. തിരികെ എത്തിയ ലക്ഷക്കണക്കിനു പ്രവാസികളെ അപ്പാടെ പുനരധിവസിപ്പിക്കുക എന്നത് ഇപ്പോഴത്തെ സാഹചര്യത്തിൽ അപ്രായോഗികമാണ്. കഴിയുന്നത്ര പേർക്ക് തിരികെ പോകാനുള്ള അവസരമൊരുക്കാൻ കഴിഞ്ഞാൽ അതാകും ഏറ്റവും ഉചിതം. ഇതു മനസിൽക്കണ്ടാണ് സൗദി അറേബ്യ, ഖത്തർ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ ഭരണാധികാരികളുമായി വിദേശകാര്യ വകുപ്പ് ഇതിനകം ചർച്ച നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രവാസികളുടെ കാര്യത്തിൽ സജീവ താത്‌പര്യം എടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരമാണ് വിദേശകാര്യമന്ത്രി ഗൾഫ് ഭരണാധികാരികളുമായി പ്രവാസി പുനരധിവാസം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തത്. കഴിയുന്നത്ര പ്രവാസികളെ ഇവിടെത്തന്നെ പുനരധിവസിപ്പിക്കാനുള്ള പദ്ധതികളെക്കുറിച്ചും കേന്ദ്രം ആലോചിക്കുന്നുണ്ടെന്നാണു വിവരം. തൊഴിൽ - പുനരധിവാസ വകുപ്പ് ഇതിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കേണ്ടതാണ്. മടങ്ങിയെത്തിയവർ ലക്ഷക്കണക്കിനു വരുമെന്നതിനാൽ ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികളാണ് ആവശ്യം. പെട്ടെന്ന് എല്ലാം ഇട്ടെറിഞ്ഞു മടങ്ങേണ്ടിവന്നതുമൂലം ധാരാളം കുടുംബങ്ങളിലെ കുട്ടികളുടെ പഠനവും മുടങ്ങിയിട്ടുണ്ട്. അവരുടെ കാര്യവും പരിഗണിക്കേണ്ടതുണ്ട്.