തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാദ്ധ്യമങ്ങളിൽ പരസ്യം നൽകുന്നതിന് അതത് ജില്ലാതല മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റിയുടെ സർട്ടിഫിക്കേഷൻ നിർബന്ധമാണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഒാഫീസർ അറിയിച്ചു. പത്രങ്ങൾ, ടെലിവിഷൻ ചാനലുകൾ, പ്രാദേശിക കേബിൾ ചാനലുകൾ, സ്വകാര്യ എഫ്.എം ഉൾപ്പെടെയുള്ള റേഡിയോ ചാനലുകൾ, സിനിമ തിയേറ്ററുകൾ, പൊതു സ്ഥലങ്ങളിലും സമൂഹ മാദ്ധ്യമങ്ങളിലും നൽകുന്ന ഓഡിയോ, വീഡിയോ ഡിസ്‌പ്ലേകൾ, ബൾക്ക് എസ്.എം.എസുകൾ, വോയ്സ് മെസേജുകൾ, ഇ-പേപ്പറുകൾ എന്നിവയിലെ പരസ്യങ്ങൾക്ക് മുൻകൂർ അനുമതി വേണം.

സ്ഥാനാർത്ഥികളും അംഗീകൃത രാഷ്ട്രീയ പാർട്ടികളും പരസ്യം നൽകുന്നതിന് മൂന്നു ദിവസം മുമ്പെങ്കിലും അപേക്ഷ സമർപ്പിച്ചിരിക്കണം. പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ടു പകർപ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാൻസ്‌ക്രിപ്ടും സഹിതമാണ് അപേക്ഷിക്കേണ്ടത്. പരസ്യത്തിന്റെ നിർമ്മാണച്ചെലവ്, ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് എന്നിവ അപേക്ഷയിൽ വ്യക്തമാക്കണം. പരസ്യം പ്രദർശിപ്പിക്കുന്നതിനു നൽകുന്ന പണം ചെക്കായോ ഡിമാൻഡ് ഡ്രാഫ്റ്റായോ മാത്രമേ നൽകൂ എന്ന പ്രസ്താവനയും നൽകണം.