
തൃശൂർ: സി.പി.എം പ്രവർത്തകനായ ഐനസ് ആന്റണിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 10ാം പ്രതിയായ കല്ലൂർ പണിക്കാട്ടിൽ ബിനീഷ് എന്ന ഊർളി ബിജുവിനെ തൃശൂർ 3ാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് ഉഷാ നായർ ജീവപര്യന്തം കഠിനതടവിനും ഒന്നര ലക്ഷം രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചു. പിഴയടച്ചില്ലെങ്കിൽ 9 മാസം അധികം കഠിനതടവ് അനുഭവിക്കണം. 2003 ജനുവരി 29ാം തിയതി വൈകീട്ട് അഞ്ചോടെ പുതുക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പാലയ്ക്കാപറമ്പിൽ വെച്ചാണ് കേസിനാസ്പദമായ സംഭവം.
കല്ലൂർ പടിഞ്ഞാറെ പള്ളിയിൽ നടന്ന ഗാനമേളയോടനുബന്ധിച്ചുണ്ടായ തർക്കത്തെ തുടർന്ന് പ്രതികൾ മാരകായുധങ്ങളുമായി സംഘം ചേർന്ന് ബോംബെറിഞ്ഞ് പരിസരത്ത് സംഘർഷമുണ്ടാക്കി ഐനസ് ആന്റണിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബെന്നിയെ മാരകമായി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു എന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം. കേസിൽ ആകെ 13 പ്രതികളാണ് ഉണ്ടായിരുന്നത്. കേസിൽ മുമ്പ് വിചാരണ നടത്തി കൊലപാതകത്തിലും ഗൂഢാലോചനയിലും പ്രതികളായ 8 പ്രതികളെ ജീവപര്യന്തം കഠിനതടവിന് ശിക്ഷിച്ചിരുന്നു. പ്രൊസിക്യൂഷനായി ജില്ലാ പബ്ലിക്ക് പ്രോസിക്യൂട്ടർ കെ.ഡി. ബാബു ഹാജരായി.