puducherry

പുതുച്ചേരിയിലൂടെ ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന എൻ.ഡി.എ സഖ്യത്തിന്റെ കരുത്താണ് പുതുച്ചേരി മുൻ മുഖ്യമന്ത്രിയും ഓൾ ഇന്ത്യ എൻ.ആർ. കോൺഗ്രസ് തലവനുമായ എൻ. രംഗസ്വാമി. എൻ.ഡി.എയിൽ നിന്ന് ഇടഞ്ഞ് എൻ.ആർ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിച്ചേക്കാമെന്ന് അഭ്യൂഹങ്ങൾ പരന്നെങ്കിലും എൻ.ഡി.എയ്ക്കൊപ്പം തന്നെയെന്ന് രംഗസ്വാമി അറിയിച്ചിരുന്നു. എൻ.ഡി.എ സഖ്യത്തെ നയിക്കുന്നതും രംഗസ്വാമിയാണ്.

പുതുച്ചേരിയിൽ ബിജെപി മുഖ്യമന്ത്രി അധികാരമേല്‍ക്കുമെന്ന് ഒരു പ്രചാരണ റാലിയ്ക്കിടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത് എന്‍.ആർ കോണ്‍ഗ്രസിനെയും രംഗസ്വാമിയേയും ചൊടിപ്പിച്ചിരുന്നു. തുടർന്നാണ് എൻ.ഡി.എ വിട്ടേക്കുമെന്ന സാദ്ധ്യത തെളിഞ്ഞത്. മുഖ്യമന്ത്രി സ്ഥാനം തങ്ങൾക്ക് തന്നെ വേണമെന്നായിരുന്നു എന്‍.ആർ കോണ്‍ഗ്രസിന്റെ നിലപാട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒറ്റ മണ്ഡലത്തിൽ പോലും ജയിക്കാൻ സാധിക്കാതെ പോയ ബി.ജെ.പിയ്ക്ക് ഒറ്റയ്ക്ക് മത്സരിച്ചതുകൊണ്ട് ഒരു കാര്യവുമില്ല.

ജനപിന്തുണയുള്ള രംഗസ്വാമിയെ വെറുപ്പിച്ചാൽ കനത്ത തിരിച്ചടിയ്ക്ക് കാരണമാകുമെന്ന് അറിയാവുന്നതിനാലാണ് സമവായ ചർച്ചകൾക്ക് ബി.ജെ.പി തയ്യാറായത്. ചർച്ചയിലൂടെ രംഗസ്വാമിയെ എൻ.ഡി.എ പാളയത്തിൽ ഉറപ്പിച്ചെങ്കിലും ഇപ്പോഴും മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഏതായാലും എൻ.ഡി.എയെ രംഗസ്വാമി നയിക്കുന്നതിനാൽ എൻ.ആർ കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടി ജനങ്ങൾക്കിടയിൽ പ്രചാരണം നടത്തുന്നുണ്ട്. 18 ആണ് ആവശ്യപ്പെട്ടതെങ്കിലും 16 സീറ്റാണ് എൻ.ആർ കോൺഗ്രസിന് ലഭിച്ചത്.

ബാക്കി 14ൽ ബി.ജെ.പിയും സഖ്യകക്ഷിയായ എ.ഐ.എ.ഡി.എം.കെയും മത്സരിക്കും. തട്ടൻചാവടി, യാനം എന്നീ രണ്ടു മണ്ഡലങ്ങളിൽ നിന്ന് രംഗസ്വാമി മത്സരിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഇന്ദിരാ നഗറിൽ നിന്നാണ് രംഗസ്വാമി വിജയിച്ചത്. ജനങ്ങളോട് വളരെ അടുത്തിഴപഴകി നിൽക്കുന്ന നേതാവായാണ് രംഗസ്വാമി അറിയപ്പെടുന്നത്. 12 വർഷം പുതുച്ചേരിയുടെ മുഖ്യമന്ത്രി പദം അലങ്കരിച്ച രംഗസ്വാമിയ്ക്ക് ഇപ്പോഴും അതിന്റെ തലക്കനമില്ല.

2011ലെ നിയമസഭാതിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിൽ നിന്ന് പിളർന്നതോടെയാണ് 72 കാരനായ രംഗസ്വാമി എൻ. ആർ കോൺഗ്രസ് രൂപീകരിച്ചത്. 'പുതുവൈ കാമരാജ് ' എന്നറിയപ്പെടുന്ന രംഗസ്വാമി ലളിതമായ ജീവിതശൈലിയുടെ പേരിലും ശ്രദ്ധേയനാണ്. 1989ൽ തിരഞ്ഞെടുപ്പ് കളത്തിലറങ്ങിയ രംഗസ്വാമി വി. പെതപെരുമാളിന് മുന്നിൽ പരാജയപ്പെട്ടു. എന്നാൽ, 1991ൽ ആദ്യം മത്സരിച്ച തട്ടൻചാവടിയിൽ നിന്ന് പെതപെരുമാളിനെ തന്നെ രംഗസ്വാമി പരാജയപ്പെടുത്തി. അതിന് ശേഷം രംഗസ്വാമി പരാജയമറിഞ്ഞിട്ടില്ല. ' മക്കൾ മുതൽവർ ' ( ജനങ്ങളുടെ മുഖ്യമന്ത്രി ) എന്ന അപരനാമം നേടിയെടുത്ത വാണിയാർ സമുദായത്തിൽപ്പെട്ട രംഗസ്വാമി നാലാം തവണയും മുഖ്യമന്ത്രി കസേരയിലെത്തുമോ എന്ന ആകാംഷയിലാണ് പുതുച്ചേരി.