pol

തിരുവനന്തപുരം: ജനങ്ങളുടെ മുമ്പിൽ കുമ്പിട്ടും കാടിളക്കി പ്രചാരണം നടത്തിയും എം.എൽ.എ ആയാൽ കിട്ടുന്ന ശമ്പളം വെറും 2000 രൂപ! പക്ഷേ, വാങ്ങുന്നത് 70,000. പലവിധ അലവൻസുകളാണ് കീശ നിറയ്ക്കുന്നത്.

യാത്രയ്ക്ക് 20,000 രൂപ. മണ്ഡലവികസനത്തിന് 25,000, ടെലിഫോണിന് 11,000, കത്തിടപാടിന് 4000, മറ്റ് ചെലവുകൾക്ക് 8000. അങ്ങനെ മൊത്തം 70,000 രൂപ. കൊവിഡ് പശ്ചാത്തലത്തിൽ യാത്രയ്ക്കുള്ള 20,000 ഒഴിച്ചുള്ള തുകയിൽ നിന്ന് 30 ശതമാനം കുറച്ചതോടെ പതിനൊന്ന് മാസമായി കിട്ടുന്നത് 35,000 രൂപ.

നിയമസഭാ സമ്മേളനം നടക്കുമ്പോൾ ഓരോ ദിവസത്തിനും 1000 രൂപ ബത്ത കിട്ടും. 25 ദിവസം സഭ കൂടുകയാണെങ്കിൽ 25,000 രൂപ കിട്ടും. അങ്ങനെ 95,000 രൂപ ആ മാസം ലഭിക്കും.

ഇതിനു പുറമേ 2 ലക്ഷത്തിന്റെ അപകട ഇൻഷ്വറൻസ്. ഇതിന്റെ പ്രീമിയം സർക്കാർ അടയ്ക്കും. പുസ്തകം വാങ്ങാൻ പ്രതിവർഷം 15,000 രൂപ. വാഹനം വാങ്ങാൻ പലിശ രഹിത വായ്പ. അഞ്ച് വർഷം കൊണ്ട് വായ്പ അടച്ച് തീർക്കണം. സർക്കാർ അംഗീകരിച്ച ആശുപത്രികളിൽ സൗജന്യ ചികിത്സ. കെ.എസ്.ആർ.ടി.സി ബസിൽ സൗജന്യ യാത്ര.

ഒരു എം.എൽ.എയ്ക്ക് രണ്ട് അസിസ്റ്റന്റിനെ വയ്ക്കാം. ഒരാൾ സർക്കാർ ഉദ്യോഗസ്ഥനും രണ്ടാമനെ പുറത്ത് നിന്നും നിയമിക്കാം. ഇയാളുടെ ശമ്പളം 20,000 രൂപ.

പെൻഷൻ

പെൻഷൻ ആദ്യ 5 വർഷം 20,000 രൂപ. തുടർന്നുള്ള ഓരോ വർഷവും 1000 രൂപ വച്ച് കൂടും. അത് 45,000 ത്തിൽ കവിയില്ല. ഉമ്മൻചാണ്ടി 50 വർഷം പൂർത്തിയാക്കിയെങ്കിലും പെൻഷൻ 45,000 രൂപയാണ്. മരുന്നിന് റീ ഇംബേഴ്സ്‌മെന്റും കിട്ടും.

#എം.എൽ.എമാർ 140

#മന്ത്രിമാരുടെ ശമ്പളം 90,000

(അലവൻസുകൾ ഉൾപ്പെടെ)

#പെട്രോളിന് ഓരോ കി.മീറ്ററിന് 11 രൂപ വച്ച്

# സർക്കാർ വീട്, കാർ, സ്റ്റാഫ്,

# പൊലീസ് എസ്ക്കോർട്ട്

#വിമാന യാത്രയ്ക്ക് ടിക്കറ്റ്