
തിരുവനന്തപുരം:വട്ടിയൂർക്കാവിൽ സസ്പെൻസ് തീർന്നു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വീണ എസ്. നായരെ വട്ടിയൂർക്കാവ് തിരിച്ചു പിടിക്കാൻ കോൺഗ്രസ് നിയോഗിച്ചു.പി.സി.വിഷ്ണുനാഥ്,ജ്യോതി വിജയകുമാർ എന്നിവരുടെ പേരുകൾ ഉയർന്നെങ്കിലും ഒടുവിൽ വീണയെ തീരുമാനിക്കുകയായിരുന്നു. ഇതോടെ ശക്തമായ ത്രികോണ മത്സരത്തിന് വട്ടിയൂർക്കാവിൽ കളമൊരുങ്ങി.
ആദ്യം കെ.പി.സി.സിയുടെ സംഘടനാ ജനറൽ സെക്രട്ടറിയായിരുന്ന കെ.പി.അനിൽകുമാറിനെ മത്സരിപ്പിക്കാനായിരുന്നു നീക്കം. എന്നാൽ,അനിൽകുമാറിനെതിരെ വട്ടിയൂർക്കാവിലെ ചില കോൺഗ്രസ് നേതാക്കൾ പരസ്യമായി രംഗത്തുവന്നതോടെ തീരുമാനം മാറ്റി. പിന്നെ,വിഷ്ണുനാഥിന്റെ പേരായിരുന്നു പരിഗണനയിൽ ആദ്യം. എന്നാൽ വനിതകൾക്ക് അർഹമായ പ്രധാന്യം കിട്ടിയില്ലെന്നാരോപിച്ച് ലതികാ സുഭാഷ് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെ തുടർന്ന് സീറ്റ് വനിതയ്ക്കു തന്നെ നൽകാൻ തീരുമാനിച്ചു. അപ്പോഴും രാഹുൽഗാന്ധിയുടെ പ്രസംഗങ്ങളുടെ പരിഭാഷയിലൂടെ ശ്രദ്ധ നേടിയ ജ്യോതി വിജയകുമാറിന്റെ പേരായിരുന്നു ഉയർന്നത്. അവസാനവട്ട ചർച്ചകൾക്കൊടുവിൽ വീണയ്ക്കു നറുക്കു വീണു.
എൽ.ഡി.എഫ് സ്ഥാനാർത്ഥിയായ വി.കെ.പ്രശാന്തും എൻ.ഡി.എ സ്ഥാനാർത്ഥിയായ ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷും പ്രചാരണങ്ങളിൽ ഏറെ മുന്നോട്ടു പോയ ശേഷമാണ് വീണ എസ്.നായർ എത്തുന്നത്. എന്നാൽ കോൺഗ്രസിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തിൽ യുവത്വത്തിന്റെ കരുത്തുമായി മറ്റ് രണ്ടു പേർക്കും ഒപ്പം എത്താൻ കഴിയുമെന്നാണ് വീണയുടെ വിശ്വാസം.
മണ്ഡലത്തിലെ റോഡുകളുടെ നവീകരണമെല്ലാം പൂർത്തിയാക്കി വികസനം നടപ്പിലാക്കി ജനത്തിന് നൽകിയ ഉറപ്പ് പാലിച്ചതിന്റെ ധൈര്യത്തിലാണ് വി.കെ.പ്രശാന്ത് വീണ്ടും ജനവിധി തേടുന്നത്. പരമാവധി വോട്ടർമാരെ കണ്ട് വോട്ടഭ്യർത്ഥിച്ചുവരികയാണ് അദ്ദേഹം.റോഡ് ഷോ നടത്തിക്കൊണ്ടായിരുന്നു തുടക്കം. 2016 മുതൽ ബി.ജെ.പി വിജയ പ്രതീക്ഷ പുലർത്തുന്ന മണ്ഡലത്തിൽ വി.വി.രാജേഷും വോട്ടർമാരെ സമീപിച്ച് പ്രചാരണത്തിന് വേഗത കൂട്ടിയിട്ടുണ്ട്.
2016ൽ രണ്ടാം സ്ഥാനത്ത് എത്തിയ കുമ്മനം രാജശേഖരൻ നേടിയത് 43,700 വോട്ടായിരുന്നു. ഈ സംഖ്യയിൽ നിന്നും ഏറെ മുന്നോട്ടുപോകാനാണ് വി.വി.രാജേഷിന്റെ ലക്ഷ്യം.വരും ദിവസങ്ങളിൽ മൂന്നു മുന്നണികളിലെയും ദേശീയ,സംസ്ഥാന നേതാക്കൾ വട്ടിയൂർക്കാവിലെത്തും.