
തിരുവനന്തപുരം: പൊലീസ് സബ് ഇൻസ്പെക്ടറുടെ കൃത്യനിർവഹണവും സ്വന്തം പറമ്പിൽ തൂമ്പകൊണ്ടു മണ്ണിളക്കിയുള്ള കൃഷിപ്പണിയും സന്തോഷ് കുമാറിന് ഒരുപോലെയാണ്. രണ്ടിലും വിട്ടുവീഴ്ചയില്ല.
തിരുവനന്തപുരം ജില്ലയിലെ മലയോര ഗ്രാമമായ പാലോടിനടുത്ത് കരിമൺകോട് രാധാ വിലാസത്തിൽ സന്തോഷ് കുമാർ പതിനഞ്ചാം വയസിൽ അച്ഛനോടൊപ്പം മണ്ണിലേക്ക് ഇറങ്ങിയതാണ്.അതിന്റെ ഗുണം ഇന്ന് ഒന്നര ഏക്കറിൽ പച്ചപിടിച്ച് കിടക്കുന്നു.ചെലവ് കഴിഞ്ഞ് മാസം 25000 രൂപ വരുമാനവുമുണ്ട്. അന്ന് നെല്ലായിരുന്നു പ്രധാന കൃഷി. ഒപ്പം പശുവളർത്തലും. വിദ്യാഭ്യാസവും കൃഷിയും ഒപ്പത്തിനൊപ്പം മുന്നേറി. എംകോം കഴിഞ്ഞ് 1996ലാണ് പൊലീസിൽ ചേർന്നത്. അപ്പോഴും കൃഷിയെ കൈവിട്ടില്ല. മൂന്നു വർഷമായി തിരുവനന്തപുരം കൺട്രോൾ റൂം ഗ്രേഡ് എസ്.ഐയാണ്. ഭാര്യ ബിന്ദു പാലോടിന് സമീപം പ്രൊവിഷണൽ സ്റ്റോർ നടത്തുകയാണ്. ഡിഗ്രി വിദ്യാർത്ഥിയായ ശ്രുതിയും പ്ലസ്ടു വിദ്യാർത്ഥിയായ സ്വാതിയുമാണ് മക്കൾ.
നാലു വർഷം കൂടി സർവീസുണ്ട്. വിരമിച്ചശേഷം മുഴുവൻ സമയ കർഷകനാവണം. നിലവിൽ കൃഷികാര്യങ്ങൾ നോക്കിനടത്താൻ ഒരാളുണ്ട്. കൃഷിയിടത്തിന് സമീപത്തായി പ്രായമായവർക്ക് ഒരു ഇടത്താവളം ഒരുക്കണമെന്നാണ് ആഗ്രഹം.
മീനോടും തോടുകൾ
കൃഷിയിടത്തിലെ പ്രധാന സവിശേഷത തോടുകളാണ്. ഇതിലാണ് മീൻ വളർത്തൽ. ആവോലിയും വരാലും (ബ്രാൽ) സുലഭം.ആവശ്യക്കാർക്ക് സ്വയം ചൂണ്ടയിട്ട് മീൻപിടിക്കാം.കൊണ്ടുപോകുംമുമ്പ് വില കൊടുക്കണമെന്നുമാത്രം.
ഒരു ഭാഗം പോത്തുകൾക്കും തീറ്റപ്പുല്ലിനുമാണ്. വിവിധ ഇനം വാഴകളും മരച്ചീനിയും മാത്രമല്ല, ഇടവിളയായി പച്ചക്കറി കൃഷിയുമുണ്ട്. ജൈവകൃഷിയായതിനാൽ വിളകൾ വാങ്ങാൻ ദൂരെനിന്നുപോലും ആൾക്കാരെത്തും.മൂന്ന് വർഷം കൊണ്ട് കായ്‌ക്കുന്ന 100 തെങ്ങിൻ തൈകൾ നട്ടുപിടിപ്പിക്കുന്നുണ്ട്.
കരിങ്കോഴിയും ഗിനികോഴിയും
ആട്, പശു,താറാവ് എന്നിവ മാത്രമല്ല, വിവിധ ഇനങ്ങളിലുള്ള കോഴികളുമുണ്ട്. കരിങ്കോഴി, അസീൽ, വൈറ്റ്ലഗോൺ, ബി.വി 3, മുള്ളൻ, ഗിനി കോഴികൾക്കൊപ്പം പോര് കോഴിയും. ആടുകളിൽ ജമ്‌നാപ്യാരി, സിലോമി, ബീറ്റൽ ഇനങ്ങൾക്കൊപ്പം നാടനുമുണ്ട്.