
തൃശൂർ: ഗുരുവായൂർ മണ്ഡലം യുവമോർച്ച സെക്രട്ടറിയും പെരിയമ്പലം സ്വദേശിയുമായ മണികണ്ഠനെ (32) കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി എൻ.ഡി.എഫ് പ്രവർത്തകൻ കടിക്കാട് പനന്തറ വലിയകത്ത് ഖലീലിനെ (39) ജീവപര്യന്തം കഠിനതടവിനും ഒരു ലക്ഷം രൂപ പിഴയടക്കുന്നതിനും തൃശൂർ 4ാം അഡീഷണൽ സെഷൻസ് ജഡ്ജി എസ്. ഭാരതി വിധിച്ചു.
പിഴയടക്കാത്തപക്ഷം ആറ് മാസം അധികം കഠിനതടവ് അനുഭവിക്കേണ്ടി വരും. എൻ.ഡി.എഫ് പ്രവർത്തകരാണ് കേസിലെ പ്രതികൾ. കേസിലെ 2ാം പ്രതി ഇപ്പോഴും ഒളിവിലാണ്. 3 മുതൽ 9 വരെ പ്രതികളെ വെറുതെ വിട്ടു. പേരാമംഗലത്ത് നടന്ന ആർ.എസ്.എസ് ശിബിരത്തിലേക്ക് അതിക്രമിച്ചു കയറിയതിന് എൻ.ഡി.എഫ് പ്രവർത്തകനായ റജീബ്, ലിറാർ എന്നിവരെ ആർ.എസ്. എസ് പ്രവർത്തകർ മർദ്ദിച്ച വിരോധം നിമിത്തമാണ് മണികണ്ഠനെ കൊലപ്പെടുത്തിയത്. എൻ.ഡി. എഫ് പ്രവർത്തകരായ ഖലീലിന് പുറമെ കടപ്പുറം പുതിയങ്ങാടി ബുക്കാറയിൽ കീഴ്പാട്ട് വീട്ടിൽ നസറുള്ള തങ്ങൾ (40), പുന്നയൂർക്കുളം പെരിയമ്പലം പാട്ടത്തേയിൽ ഷമീർ (37), മലപ്പുറം കൽപകഞ്ചേരി തറമേൽ പുത്തൻപടിക്കൽ അബ്ദുൾ മജീദ് (46), മലപ്പുറം തിരുനാവായ ഖാദറങ്ങാടി പടിക്കപറമ്പിൽ ജാഫർ (42), ചാവക്കാട് തിരുവത്ര ചെമ്പൻവീട് റജീബ് (40), അണ്ടത്തോട് ബീച്ച് റോഡ് ബീരാന്റകത്ത് വീട്ടിൽ ലിറാർ (41), മലപ്പുറം പെരുമ്പടപ്പ് പുഴംകണ്ടത്ത് റഫീഖ് (43), പുന്നയൂർക്കുളം എരിഞ്ഞിക്കൽ വീട്ടിൽ മജീദ് (40) എന്നിവരാണ് കേസിലെ പ്രതികൾ. 2004 ജൂൺ 12നായിരുന്നു സംഭവം. പെരിയമ്പലം യത്തീംഖാന റോഡിന് സമീപം സുഹൃത്തുമായി സംസാരിച്ചു നിൽക്കവെ പ്രതികളായ ഖലീലും നസറുള്ളയും മോട്ടോർ സൈക്കിളിലെത്തി മണികണ്ഠനെ കത്തി കൊണ്ട് കുത്തിയും വാളു കൊണ്ട് വെട്ടിയും വീഴ്ത്തുകയായിരുന്നു.